കേരളത്തിൽ കനത്തമഴ തുടരുകയാണ്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയുമാണ്. അണക്കെട്ടുകൾ തുറന്നതിനാലും മഴ തുടരുന്നതിനാലും കൂടുതൽ പ്രദേശങ്ങൾ പ്രളയബാധയുടെ നടുവിലാകാൻ സാധ്യതയതുണ്ട്.
ഇൗ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ വിശദമാക്കി മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം;
പെരുമഴക്കാലം, നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.
കേരളത്തിൽ ഇപ്പോഴത്തെ തലമുറ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഴക്കാലമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പടെയുള്ള 33 അണക്കെട്ടുകൾ തുറന്നിരിക്കുന്നു. തിരുവനന്തപുരം മുതൽ വയനാട് വരെ വെള്ളപ്പൊക്കത്തിന്റെയും ഉരുൾ പൊട്ടലിന്റെയും വാർത്തകൾ വരുന്നു. ഏറെ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം താറുമാറായിരിക്കുന്നു, പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാംപിൽ ആണ്, അതിലേറെ പേർ ഇപ്പോൾ വീട്ടിൽ വെള്ളം കയറുമോ എന്ന് പേടിച്ചിരിക്കുന്നു. നാം എന്താണ് ചെയ്യേണ്ടത് ?
1. പേടിക്കാതിരിക്കുക. ഇതുപോലെയുള്ള പ്രശ്നങ്ങളുടെ നടുക്ക് പെടുമ്പോൾ നമുക്ക് പെർസ്‌പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്നമാണിത്, ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിൻറെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാൾ വളരെ ചെറുതാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങൾ ഒഴിച്ചാൽ എല്ലായിടവും തന്നെ മഴ മാറിയാൽ രണ്ടുമണിക്കൂർ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകൾ തുറന്നതും കടലിലെ വേലിയേറ്റവും ഇതൊരല്പം കൂട്ടി എന്നു വരാം. പക്ഷെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തിൽ ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങൾക്കും ഉണ്ട്. അതിനാൽ നമ്മൾ പേടിക്കേണ്ട ഒരു കാര്യവുമില്ല.
2. ആശങ്ക വേണം: അതേ സമയം നമ്മുടെ ചുറ്റുവട്ടത്ത് എന്താണ് നടക്കുന്നത് എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ വീടുകൾ വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലം ആണോ, അല്ലെങ്കിൽ വെള്ളക്കെട്ടുണ്ടായി പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥലമാണോ, വീട്ടിലെ ഭക്ഷണം, ഗ്യാസ് നില, മരുന്നുകൾ, അത്യാവശ്യം പണം, വീട്ടിൽ വെള്ളം വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ വെള്ളം വരുന്നതിന് മുൻപ് എന്ത് തയ്യാറെടുപ്പുകൾ നടത്തണം?, മാറിപ്പോകേണ്ടി വരികയാണെങ്കിൽ ഏത് ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോകേണ്ടത് ?, സർക്കാരിന്റെ, സർക്കാരിതര സംഘടനകളുടെ സംവിധാനങ്ങൾ എന്താണ്. ഇക്കാര്യങ്ങൾ വീട്ടിൽ എല്ലാവരും ഇരുന്ന് ചർച്ച ചെയ്യണം.
3. ഒഴിവാക്കാവുന്ന യാത്രകൾ ഒഴിവാക്കണം. മഴ നിന്ന് വെള്ളം ഇറങ്ങി തുടങ്ങുന്നത് വരെ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ഇത് വീടിനടുത്തുള്ള കടയിൽ പോകുന്നതാണെങ്കിലും ദൂരത്തേക്കുള്ള യാത്രയാണെങ്കിലും. വൈദുത കമ്പികൾ പൊട്ടിക്കിടക്കുന്നത് മുതൽ റോഡുകളിൽ വെള്ളം കയറിയോ മണ്ണിടിഞ്ഞോ ബ്ലോക്ക് ആവുന്നത് വരെയുള്ള ഏറെ പ്രശ്നങ്ങൾ ഉണ്ടാകാം. എന്തിനാണ് അനാവശ്യമായ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ?
