ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ടു ജോലിക്കു പോകുന്ന ബിന്ദുവെന്ന അമ്മയുടെ ജീവിതം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഓട്ടിസം ബാധിച്ച പത്തുവയസ്സുകാരി ശ്രീലക്ഷ്മിയുടെ ചികിൽസയ്ക്കു മുൻകയ്യെടുത്തു രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. ഫിറോസ് കുന്നംപറമ്പിലാണ് സമൂഹമാധ്യമത്തിലൂടെ ഇൗ വിവരം പങ്കുവെച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 4 ന് ശ്രീലക്ഷ്മിയെ പരിശോധനകൾക്കായി ആശുപത്രിയിലെത്തിക്കും.
പൊതുപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വിഡിയോയാണ് കൊടുങ്ങല്ലൂർ മേത്തല സ്വദേശിനിയായ ബിന്ദുവിന്റെ കഷ്ടപ്പാടുകൾ പുറത്തുകൊണ്ടുവന്നത്. മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തയായതോടെ ഇവരെ തേടി നിരവധി സഹായങ്ങളെത്തി.
.
‘തൊണ്ണൂറ് ശതമാനവും ഞങ്ങൾ ഉറപ്പ് പറയുന്നു. ശ്രീലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും’. ഈ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ബിന്ദു. മകൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തയാകുന്നതു കാണാണമെന്നാണു തന്റെ ആഗ്രഹമെന്നു ബിന്ദു പറഞ്ഞിരുന്നു. ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഇവർ.
രണ്ടു പെണ്‍മക്കളാണ് ബിന്ദുവിന് . ഇളയ മകൾക്ക് ഓട്ടിസമാണെന്നറിഞ്ഞതോടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. ഇവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞതോടെ നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ടു ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്.