ഡേവിഡ് ബെക്കാമിനു ശേഷം ഇംഗ്ലണ്ട് ഏറ്റവും അധികം ആഘോഷിക്കുന്ന ഫുട്ബോളറാണ് ഹാരി കെയ്ൻ. ആരാധകരെ നിരാശരാക്കാതെ ഇതിനകം ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടി നിലവിലെ ടോപ് സ്കോറര്‍ കൂടിയാണ് കെയ്ൻ. ഈ ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന രാജ്യമാണ് ഇംഗ്ലണ്ട്. എന്നാല്‍ ലോകകപ്പിനൊപ്പം തന്നെ മറ്റൊന്നിന് കൂടി കെയ്ൻ കാത്തിരിക്കുകയാണ്. തന്റെ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി.
ഹാരി കെയ്ന്റെ പ്രണയിനി കാറ്റി ഗുഡ് ലാന്‍ഡ് ഇപ്പോള്‍ ഏകദേശം ഒൻപത് മാസം ഗര്‍ഭിണിയാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് ഇംഗ്ലണ്ടില്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ബേബി ഷവര്‍ എന്ന ചടങ്ങ് കാറ്റി ഗുഡ് ലാന്‍ഡ് നടത്തിയിരുന്നു. ഇതോടെയാണ് കാറ്റി വൈകാതെ തന്നെ രണ്ടാമതും അമ്മയാകുമെന്ന് പുറം ലോകം അറിഞ്ഞതും. ഇംഗ്ലണ്ട് പനാമ മത്സരത്തിന്റെ ദിവസത്തിലായിരുന്നു ഈ ചടങ്ങ്. ഈ മത്സരത്തില്‍ കെയ്ൻ ഹാട്രിക് നേടിയിരുന്നു. ഒന്നര വയസ്സുള്ള ഐവി എന്ന പെണ്‍കുട്ടിയാണ് ഹാരിയുടെയും കാറ്റിയുടെയും ആദ്യത്തെ കുട്ടി.
പരസ്യമായി ഇതു വരെ പ്രതികരിച്ചില്ലെങ്കിലും തന്റെ രണ്ടാമത്തെ കുട്ടി ലോകകപ്പ് നേടുന്നതിന് തനിക്കുള്ള ഭാഗ്യവുമായി വരുമെന്നാണ് ഹാരി കെയ്ൻ വിശ്വസിക്കുന്നതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍ ലോകകപ്പ് തിരക്കിനിടയില്‍ കുട്ടിയുണ്ടായാലും കെയ്ൻ കാണാന്‍ പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഹാരി കെയ്ൻ മാത്രമല്ല ഇംഗ്ലണ്ട് ടീമില്‍ നിന്ന് ലോകകപ്പിനിടയില്‍ അച്ഛനാകാന്‍ കാത്തിരിക്കുന്നത്. ടീമംഗമായ ഫാബിയന്‍ ഡെല്‍ഫ് ഇതിനകം ഇംഗ്ലണ്ടിലേക്ക് റഷ്യയില്‍ നിന്ന് പോയിക്കഴിഞ്ഞു. ഭാര്യയായ നതാലിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്. പ്രസവത്തിന് ശേഷം ബെല്‍ജിയവുമായുള്ള അടുത്ത മത്സരത്തിന് മുന്‍പ് ഫാബിയന്‍ തിരിച്ചത്തുകയും ചെയ്യും. ഹാരിയെപ്പോലെ തന്നെ തന്റെ മൂന്നാമത്തെ കുട്ടിയുടെ ജനനം ഇംഗ്ലണ്ടിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ഫാബിയനും.