4. കരുത്തില്ലാത്തവരെ കരുതുക: ഏത് ദുരന്തത്തിലും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ചിലർ ഉണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ ഉളളവർ, പ്രായമായവർ, മറുനാട്ടുകാർ, ടൂറിസ്റ്റുകൾ എന്നിങ്ങനെ. നിങ്ങളുടെ വീട്ടിലോ ചുറ്റുവട്ടത്തോ ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവരോട് ഇപ്പോഴേ സംസാരിക്കണം, അവർക്ക് ധൈര്യം കൊടുക്കണം, പ്രശ്നം വഷളായാൽ എങ്ങനെ അവരെ സംരക്ഷിക്കുമെന്ന് ചിന്തിക്കണം, പറഞ്ഞു മനസ്സിലാക്കണം.
5. കുഴപ്പം വിളിച്ചു വരുത്തരുത്. വെള്ളപ്പൊക്ക സമയത്ത് ആളുകൾ അരവെള്ളത്തിൽ വണ്ടിയോടിക്കുന്നതും, റോഡിൽ നീന്തിനടക്കുന്നതും കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തിൽ നിങ്ങൾക്ക് അടി തെറ്റാം, മുങ്ങി മരിക്കാൻ മൂക്കിന് മുകളിൽ വെള്ളം മതി, റോഡിൽ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാൻ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയിൽ നിന്നും അറവു ശാലകളിൽ നിന്നും മാലിന്യക്കൂമ്പാരത്തിൽ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. അസുഖങ്ങൾ ചോദിച്ച് വാങ്ങരുത്.
6. വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമമുള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പിവെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാൻ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പിവെള്ളം ആണെങ്കിൽ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളിൽ പ്രത്യേകിച്ചും. ടോയ്‌ലറ്റിൽ പോയാൽ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകൾ വെള്ളം മൂലമുള്ള രോഗങ്ങൾ പകരാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ്.
7. മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയിൽ ആരോഗ്യപ്രശ്നം ഒന്നുമില്ലാത്തവർ പനി വന്നാൽ ഉടൻ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ മാത്രം ആശുപത്രിയിൽ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയിൽ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.
8. വിദേശത്തേക്ക് യാത്ര ഉള്ളവർ അത് മാറ്റിവക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടിൽ വെള്ളം കയറിയിരിക്കുകയോ മറ്റ് ഒഴിവാക്കാനാകാത്ത സാഹചര്യമോ ഇല്ലെങ്കിൽ യാത്രകൾ ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അതും മാറ്റിവക്കേണ്ട കാര്യമില്ല. കൊച്ചിയിൽ വിമാനത്താവളം അടച്ചതിനാൽ ഒരു ലോഡ് ആളുകൾ തിരുവനന്തപുരത്തേക്ക് സ്വീകരിക്കാൻ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
9. സമാനതകൾ ഇല്ലാത്ത ദുരന്തമാണ്. അതുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഇതിനെ കൈകാര്യം ചെയ്യാൻ പറ്റില്ല. നമ്മൾ മൊത്തമായി രംഗത്തിറങ്ങണം. കേരളത്തിൽ റെസിഡന്റ് അസോസിയേഷൻറെ ഭാഗമായി ഓരോ ദുരന്ത നിവാരണ ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം അവിടെ എല്ലാവരും എല്ലാവരെയും അറിയുമല്ലോ. നിങ്ങളുടെ അസോസിയേഷനിൽ ഇങ്ങനെ ഒരു ഗ്രൂപ്പ് ഇതുവരെ ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കണം. ഇതുപോലെ തന്നെ നിങ്ങൾ മറ്റെന്തെങ്കിലും കൂട്ടായ്മയിൽ ഉണ്ടെങ്കിൽ (ലൈബ്രറി, ക്ലബ്, വാട്ട്സ്ആപ്പ് ഗ്രൂപ്പ്, പള്ളി, അമ്പലം, മോസ്‌ക്ക്, കുടുംബശ്രീ), അവർക്ക് എല്ലാവര്ക്കും ഇത്തരം ഗ്രൂപ്പ് ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെയാണ് ഗ്രൂപ്പുകൾ ചെയ്യേണ്ടതെന്ന് ഒരു പോസ്റ്റ് ഉടൻ ഇടാം. പക്ഷെ ഏത് ഗ്രൂപ്പിലാണ് നിങ്ങൾക്ക് ചേരാൻ കഴിയുക എന്ന് ഇപ്പോഴേ ചിന്തിക്കുക. കേരളത്തിലെ പെൺകുട്ടികൾ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. ദുരന്ത നിവാരണത്തിൽ നിങ്ങൾക്കും ഏറെ ചെയ്യാൻ പറ്റും, പേടിച്ചിട്ടോ, പരിചയം ഇല്ലാത്തതുകൊണ്ടോ മാറി നിൽക്കരുത്. ഇന്ന് തന്നെ ഏതെങ്കിലും ഗ്രൂപ്പിൽ ചേരുന്നതിനെ പറ്റി ചിന്തിക്കുക, അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെങ്കിൽ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുക.
