കുടുംബത്തെ രക്ഷിച്ചവർക്കു നന്ദി പറഞ്ഞ് യുവതി ലൈവിൽ. ഡോക്ടർ നീതു കൃഷ്ണനാണ് സമൂഹ മാധ്യമത്തിലൂടെ തന്റെ കുടുംബത്തെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞു രംഗത്തെത്തിയത്. പത്തനംതിട്ട ആറന്മുള കോഴിപ്പാലം ഭാഗത്ത് കുടുംബം ഒറ്റപ്പെട്ടുപോയിരിക്കുകയാണന്നും അവരെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നീതു കൃഷ്ണ ഇന്നലെ ലൈവിലെത്തിയിരുന്നു. അവരെല്ലാം സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനത്തനത്തിനു സഹായിച്ചവരോട് നന്ദിയുണ്ടെന്നും സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്ത പുതിയ വിഡിയോയിലൂടെ നീതു അറയിച്ചു.
തന്റെ ഏഴു വയസ്സുകാരി മകളും പ്രായമായ അമ്മൂമ്മയും അമ്മയും സഹോദരിയും സഹോദരി ഭർത്താവുമുൾപ്പെടുന്ന കുടുംബം അവിടെ കുടുങ്ങിയിരിക്കുകയാണന്നും അവരെ രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നീതു പൊട്ടികരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫോൺ ബന്ധം നഷ്ടമായെന്നും ഇവർക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും നീതു വിഡിയോയിൽ പറഞ്ഞിരുന്നു. തുടർന്നുണ്ടായ ആശങ്കകൾക്ക് അവസാനിപ്പിച്ചുകൊണ്ടാണ് നീതു സന്തോഷ വാർത്ത പങ്കുവെച്ചത്.
പമ്പയാര്‍ കരകവിഞ്ഞതോടെ പത്തനംതിട്ടയുടെ പലമേഖലകളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പമ്പയുടെ തീരത്തെ വീടുകളിൽ കുടുംബങ്ങൾ കുടുങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയില്‍ സൈന്യം ബോട്ടിലെത്തിയാണ് ജനങ്ങളെ രക്ഷിക്കുന്നത്. ഇനിയും ഒട്ടേറെപ്പേര്‍ റാന്നിയിലും മറ്റുമായി കുടുങ്ങിക്കിടപ്പുണ്ട്. എല്ലായിടത്തും വൈദ്യുതിബന്ധം വിചേഛദിച്ചതും ജനങ്ങളെ ദുരിത്തിലാഴ്ത്തി.