വെള്ളത്തിൽ വീണ കുഞ്ഞിനെ രക്ഷിച്ച ‘പൊന്മാൻ’; വിഡിയോ

ചിത്രം:ജെ. ഷിക്കു

പതിവു ഞായറാഴ്ചപ്പകലിന്റെ ആലസ്യമില്ലായിരുന്നു അന്നു കുമരകം മുത്തേരി മടയ്ക്ക്. നെഹ്റു ട്രോഫിയുടെ പരിശീലനത്തുഴച്ചിലിന്റെ ആവേശം വെള്ളത്തിലും കരയിലും ഓളങ്ങൾ തീർക്കുന്നു. വേമ്പനാട് ബോട്ട് ക്ലബിന്റെ കുമരകം ദേവാസ് ചുണ്ടൻ ആവേശത്തിന്റെ വെള്ളപ്പരപ്പിലൂടെ പായുകയാണ്. അതു കാണാൻ കരയിലും ചെറുവള്ളങ്ങളിൽ വെള്ളത്തിലുമായി നൂറുകണക്കിനു കാഴ്ചക്കാർ. പെട്ടെന്നാണ് ചുണ്ടൻ ഒരു ചെറുവള്ളത്തിലിടിച്ചത്. വള്ളം മറിഞ്ഞു. അതിലുണ്ടായിരുന്ന കുടുംബത്തിലെ ആറുവയസ്സുകാരൻ വെള്ളത്തിലേക്കു മറിഞ്ഞ് ചുണ്ടന്റെ അടിയിലായി. കണ്ടുനിന്നവരുടെ അലറിവിളികൾക്കിടയിൽ ചുണ്ടനിൽനിന്ന് ഒരു പൊന്മാൻ വെള്ളത്തിലേക്കു കുതിച്ചിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞുമായി തിരിച്ചുപൊങ്ങി. കരയും വെള്ളവും ആശ്വാസത്തിന്റെ ദീർഘനിശ്വാസം വിട്ടു. 

ആ പൊന്മാനാണ് കൊച്ചുമോൻ. ശരിയായ പേര് പ്രവീൺ കുമാർ. കുഞ്ഞിനെ രക്ഷിച്ച പ്രവീണിപ്പോൾ ശരിക്കും പൊന്നാണെന്ന് നാട്ടുകാർ. ‘കൊച്ചിന്റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. അല്ലാതെ നമ്മുടെ കഴിവൊന്നുമല്ല. വള്ളത്തിൽ ഇടതു സൈഡിൽ പന്ത്രണ്ടാമതാണ് ഞാൻ ഇരുന്നത്. അപകടം കണ്ടതും ഞാൻ വെള്ളത്തിൽ ചാടുകയായിരുന്നു. എല്ലാറ്റിലും ഉപരി ആ കുഞ്ഞിന്റെയും അമ്മയുടെയും ഭാഗ്യം." - പ്രവീണിന്റെ വാക്കുകളിൽ വിനയം.

കൊച്ചുമോന്റെ താടി ശപഥം

മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിൽ ചെയ്യുന്നൊരു ശപഥമുണ്ട്. അടിച്ചവനെ തിരിച്ചടിച്ചിട്ടേ ചെരുപ്പിടുകയുള്ളുവെന്ന്! അതുപോലെ തന്നെ ഒരു ശപഥം പ്രവീണിനുമുണ്ട്- നെഹ്റുട്രോഫിയിൽ തന്റെ ചുണ്ടൻ വള്ളത്തിനു കപ്പു വാങ്ങിക്കൊടുത്തിട്ടേ താടി എടുക്കുകയുള്ളു! മൂന്നു വർഷമായി ആ താടി ഇങ്ങനെ നീണ്ടു കൊണ്ടിരിക്കുകയാണ്. താടി നീണ്ടതു കാരണം കൊച്ചുമോനെന്ന പ്രവീണിനെ ഇപ്പോൾ നാട്ടുകാർ സ്വാമിയെന്നും വിളിക്കുന്നുണ്ട്.

‘ആശാൻമാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ക്ഷത്രിയനു യുദ്ധം പോലെയാണ് തുഴച്ചിൽക്കാരനു തുഴച്ചിലും. വാക്കു പറഞ്ഞാൽ മാറ്റമില്ല.’ -  താടിശപഥത്തെപ്പറ്റി പ്രവീണിന്റെ ഉറച്ച നിലപാട്.

ആറാംതവണയാണ് പ്രവീൺ നെഹ്റ്രുട്രോഫിക്ക് ഇറങ്ങുന്നത്. രണ്ടു തവണ കപ്പ് അടിച്ചിട്ടുണ്ട്.  2014 ൽ ഹാട്രിക് പോയപ്പോഴാണ്, ഇനി കപ്പടിച്ചിട്ടേ താടി എടുക്കൂ എന്നു തീരുമാനിച്ചത്. അങ്ങനെ 2015 മുതൽ ആ താടി നീണ്ടുതുടങ്ങി! ആലപ്പുഴ പുന്നമട നെഹ്റുട്രോഫി വാർഡിലാണ് വീട്. ആലപ്പുഴയിൽത്തന്നെ ബോട്ടിൽ സ്രാങ്കാണ് പ്രവീൺ. ഇതിന് മുൻപും ബോട്ടിൽ പോകുമ്പോൾ വെള്ളത്തിൽ വീണ് അപകടത്തിൽ പെട്ടവരെ നാലഞ്ചു തവണ രക്ഷിച്ചിട്ടുണ്ട്. 

വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ പ്രവീൺ തുഴയാനിറങ്ങുന്നത്. കപ്പ് എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. ഇത്തവണ കപ്പടിച്ച് താടി വടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവീൺ. പൊന്മാൻ ഇത്തവണ വെള്ളത്തിനു മുകളിലും ചിറകുവിരിക്കുമോ? തമ്പുരാൻ കടാക്ഷിക്കട്ടെ !