കാറപടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹനാൻ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ. ഹാരൂൺ പിള്ളയുടെ ചികിത്സയിലായിരുന്നു ഹനാൻ. മീൻ കച്ചവടത്തിന് വേണ്ടി പുതുതായി വാങ്ങിയ വാഹനത്തിലാണ് ഹനാൻ തുടർപരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയത്.
കൊടുങ്ങല്ലൂര്‍ വെച്ച് ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന്‍ ഒന്നര മാസത്തെ ചികിത്സക്ക് ശേഷമാണ് തുടർപരിശോധനകൾക്കായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. തനിക്ക് ചികിത്സയും ഫിസിയോ തെറാപ്പിയും എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും ചികിത്സയ്ക്ക് സഹായം ചെയ്ത സർക്കാരിനോടും നന്ദിയുണ്ടെന്ന് ഹനാൻ പറഞ്ഞു.
ഒന്നര മാസമെങ്കിലും ബെൽറ്റ് ഉപയോഗിക്കണമെന്ന് ഡോക്ടർ കർശനമായി നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിൽ നന്നായി ശ്രദ്ധിക്കണം. ഹനാൻ ഭാഗ്യമുള്ള കുട്ടിയാണെന്നും ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂർവമാണെന്നും ഡോ. ഹാരൂൺ പറഞ്ഞു.
മീൻ കച്ചവടത്തിനായി പുതിയ വാഹനവും ഹനാൻ വാങ്ങിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തന്റെ സാഹചര്യവും ആവശ്യവും മനസിലാക്കി ബാങ്കുകാർ വിളിച്ച് ലോൺ നൽകുകയായിരുന്നു. പുതിയ ഫ്ലാറ്റുകളും മറ്റ് റസിഡൻഷ്യൽ ഏരിയയും ലക്ഷ്യമിട്ട് ഓൺലൈനിൽ ഓർഡർ പിടിച്ച് മീൻ എത്തിച്ചു നൽകുന്നതിനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കൊച്ചി തമ്മനത്തും കച്ചവടം ചെയ്യണമെന്നാണ് ഹനാന്റെ ആഗ്രഹം.