Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം ‘തിരികെ നൽകി’ ഹനാൻ

hanan

കേരളം പ്രളയക്കെടുതിയിൽ  വലയുമ്പോൾ സഹായഹസ്തം നീട്ടി ഹനാനും. തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടിൽ സഹായമായി എത്തിയ ഒന്നരലക്ഷം രൂപയാണ് ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്നേഹത്തോടെ അവർ എനിക്ക് തന്ന പണം തിരികെ നൽകുകയാണെന്ന് ഹനാൻ പ്രതികരിച്ചു. കോതമംഗലത്ത് ഹനാൻ ചികിൽസയിൽ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. പണം ഇന്നു തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാൻ കൂട്ടിച്ചേർത്തു. 

കോളജ് യൂണിഫോമിൽ തമ്മനം ജംഗ്ഷനിൽ മീൻകച്ചവടം നടത്തുന്ന ഹനാന്റെ ജീവിത പോരാട്ടം ഏറെ പ്രാധാന്യത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. പിന്നീട് ഹനാനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. ദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായവുമായെത്തിയ ഹനാന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ചരിത്രത്തിലെ ​ഏറ്റവും വലിയ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.