മഹാപ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച വിശാല്‍ നായരുടെ വീട്ടിലേക്കു പത്തനംതിട്ട ജില്ലാ കലക്‌ടറെത്തി. ചില്ലുകൂട്ടിലാക്കിയ അവന്റെ ചിത്രം അച്ഛൻ കലക്ടർ പി.ബി നൂഹിന്റെ കൈകളിൽ വച്ചു. ‘മരണമില്ലാത്ത ഹീറോ’ എന്നാണ് വിശാലിനെ കലക്ടർ വിശേഷിപ്പിച്ചത്.
സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് വിശാലിന്റെ ധീരതയെ കലക്ടർ പ്രകീർത്തിച്ചത്. തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു വിശാല്‍ നായര്‍ എന്ന 24കാരൻ മരിച്ചത്. അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു വിശാൽ. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്ന ഇൗ ചെറുപ്പക്കാരന്റെ നഷ്ട്ടത്തിൽ നാട് ഒന്നാകെ വേദനിക്കുന്നതായി കലക്ടർ കുറിപ്പിൽ പറയുന്നു. വിശാലിന്റെ ചിത്രം അച്ഛൻ കലക്ടറുടെ കൈകളിൽ വെയ്ക്കുന്ന ദൃശ്യങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം;
‘‘പത്തനംതിട്ട ജില്ലയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടുപിരിഞ്ഞത് 19 പേരാണ്. ഇക്കൂട്ടത്തിൽ നാടിനെ ഒന്നാകെ പിടിച്ച് കുലുക്കിയ വേർപാട് തിരുവല്ലയിലെ 24 വയസുകാരൻ വിശാൽ നായരുടേതായിരുന്നു. പ്രളയം നാടിനെ വിഴുങ്ങിയ ദിവസം സ്വന്തം അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് നാട്ടുകാരെ രക്ഷിക്കാൻ എത്തിയ ഈ ചെറുപ്പക്കാരനെ ഒഴുകിയെത്തിയ പ്രളയജലം കൊണ്ടുപോയി.
സി ബി ഐ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയ്ക്കും കുഞ്ഞുപെങ്ങൾക്കും ഒപ്പം ജീവിക്കുമ്പോഴും നാട്ടുകാരുടെ ആവശ്യങ്ങൾക്ക് രാവും പകലും കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്ന വിശാൽ നമ്മുടെ നാടിന്റെ ഒന്നാകെ തീരാ ദു:ഖമാണ്.വിശാലിന്റെ വീട്ടിൽ എത്തുമ്പോൾ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങൾക്കായിരുന്നു.... പ്രിയപ്പെട്ട വിശാൽ നിന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞതിൽ നിന്ന്, നീ മരണമില്ലാത്ത ഹീറോ ആയി മനസിൽ നിലനിൽക്കും എന്നും...’’