അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്തിനെപ്പോലെയല്ലേ നിങ്ങളുടെ കാമുകി. എപ്പോഴും വിളിക്കുന്നു, സംസാരിക്കുന്നു ഓരോ ചെറിയ വിശേഷങ്ങളും പറയുന്നു. മൊബൈലിൽ വിഡിയോ കാണുമ്പോഴോ ഗെയിം കളിക്കുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരുമായി അടിച്ചുപൊളിക്കുമ്പോഴോ ആകാം അവൾ വിളിക്കുന്നത്. ഒഴുക്കന്‍ മട്ടിൽ സംസാരിച്ചും അപ്രീതി കാണിച്ചും വെയ്ക്കാൻ ഒരു ശ്രമം. അത് വിജയിച്ചില്ലെങ്കിൽ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യും. വീണ്ടും വിളിക്കാനൊരു ശ്രമം ഉണ്ടാകാം. അതും നിങ്ങൾ കട്ട് ചെയ്യും.
ഇതേ കാര്യം മറുവശത്തുനിന്നും നോക്കാം, വെറുതെ ഇരിക്കുമ്പോൾ പെട്ടെന്ന് കാമുകന്റെ ശബ്ദം കേൾക്കാനൊരു ആഗ്രഹം. അന്നുണ്ടായ ചെറിയ ചില കാര്യങ്ങൾ അവനോടു പറയാനൊരു തോന്നൽ. ഫോണെടുക്കുന്നു വിളിക്കുന്നു. അത്ര സുഖകരമല്ലാത്ത ഒരു ഹലോ, അതുമല്ലെങ്കിൽ താൽപര്യമില്ലാത്ത മട്ടിൽ ‘ആ പറ’ എന്ന് പറയും. ചിലപ്പോൾ കൂട്ടുകാരുെട ഒപ്പമാകും. സമയമില്ല, തിരക്കിലാണ്. പിന്നെ വിളിക്കൂ... പലപ്പോഴും പലകാരണങ്ങൾ. ഒഴിവാക്കാൻ ശ്രമിക്കുന്നതുപോെല ഒരു തോന്നൽ. സന്തോഷത്തോെട വിളിക്കുന്ന ഫോൺ കോളുകൾ അവസാനിക്കുന്നത് കരച്ചിലില്‍. ഇഷ്ടമാണെന്നു പറയാൻ പിറകെ നടന്ന ആളിന്നു ഒരുപാട് മാറിപ്പോയി. പ്രണയിക്കാൻ തുടങ്ങിയ സമയത്ത് മണിക്കൂറുകൾ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ഒരു കുട്ടിയെപ്പോലെ കൊഞ്ചിക്കുമായിരുന്നു. അന്ന് അയച്ച സന്ദേശങ്ങൾ ഇന്നു കണ്ടാൽ ഇത് ഞാൻ തന്നെ അയച്ചതാണോ എന്നു ചോദിക്കും.
ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റെയാൾക്ക് എന്നെ ഇഷ്ടമാണെന്ന ബോധ്യം രണ്ടുപേർക്കുമുണ്ട്. പക്ഷേ, എവിടെയോ ഒരു പ്രശ്നമുണ്ട്. എന്താണത്?
അവൾ കൊതിക്കുന്നത്...
നിങ്ങളുടെ പ്രണയിനി സംരക്ഷണം ആഗ്രഹിക്കുന്നു, ‘കെയറിങ്’. സ്നേഹിക്കുന്ന പുരുഷനോടു ചെറിയ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്ക്കുന്നു. നിങ്ങൾ അവളുടെ സന്തോഷങ്ങളിൽ ഒപ്പം ചേരുകയും ദുഃഖങ്ങളിൽ ആശ്വാസം പകരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ശബ്ദം കേൾക്കാൻ അവൾ കൊതിക്കുന്നു. മെസേജുകളിലെ യാന്ത്രികമായ ‘െഎ ലൗ യു’ കളോക്കാള്‍ സ്നേഹിക്കുന്ന പുരുഷന്‍ അത് പറയുന്നതു കേൾക്കാൻ അവൾ ആഗ്രഹിക്കുന്നു. ഫോൺ തുറന്നു നോക്കുമ്പോൾ വായിക്കാൻ പ്രിയപ്പെട്ടവന്റെ സന്ദേശങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു.
അവൻ പറയുന്നത്...
അതുപോലെയല്ല ഇന്ന് സാഹചര്യം മാറി. അന്ന് പ്രേമിച്ചു നടന്ന കുട്ടിയല്ല ഞാൻ. കൂടുതൽ പഠിക്കാനുണ്ട്. ഞാൻ ജോലിത്തിരക്കിലാണ്, എനിക്ക് സുഹൃത്തുക്കളെ കാണുകയോ സംസാരിക്കുകയോ വേണ്ടേ, എപ്പോഴു പൈങ്കിളി അടിച്ചിരുന്നാൽ മതിയോ എന്നൊക്കെയാവും ഒഴിവുകഴിവുകൾ.
