Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരൂഹതകൾ തുറന്നു പറഞ്ഞ് ഹനാൻ; അപകടം പദ്ധതിയിട്ടതോ?

hanan-accident

തന്റെ അപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ഹനാൻ രംഗത്ത്. ഞായറാഴ്ചയാണ് ഹനാൻ സഞ്ചരിച്ച കാർ കൊടുങ്ങല്ലൂരിനടുത്ത് അപകടത്തിൽപ്പെട്ടത്. ഈ അപകടം മുൻകൂട്ടി തയറാക്കിയ പദ്ധതിയുടെ ഭാഗമാണോയെന്നു സംശയമുണ്ടെന്ന് ഹനാൻ പറഞ്ഞു. ഡ്രൈവറുടെ മൊഴികളിലെ വൈരുദ്ധ്യമാണ് തന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. അപകടം നടന്ന സമയത്ത് ഞാൻ സീറ്റ്ബെൽറ്റ് ഇട്ടിരുന്നില്ല, എന്നാൽ ഡ്രൈവർ എല്ലാവരോടും സീറ്റ് ബെൽറ്റ് ഇട്ടെന്നാണ് പറയുന്നത്. 

ആശുപത്രിയുടെ ഐ.സി.യുവിൽെവച്ച് എനിക്കെതിരെ ലൈവ് ഇട്ടവരുമായി ഡ്രൈവറിന് അടുപ്പമുണ്ടെന്നും സംശയിക്കുന്നു. പകുതിയുറക്കത്തിൽ ഡ്രൈവർ ആരോടോ ഇവിടെയെത്തി, അവിടെയെത്തി എന്നെല്ലാം പറയുന്നത് ഞാൻ കേട്ടിരുന്നു. ഉറക്കത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ കാണുന്ന കാഴ്ച വണ്ടി ഒരു പോസ്റ്റിലേക്ക് ഇടിച്ചുകയറുന്നതാണ്. ഒരാൾ വട്ടം ചാടിയെന്നാണ് ഡ്രൈവർ പറയുന്നത്. ഞാനാരെയും കണ്ടിട്ടില്ല. 

വണ്ടി ഇടിച്ച ശേഷം യാതൊരുവിധ പരിഭ്രമവും ഡ്രൈവറുടെ മുഖത്ത് കണ്ടില്ല. അയാൾ അനായാസം പുറത്തിറങ്ങി. സമീപവാസികളും ഡ്രൈവറും ചേർന്നാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ആ നിമിഷമാണ് ഒരു ഓൺലൈൻ മാധ്യമം ലൈവെടുക്കാനായി എന്റെ മുറിയിൽ കയറുന്നത്. ഇവരുമായി ഡ്രൈവർ ചങ്ങാത്തത്തിലാണ്. ആശുപത്രി അധികൃതരോട് ആദ്യം അയാൾ എന്റെ ബന്ധുവാണെന്ന് പറഞ്ഞു, പിന്നീട് അത് മാറ്റിപറയുകയായിരുന്നു. ഇതൊക്കെയാണ് അപകടം മനപൂർവ്വം സൃഷ്ടിച്ചതാണെന്ന സംശയം വർധിപ്പിക്കുന്നത്. 

ചികൽസ നല്ല രീതിയിൽ പോകുന്നുണ്ട്. കാലുകളുടെ തളർച്ച മാറി. നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല. മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെയാകുമെന്നാണ് പ്രതീക്ഷ.

എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അനിയനും വന്നു. ഇപ്പോൾ ഒപ്പം നിൽക്കുന്നത് ബാപ്പയാണ്. എന്നെ ഇനി തനിച്ചാക്കില്ലെന്നാണ് ബാപ്പ പറയുന്നത്. ആശുപത്രി വിട്ടശേഷവും ചേർത്തുപിടിക്കാൻ ബാപ്പയുണ്ടാകുമെന്നാണ് വാക്ക് പറഞ്ഞത്.