Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല കയറാൻ തയാർ, പിസി തടയാതെ മുഖ്യൻ നോക്കണം

sabarimala

ശബരിമല ക്ഷേത്രത്തിലെത്താൻ ആഗ്രഹമുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി വിജയനുള്ള കത്ത് രൂപത്തിലാണ് സമൂഹമാധ്യമത്തിലൂടെ യുവതി ആവശ്യമുന്നയിച്ചിരിക്കുന്നത്. ഡൽഹിയിൽ മാധ്യമപ്രവർത്തകയായി ജോലി നോക്കുന്ന ജമ്മു കശ്മീർ സ്വദേശിനി ശിവാനി സ്പോലിയാണ് മല കയറാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സുപ്രീംകോടതി വിധിയ്ക്കൊപ്പം നിന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്ന കുറിപ്പിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ഇൗ തീരുമാനം സഹായമാകുമെന്നു പ്രതീക്ഷിക്കുന്നതായി പറയുന്നു. 

ശബരിമല കയറാൻ മടിക്കുന്ന സ്ത്രീകൾക്കു മുൻഗാമിയാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്ന് ശിവാനി വ്യക്തമാക്കുന്നു. പൂഞ്ഞാറിലൂടെ ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയുമെന്ന് എംഎൽഎ പി.സി ജോർജ് നിലപാടെടുത്തിരിക്കുന്നതിനാൽ തനിക്കും മറ്റു സ്ത്രീകൾക്കും സംരക്ഷണമൊരുക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ  പരിഭാഷ:

ബഹുമാനപ്പെട്ട പിണറായി വിജയൻ സർ,

‘ഞാൻ ശിവാനി സ്പോലിയ. ജമ്മു കശ്മീർ ആണ് സ്വദേശം. മാധ്യമപ്രവർത്തകയായി ഡൽഹിയിൽ ജോലി നോക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്കു പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്കൊപ്പം നിൽക്കുന്ന താങ്കൾ അഭിനന്ദനമർഹിക്കുന്നു. ആചാരങ്ങളുടെ പേരിൽ കാലാകാലങ്ങളായി സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങൾക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു.

സുപ്രീംകോടി വിധി കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചു മാധ്യമങ്ങളിൽനിന്ന് അറിയുന്നുണ്ട്. ശബരിമല ക്ഷേത്രത്തിൽ പോകണമെന്നു ഞാൻ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തിൽ‌ സ്ത്രീകൾക്ക് എന്റെ പിന്തുണ അറിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് മുൻ​ഗാമിയാകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സർക്കാരിനൊപ്പമാണ് ഞാനും.

പൂഞ്ഞാർ എംഎൽഎ  പി.സി. ജോർജിനെപ്പോലെ ചിലർ സുപ്രീം കോടതി വിധിയ്ക്കെതിരാണ് എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്കു യുവതികളെ കടത്തിവിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നറിയാൻ കഴിഞ്ഞു. അതുകൊണ്ട് ശബരിമല കയറാൻ എത്തുമ്പോൾ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാൻ‌ അഭ്യർഥിക്കുന്നു. എനിക്കു മാത്രമല്ല അവിടെ എത്താൻ ആ​ഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്.’