10. വാർത്തകളുടെ വിശകലനം. നമ്മുടെ മാധ്യമങ്ങൾ മുഴുവൻ സമയം ദുരന്തവാർത്തകൾ കാണിക്കുകയാണ്. പക്ഷെ അത് മുഴുവൻ നിങ്ങൾ കാണണം എന്നില്ല. സംഭവിക്കുന്നതിൽ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ എടുത്ത് കാണിക്കുന്നത്. അപ്പോൾ അത് മാത്രം കണ്ടുകൊണ്ടിരുന്നാൽ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ അല്ല എന്നുമൊക്കെ നിങ്ങൾക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തൽക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തിൽ ആണോ എന്നുള്ളതാണ് നിങ്ങൾക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന വാട്ടസ്ആപ്പ് മെസേജുകൾ നിങ്ങൾക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റർ അടുത്തെത്തി, കോളജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യുകയും അരുത്.
11. സർക്കാർ തീരുമാനങ്ങൾ അനുസരിക്കണം: അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സർക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്നം നേരിട്ട് പരിചയം ഇല്ല. കൂടുതൽ കുഴപ്പം ഒഴിവാക്കാൻ അല്പം കൂടുതൽ കരുതലോടെ ആയിരിക്കും അവർ നിർദേശങ്ങൾ തരുന്നത്. അത് കൊണ്ട് വീട്ടിൽ നിന്ന് മാറി താമസിക്കണം എന്നൊക്കെ സർക്കാർ നിർദ്ദേശം വന്നാൽ അത് അനുസരിക്കണം. ആളുകൾ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ ഒരു സർക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാൻ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങൾക്ക് എടുക്കുകയും ചെയ്യാം. കളക്ടർ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് കുട്ടിയെ സ്ക്കൂളിൽ വിടാതിരിക്കാം. നിങ്ങൾ ഒരു അത്യാവശ്യ സർവീസ് ജീവനക്കാരൻ അല്ലെങ്കിൽ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു തെറ്റുമില്ല.
12. അപമാനകരമായ കാര്യങ്ങൾ ചെയ്യരുത്. ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോൾ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയിൽ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെർ ദൂരം കടത്തി വിടാൻ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാർ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തുമ്പോൾ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാർ വിട്ടുപോയ വീടുകളിൽ കവർച്ച, ദുരിതാശ്വാസ കമ്പുകളിൽ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളിൽ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവർത്തി, ദുരിതത്തിൽ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേർതിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലാം സംസ്കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനിൽ ഭൂകമ്പം ഉണ്ടായി ട്രെയിനുകൾ നിർത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകൾ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കൾ ആർക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാൻ അവസരം നൽകിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകൾ.
ദുരന്ത നിവാരണ ഗ്രൂപ്പുകൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉള്ള ചില നിർദ്ദേശങ്ങൾ ഇനി എഴുതാം.
മുരളി തുമ്മാരുകുടി
(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)