രണ്ടുപേര്‍ തമ്മിലുള്ള ദാമ്പത്യ ജീവിതമോ പ്രണയ ബന്ധമോ പ്രാരംഭ ഘട്ടത്തിൽ വളരെ രസകരമായിരിക്കും. പലരും ആ ദിനങ്ങളെക്കുറിച്ചും അവയുടെ മനോഹാരിതയെക്കുറിച്ചും വാചാലരാകുന്നതു കാണാം. വര്‍ത്തമാനകാല ദാമ്പത്യത്തിലെ പ്രശ്നങ്ങളായിരിക്കും പലരും ഇങ്ങനെ ചിന്തിക്കാന്‍ കാരണമാവുക. കൂടുതൽ അടുക്കുമ്പോൾ ആദ്യമുണ്ടാകുന്ന ആകാംക്ഷ/കാല്പനിക നഷ്ടപ്പെടുന്നു. ചില കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുകയും വഴക്കുകളിലെത്തുകയും ചെയ്യും. തുടക്കകാലത്തെ മൃദുസമീപനം പിന്നീട് ഉണ്ടാകണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജീവിതം പൂർണമായും തകരുന്ന അസ്വാരസ്യങ്ങളെ ഒഴിവാക്കാം. ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമുള്ള സുന്ദരവും സുഖകരവുമായ ജീവിതം മുന്നോട്ടു നയിക്കാം.
വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം
ആരും പരിപൂര്‍ണ്ണരല്ല എന്നതിനാൽ ആരും വിമര്‍ശനത്തിനും അതീതരുമല്ല. തെറ്റ് ചൂണ്ടിക്കാണിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഒരാള്‍ തന്റെ പങ്കാളിക്ക് അനുവദിച്ചു നല്‍കേണ്ട ആദ്യത്തെ കാര്യം. ഈ സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ പരസ്പരമുള്ള വിശ്വാസം അനിവാര്യതയാണ്. പരസ്പരമുള്ള വിശ്വാസത്തിലൂടെ മാത്രമെ ഒരാള്‍ തെറ്റ് ചൂണ്ടിക്കാണിക്കുന്നതു തന്‍റെ നല്ലതിനു വേണ്ടിയാണെന്നു മറ്റൊരാള്‍ക്ക് അംഗീകരിക്കാനാകൂ. നിങ്ങളുടെ ഒരു പ്രവൃത്തിയെ പങ്കാളി എതിര്‍ക്കുകയാണെങ്കിൽ അവരുടെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിനു പകരം കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുക. ആ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുക. നിങ്ങൾക്ക് അതു ശരിയായി തോന്നുന്നത് എന്തുകൊണ്ടാണെന്നു പറയുക. തെറ്റുണ്ടെങ്കില്‍ അംഗീകരിക്കുക.
പരസ്പരം വിശ്വസിച്ചും മനസ്സിലാക്കിയും ജീവിക്കുന്ന ദമ്പതിമാര്‍ക്കിടയിലെ ഈ അംഗീകരിക്കല്‍ സാധ്യമാകൂ. അല്ലാത്തവരുടെ പരസ്പരം ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് തര്‍ക്കത്തില്‍ അവസാനിക്കും. ആദ്യം ചെയ്യേണ്ടതു ബന്ധങ്ങളിൽ പരസ്പര വിശ്വാസവും ആത്മാർഥതയും ഉണ്ടാക്കി എടുക്കുക എന്നതാണ്.
ആദ്യം സമാധാനിപ്പിക്കുക, കാരണം പിന്നെ
പ്രശ്നത്തിലകപ്പെടുന്ന പങ്കാളിയെ എങ്ങനെ സമീപക്കണം എന്നതു വളരെ നിര്‍ണായകമാണ്. ആദ്യമേ ആ പ്രശ്നത്തിന്‍റെ കാരണം കണ്ടെത്താനാണു നമ്മൾ ശ്രമിക്കുക. എന്നാല്‍ പ്രശ്നത്തിലകപ്പെട്ടവര്‍ക്ക് ആഘാതം മാറും വരെ നമ്മള്‍ കൂടെയുണ്ട് എന്ന തോന്നലാണ് ആവശ്യം. അതുകൊണ്ട് ഒരു പ്രശ്നമുണ്ടായാല്‍ പങ്കാളിയെ ആദ്യം സമാധാനിപ്പിക്കുക. അവര്‍ക്കു സമയം നല്‍കിയ ശേഷം എന്താണു പ്രശ്നത്തിനു കാരണമായതെന്ന് അന്വേഷിക്കാം.
കാര്യങ്ങള്‍ അന്വേഷിക്കുമ്പോൾ അവരെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. എന്തിന് അങ്ങനെ ചെയ്തു എന്നതിനു പകരം എങ്ങനെയാണ് ഇതു സംഭവിച്ചതെന്ന ചോദ്യം വലിയ വ്യത്യാസം ഉണ്ടാക്കും. രണ്ടാമത്തെ ചോദ്യത്തില്‍ അവരെ ആ പ്രശ്നത്തിന്റെ ഉത്തരവാദിയാക്കുന്നതിനു പകരം അതിന്റെ സാഹചര്യത്തെയാണു വിലയിരുത്താൻ ശ്രമക്കുന്നത്. നേരിട്ടുള്ള കുറ്റപ്പെടുത്തലുകള്‍ ആർക്കും സഹിക്കാനാവുന്നതല്ല. രണ്ടാമത്തെ രീതിയിലുള്ള ചോദ്യത്തിൽ അങ്ങനെ ഒന്നില്ല.
കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്നം അവതരിപ്പിക്കാം
തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ആളുകള്‍ ചുരുക്കമല്ല. ദമ്പതിമാര്‍ക്കിടയിലും ഇത്തരത്തിലുള്ള നിരവധി പേരെ കാണാന്‍ കഴിയും. സ്വാഭാവികമായും ഒരിക്കല്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികം. എന്നാൽ ഈ ദേഷ്യം അവരുടെ നേരെ പ്രകടിപ്പിച്ചാൽ പ്രശ്നം വഷളാവുകയോ ഉള്ളൂ. അതുകൊണ്ട് ദേഷ്യം പ്രകടിപ്പിക്കുന്നതിനു പകരം നിങ്ങളുടെ മാനസികാവസ്ഥ വിശദമാക്കുക. ഉദാഹരണത്തിന് കഴിച്ച പാത്രം കഴുകണമെന്ന് ഒരാളോടു പല തവണ ആവശ്യപ്പെട്ടിട്ടും ചെയ്യുന്നില്ലെങ്കില്‍, ഇക്കാര്യം ആവര്‍ത്തിക്കേണ്ടി വരുമ്പോൾ നിങ്ങളിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ വിവരിക്കുക. ഇങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ദേഷ്യം കൊണ്ട് ഉറക്കെ അലറി വിളിക്കുന്നതിലും പല മടങ്ങ് ഗുണം ചെയ്യും.
ഭരിക്കാന്‍ നില്‍ക്കണ്ട
ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചവരാണെങ്കിലും ദമ്പതിമാര്‍ രണ്ട് മനുഷ്യര്‍ തന്നെയാണ്. സ്വന്തമായി ചിന്താശക്തിയും, തീരുമാനങ്ങളും ഉള്ള വ്യക്തികള്‍. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് രണ്ട് പേര്‍ക്കും ഗുണം ചെയ്യില്ല. ഒരാളെ നിയന്ത്രിക്കാനും അവരോട് ആജ്ഞാപിക്കാനും തുടങ്ങിയാല്‍ രണ്ടുപേര്‍ തമ്മിലുള്ള ബന്ധം ആരോഗ്യകരമായി മുന്നോട്ട് പോകില്ല.
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമോ അല്ലെങ്കില്‍ അവരെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു പങ്കാളി ചെയ്യുന്നതെന്നു തോന്നിയാൽ നിര്‍ബന്ധമായി തടയുന്നതിനു പകരം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. ആ പ്രവര്‍ത്തിക്കു മറ്റു ബദലുകളുണ്ടോ എന്നും പരിശോധിക്കാം. അവരെ ഭരിക്കാനോ ബലം പ്രയോഗിച്ചു കാര്യങ്ങൾ ചെയ്യാനോ നിർബന്ധിക്കരുത് ഒരിക്കലും.
വഴക്കുകളുണ്ടായാല്‍ മറികടക്കുക
ദമ്പതിമാര്‍ക്കിടയിലുണ്ടാകുന്ന കലഹങ്ങള്‍ വളരെ നിര്‍ണായകമാണ്. ദാമ്പത്ത്യത്തിലുണ്ടാകുന്ന വലിയ ഒരു കലഹം മതി പിന്നീടുള്ള ജീവിതത്തെ തകിടം മറിക്കാൻ. ആ കലഹം സൃഷ്ടിക്കുന്ന മുറിവുകള്‍ എങ്ങനെ മറികടക്കണമെന്നു പോലും അറിയാത്തവരാണ് പലരും. വഴക്കിടുമ്പോൾ പ്രവഹിക്കുന്ന പല വാക്കുകളും പ്രവൃത്തികളും പിന്നീടുള്ള കാലം ഒരു കരടായി അവശേഷിക്കും.
എന്നാല്‍ കടുത്ത വഴക്കുകള്‍ക്കുശേഷം അവയെ മറികടക്കാന്‍ മനസ്സിനെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ മനശാസ്ത്രജ്ഞർ പങ്കുെവച്ചിട്ടുണ്ട്. ശരീരം ഉപയോഗിച്ചു മനസ്സിനെ സമാധാനത്തിലേക്കു നയിക്കുന്നതാണ് ഇതില്‍ ഏറ്റവും ഫലപ്രദം.
അത്തരമൊരു വഴക്കുണ്ടായി അവസാനഘട്ടത്തിലെത്തി ഇരുവരും സംസാരിച്ചു തീര്‍ന്നശേഷം ഒന്നു പുറത്തിറങ്ങി നടക്കാം. അല്ലെങ്കില്‍ വാഹനത്തിൽ ഒരു ചെറിയ യാത്ര നടത്തുക. ഇങ്ങനെ പോയി വരുന്നത് മനസ്സിന്‍റെ ആയാസം കാഴ്ചകളിലൂടെ ലഘൂകരിക്കാന്‍ സഹായിക്കും. മാത്രമല്ല വഴക്കു നടന്ന പ്രദേശത്തു നിന്നു മാറി നില്‍ക്കുന്നത് നിങ്ങളുടെ ചിന്തകള്‍ക്കു വ്യക്തത നല്‍കും. തെറ്റുകള്‍ നിങ്ങളുടെ ഭാഗത്താണെങ്കില്‍ തിരിച്ചറിയാനും അതല്ല പങ്കാളിയുടെ ഭാഗത്താണെങ്കില്‍ അതിന്റെ കാരണം മനസ്സിലാക്കാനും ഇങ്ങനെ മാറി നിൽക്കുന്നതിലൂടെ സാധിക്കും.