Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിതയില്‍ 'മൃതദേഹം' ചുമച്ചു, തീ കെടുത്തി; ഒടുവിൽ? 

dead-body-awakes-from-pyre

ഒരു നിമിഷത്തേക്ക് ഭയം എന്ന വികാരം തന്നെ മരവിച്ചുപോയിരുന്നു ആ സംസ്കാരചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്. കാരണം ചിതയില്‍ വച്ച് കത്തിച്ച മനുഷ്യനാണ് ആ എഴുന്നേറ്റിരിക്കുന്നത്. ഭോപ്പാലിലാണ് ഇൗ അസാധാരണ സംഭവം അരങ്ങേറിയത്. ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതി മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ചിതയില്‍ മൃതദേഹം വച്ച് കത്തിക്കുകയും ചെയ്തു. 

പുക പടര്‍ന്നതോടെ ചിതയില്‍ കിടന്ന മൃതദേഹം ചുമയ്ക്കാന്‍ തുടങ്ങി. ഇതുകണ്ട ബന്ധുക്കള്‍ ആദ്യം ഭയന്നെങ്കിലും വേഗം തീകെടുത്തി വിറകുമാറ്റി ആളെ പുറത്തെടുത്തു. പിന്നീട് ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ കുടിക്കാന്‍ വെള്ളം നല്‍കി. മതിയാവോളം വെള്ളം കുടിച്ച മനുഷ്യന്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീണ്ടും മരിച്ചു. മദ്ധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലെ ടില്ലു കോള്‍ എന്ന നാല്‍പത്തിയഞ്ച് വയസുകാരനാണ് ‘ഇരട്ടമരണം’ സംഭവിച്ചത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് എന്ന് വിളിക്കുന്ന ഇയാളുടെ മരണം നടന്നത്.  പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് രാജേഷിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ രീതിയിലുള്ള മദ്യപാനമാണ് രോഗകാരണമെന്ന്  ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നീട് രാവിലെ ആറ് മണിയോടെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും െചയ്തു. 11 മണിയോടെയാണ് ശ്മശാനത്തില്‍ എത്തിച്ച് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു.  

മന്ത്രവും മതപരമായ ചടങ്ങുകളും അവസാനിച്ച് മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തി. ചെറുതായി തീപടര്‍ന്നപ്പോള്‍ തന്നെ മൃതദേഹം ചുമയ്ക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ശരീരത്ത് വച്ചിരുന്ന വിറകുകമ്പുകളെല്ലാം എടുത്തുമാറ്റി തൊട്ടടുത്ത ബഞ്ചിലേക്ക് മാറ്റിക്കിടത്തുകയും വെള്ളം നല്‍കുകയും ചെയ്തു. വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. 

തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്‌സെര്‍വേഷന്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ 30 മിനിറ്റിന് ശേഷം ഡോക്ടര്‍മാര്‍ മരിച്ചെന്നു വ്യക്തമാക്കി. ഇനി അബദ്ധം പറ്റാതിരിക്കാന്‍ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് രണ്ടാംതവണ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam