Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജീവന് വേണ്ടിയുള്ള ആ കരച്ചിൽ ഹൃദയഭേദകമായിരുന്നു'

dog-rescue-during-flood-police

പ്രളയക്കെടുതിയിൽ സ്വന്തം ജീവൻ പോലും വക വയ്ക്കാതെ  പ്രവർത്തനനിരതരായ നിരവധി വ്യക്തികളെ നാം ഇതിനോടകം അടുത്തറിഞ്ഞു കഴിഞ്ഞു. നേവിയിൽ നിന്നും മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ നിന്നുമെല്ലാം നാം കണ്ടെടുത്ത ആ നായകതുല്യരുടെ കൂട്ടത്തിലേക്ക് ഒരാൾകൂടി. കേരള പോലീസിലെ ഫോർട്ട് കൊച്ചി ടൂറിസം പോലീസ് സ്‌റ്റേഷനിലെ സിവിൽപോലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ആ താരം. പ്രളയം വരുമ്പോൾ ജീവനും കൊണ്ട് പലായനം ചെയ്യുന്നകൂട്ടത്തിൽ നാം പലപ്പോഴും വീട്ടിലെ ഓമന മൃഗങ്ങളുടെ കാര്യം മറന്നു പോകും. എന്നാൽ എല്ലാ ജീവനും മനുഷ്യജീവൻ പോലെ തന്നെ വിലപ്പെട്ടതാണ് എന്ന് കരുതുന്ന ഒരു വ്യക്തിക്ക് ചില കാഴ്ചകൾ കണ്ടാൽ നോക്കി നിൽക്കാനാവില്ല. അതിനാൽ തന്നെയാണ് ഇദ്ദേഹം തന്റെ ജീവൻ പണയപ്പെടുത്തി ജൂലി എന്ന നായയെ രക്ഷിച്ചതും.

കൊച്ചിയിലെ പ്രളയ രക്ഷാപ്രവർത്തങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന വെള്ളത്തിന്റെ നടുക്ക് നിൽക്കുമ്പോഴാണ് ഒരു നായയുടെ  ദയനീയമായ കരച്ചിൽ കൂരിരുട്ടിൽ അകലെ നിന്ന് കേട്ട് തുടങ്ങിയത്. രാത്രി സമയമാണ്, ചുറ്റും വെള്ളമാണ്. നായയുടെ കരച്ചിൽ കേൾക്കുന്ന ഭാഗത്തെപ്പറ്റി വ്യക്തമായ ധാരണയില്ല. എന്നാൽ ദയനീയമായ ആ കരച്ചിൽ കണ്ടില്ല എന്ന് നടിക്കാനും ആകുന്നില്ല. ആവശ്യമായ വെളിച്ചം ഇല്ലാത്തതിനാൽ ആ രാത്രി മുഴുവൻ രക്ഷാപ്രവർത്തങ്ങൾക്കിടക്കും നായയുടെ കരച്ചിലിന് രഘു ചെവി നൽകിയിരുന്നു.

ജീവന് വേണ്ടിയുള്ള അവളുടെ കരച്ചിൽ അത്രയേറെ ഹൃദയഭേദകമായിരുന്നു. എത്ര ശ്രദ്ധിച്ചിട്ടും ഇടക്കെപ്പോഴോ ആ കരച്ചിൽ നിലച്ചു. അവളെ കണ്ടിട്ടില്ലെങ്കിലും രഘുവിന്റെ മനസ്സ് വല്ലാതെ കുറ്റബോധം കൊണ്ട് നിറഞ്ഞു. എന്നാൽ വിചാരിക്കാത്തത് പോലെ ഹിതമല്ലാത്തത് ഒന്നും സംഭവിച്ചില്ല. 

നേരം വെളുത്തപ്പോൾ നായയുടെ കരച്ചിൽ വീണ്ടും അദ്ദേഹത്തെ തേടിയെത്തി. പകൽവെളിച്ചത്തിൽ നായ ഇരിക്കുന്ന സ്ഥലം കണ്ടെത്തി. ശരീരമാസകലം വെള്ളത്തിൽ മുങ്ങി മൂക്ക് മാത്രം ഉയർത്തി വെള്ളത്തിൽ ജീവന് വേണ്ടി പെരുതുന്ന ആ നായയെ കണ്ട ഉടൻ രഘു, യൂണിഫോം അഴിച്ച് വച്ച് ഒരു ടൂബുമായി ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നീന്തി. പോലീസ് ട്രെയിനിങ് സമയത്ത് പഠിച്ച നീന്തലിന്റെ ബാലപാഠങ്ങൾ മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. 

dog-rescue-flood

പ്രളയജലത്തെ അതിജീവിച്ച് നായയുടെ അടുത്തേക്ക് നീന്തുന്നതിനിടയിൽ അദ്ദേഹത്തിന്റെ കാലിൽ ഒരു കമ്പി കുത്തി കയറി. എന്നിട്ടും നായയെ രക്ഷിക്കുന്നതിൽ നിന്നും അദ്ദേഹം പിന്തിരിഞ്ഞില്ല. ഒരുവിധത്തിൽ നായയുടെ അടുത്തെത്തി, കൈനീട്ടേണ്ട താമസം  അവൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ അദ്ദേഹത്തിന്റെ തോളിൽ തല ചായ്ച്ചു. പിന്നീട് അവളെ ചേർത്ത് പിടിച്ച്  തിരിച്ച് നീന്തി. 

നിരവധിപ്പേർ ഈ രക്ഷാപ്രവർത്തനം നോക്കി നിൽക്കുന്നുണ്ടായിരുന്നു. കുറച്ചകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു ആൺകുട്ടി ജൂലി.. എന്ന് നീട്ടി വിളിച്ചു കൊണ്ട് രഘുവിന് നേരെ കൈ വീശുന്നുണ്ടായിരുന്നു. ജൂലിയുമായി രഘു ബന്ധുവിന്റെ വീടിന്റെ മുകൾനിലയിൽ എത്തി. 

flood-affected-animals

12 മണിക്കൂറിലധികം വെള്ളത്തിൽ കിടന്നതിനാൽ നായ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ശരീരം തുടക്കുന്നതിന് ആകെ മുങ്ങി നിൽക്കുന്ന ആ വീട്ടിൽ ഉണങ്ങിയ തുണി ഒന്നും കണ്ടില്ല. സ്വന്തം യൂണിഫോമിന്റെ ചൂട് തന്നെ രഘു ജൂലിക്ക് നൽകി. വിശന്നിരുന്ന അവൾക്ക് രഘു ബ്രഡ് കൊണ്ട് വന്നു നൽകി. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ എവിടെ നിന്നൊക്കെയോ മുറിവേറ്റ അവൾക്ക് മഞ്ഞൾപൊടി മുറിവിൽ പുരട്ടി നൽകാനും രഘു മറന്നില്ല. ഒടുവിൽ പ്രളയം മാറി വെള്ളം ഇറങ്ങിയപ്പോൾ ജൂലിയെ അവളുടെ ഉടമസ്ഥനുള്ള വീട്ടിൽ കൊണ്ട് ചെന്നാക്കാനുള്ള മര്യാദയും കേരളാപോലീസിന്റെ ഈ മുത്ത് കാണിച്ചു. 

തന്റെ ഒരു മാസത്തെ ശമ്പളം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകുകയും ചെയ്തു രഘു.