Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിയുടെ ആഘാതത്തിൽ ഹനാൻ തെറിച്ചു പോയി: ഡ്രൈവർക്കു പറയാനുള്ളത്

hanan-car-accident

പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമിൽ മത്സ്യകച്ചവടം ചെയ്യുന്ന ഹനാൻ എന്ന പെണ്‍കുട്ടി ഒരു ദിവസം െകാണ്ടാണ് മലയാളികളുടെ മാനസ പുത്രിയായത്. തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാർത്ത നിറകയ്യടികളോടെ മലയാളികൾ ഏറ്റെടുത്തത്. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടുവെന്ന വാർത്തയാണ് പിന്നീടു മലയാളികളെ തേടിയെത്തിയത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോൾ. അപകടത്തെക്കുറിച്ചു ഹനാൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ജിതേഷ് സംസാരിക്കുന്നു.

അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉത്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വർണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാർലർ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ഹനാൻ അന്ന് പങ്കെടുത്തു. മരട് ക്രൗൺ പ്ലാസ ഹോട്ടലിന്റെ മുന്നിൽ നിന്നുമാണ് ഹനാൻ വണ്ടിയിൽ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്. ഉദ്ഘാടനശേഷം ഞങ്ങൾ തിരിച്ചു പുറപ്പെട്ടപ്പോൾ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുൻപരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാൻ എന്നെ വിളിച്ചത്.

ഏകദേശം പുലർച്ചെ ആറരയോടെ കാർ കൊടുങ്ങല്ലൂരിൽ എത്തി. ഹനാൻ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാൽ സീറ്റ്ബെൽറ്റ്  അൽപം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാൾ കാറിന്റെ മുന്നിൽ വട്ടം ചാടി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിർദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയർ റോഡിൽനിന്നു താഴേക്കു തെന്നിമാറി. കാർ മുന്നോട്ട് എടുക്കാൻ നോക്കിയപ്പോൾ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹനാൻ സീറ്റിൽനിന്നു മുകളിലേക്കു തെറിച്ചു. തിരിച്ചു വന്നു വീണപ്പോൾ നടു ഹാൻഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാൻ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാൽ കാലുകൾ അനക്കാൻ സാധിക്കുന്നില്ല എന്നു പറഞ്ഞു.

അതിലൂടെ കടന്നു പോയ ആംബുലൻസിൽ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു. എക്സറേ എടുത്തപ്പോൾ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കൽ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടിൽനിന്ന് ആരും വരാനില്ല. ഹനാൻ പഠിച്ച കോളേജിലെ ചെയർമാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. െഎസിയുവിൽ തന്നെയാണ് ഇപ്പോഴും. നാളെ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്.