പക്ഷേ...
പ്രേമിക്കാൻ തുടങ്ങിയ സമയത്ത് പൈങ്കിളി അടിച്ചിട്ടില്ലേ. അന്ന് സുഹൃത്തുക്കളുണ്ടായിരുന്നില്ലേ. പഠിക്കാനുണ്ടായിരുന്നില്ലേ, ജോലി ഉണ്ടായിരുന്നില്ലേ. തിരക്കുകളുണ്ടായിരുന്നില്ലേ. എല്ലാം ഉണ്ടായിരുന്നു. അതിനിടയിൽ സമയം കണ്ടെത്തി. വിളിച്ചു, സന്ദേശങ്ങളയച്ചു. അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു. നിങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു. പക്ഷേ ഇപ്പോൾ...
എന്റെ മനസ്സിൽ നീയാണ്...
സ്നേഹമില്ലാത്തതുകൊണ്ടല്ല ഇതൊന്നും സംഭവിക്കുന്നത്. പ്രണയത്തിന്റെ പുതുമ നഷ്ടപ്പെടുന്നതാണ്. ആദ്യമൊക്കെ അവളെ കാണുമ്പോൾ അവൾ നോക്കുമ്പോൾ ഹൃദയമിടിച്ചിരുന്നു. ശരീരത്തിൽ തണുപ്പ് കയറുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പ്രണയത്തിന്റെ പുതുമ കാത്ത്സൂക്ഷിക്കുക ചില്ലറ കാര്യമല്ല. പ്രണയത്തിന്റെ മാത്രമല്ല ഏതൊരു ബന്ധത്തിനും ആ പുതുമ വേണം. കാലംമുന്നോട്ടു പോകും തോറും ബന്ധങ്ങൾക്ക് പഴക്കമല്ല ആഴമാണ് കൂടേണ്ടത്. പ്രണയത്തിൽ അതിന് പ്രാധാന്യം കൂടുതലാണെന്നു മാത്രം.
പ്രണയിനി നിങ്ങളുടെ സാമിപ്യവും സംരക്ഷണവും ആഗ്രഹിക്കുന്നു. അവളോടു വിശേഷങ്ങൾ പങ്കുവെയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. അപ്രതീക്ഷിത സമ്മാനങ്ങൾ കൊതിക്കുന്നു. ഇതെല്ലാം നിങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്ന് മനസ്സിനെ പറഞ്ഞു ഒാർമിപ്പിക്കുക. ഏതു തിരക്കിനിടയിലും ഒന്നു വിളിച്ച് എന്റെ മനസ്സിൽ നീയാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നു പറഞ്ഞ് നോക്കു. അതു മതിയാകും അവൾ ക്ഷമയോടെ നിങ്ങൾ തിരക്കൊഴിഞ്ഞ് വിളിക്കുന്നത് കാത്തിരിക്കാൻ.
വാശിയല്ല, വേണ്ടത് ബഹുമാനം
അവൻ എപ്പോഴും തന്നോട് സംസാരിച്ചിരിക്കണമെന്ന നിർബന്ധബുദ്ധി ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കുക. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണല്ലോ. നിങ്ങളുടെ കാമുകനും ഒരു സാമൂഹ്യ ജീവിയാണല്ലോ. അയാളുടെ ബന്ധങ്ങളെ ബഹുമാനിക്കുക. എന്താണ് ആഗ്രഹിക്കുന്നതെന്നു തുറന്നു പറയുക. പുരുഷൻ ആഗ്രഹിക്കുന്നത് പിന്തുണയാണ്, അത് നൽകി പകരം കെയറിങ് നേടിയെടുക്കുക. അനിഷ്ടത്തോടെയുള്ള മണിക്കൂറുകൾ പിടിച്ചു വാങ്ങുന്നതിലും നല്ലത് പ്രണയതീവ്രമായ ഏതാനും നിമിഷങ്ങളാണ്.
എലിയെ നഷ്ടപ്പെടുത്തിയശേഷം അഭി കരഞ്ഞതു പോലെ കരയാൻ നിൽക്കണ്ട. പ്രണയം പൈങ്കിളിയാണ്, പങ്കുവെയ്ക്കലും മനസ്സിലാക്കലുമാണ്. സമയം കളയേണ്ട വേഗം തന്റെ പ്രിയതമയ്ക്ക് ഒരു മെസേജ് അയക്കൂ. ‘‘ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയേ’’.