സ്വന്തം ഇച്ഛാശക്തികൊണ്ടു കാൻസറിനെ പൊരുതി തോൽപിച്ചു, പക്ഷേ ജീവിതത്തിലേക്കു തിരിച്ചുവരാൻ പോരാട്ടം തുടരുകയാണ് ചങ്ങനാശ്ശേരി സ്വദേശിയായ അഖിൽ. ജോലിക്കുവേണ്ടി ശ്രമിക്കുമ്പോൾ രോഗം മുൻനിർത്തി അവഗണിക്കപ്പെടുകയാണ്. അപേക്ഷിച്ച സ്ഥലങ്ങളില്ലെല്ലാം അഖിലിന് ജോലി നിഷേധിക്കപ്പെട്ടു. കാൻസർ രോഗത്തിൽനിന്നു പൂർണ മുക്തിയില്ലെന്ന ചിന്തയാണ് അവിടെയെല്ലാം തനിക്കു ജോലി നിഷേധിക്കപ്പെടാൻ കാരണമെന്ന് അഖിൽ പറയുന്നു.
രണ്ടുവർഷം മുൻപാണ് നടുവേദനയുടെ രൂപത്തിൽ കാൻസർ അഖിലിനെ തേടിയെത്തുന്നത്. പക്ഷേ കാൻസറാണെന്നു അന്നു തിരിച്ചറിയാനായില്ല. ചികിൽസ തേടിയപ്പോൾ സാധാരണ നടുവേദനയാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മരുന്നിന് നടുവേദന ശമിപ്പിക്കാൻ സാധിക്കാതെ വന്നതോടെ ക്രിക്കറ്റ് കളിക്കുന്നതാണ് കാരണമെന്നും ഡോക്ടർമാർ വിധിയെഴുതി.
വേദന സഹിക്കാനാവാതെ വന്നപ്പോൾ മികച്ച ചികിൽസ ലഭ്യമാക്കാൻ മറ്റൊരു ആശുപത്രിയിലേക്ക് അഖിലിനെ മാറ്റി. രോഗലക്ഷണങ്ങളിൽ സംശയം തോന്നി ബയോപ്സി നടത്തി. ലിംഫോമ കാൻസർ മൂന്നാം ഘട്ടത്തിലെത്തിയതായി ഫലം. ചികിൽസയുമായി മുന്നോട്ടു പോകാൻ അഖിൽ തീരുമാനിച്ചു. പിന്തുണയുമായി കൂട്ടുകാരും അഖിലിനൊപ്പം നിന്നു. ഒന്നാംഘട്ട കീമോതെറാപ്പിയും സർജറിയും കഴിഞ്ഞപ്പോഴാണ് അഖിലിന്റെ വീട്ടിൽ വിവരങ്ങളറിയുന്നത്.
കാൻസറിനെ ശുഭാപ്തി വിശ്വാസത്തോടെ അഖിൽ നേരിട്ടു. രണ്ടാമത്തെ കീമോയോടെ മുടി കൊഴിയാൻ തുടങ്ങി. ഇതോടെ മുടി മുഴുവൻ വടിച്ചുകളഞ്ഞു. സഹതാപത്തോടെ കാണാനെത്തിയവരെ പുഞ്ചിരിയോടെ അഖില്‍ സ്വീകരിച്ചു. ‘‘ 2016–2018 വരെയുള്ള കാലം എന്റെ ജീവിതത്തിൽ ഏറെ പ്രയാസമനുഭവിച്ച കാലമാണ്. ഞാൻ കേട്ടു മാത്രം പരിചയമുള്ള കീമോയും അതിന്റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളും ഞാനറിഞ്ഞു. മുടിയും പുരികവും കൊഴിഞ്ഞു, മൗത്ത് അൾസറിന്റെ വേദന കടിച്ചമർത്തി ഭക്ഷണം പോലും കഴിക്കാനാവാത്ത ദിനരാത്രങ്ങൾ. കൂടെനിന്ന വീട്ടുകാരും സുഹൃത്തുകളും പോരാടാൻ എനിക്ക് കരുത്തേകി’’– അഖിൽ പറഞ്ഞു.
കാൻസറിനെ അതിജീവിക്കുന്നവരെ ‘കാൻസർ വിന്നേഴ്സ്’ എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുക. എന്നാൽ കാൻസർ രോഗമല്ല അതിജീവിക്കാൻ പ്രയാസം അതിനുശേഷമുള്ള ജീവിതമാണ് എന്നാണ് അഖിലിന്റെ അഭിപ്രായം. ‘‘ കാൻസറിനെ അതിജീവിച്ചിട്ടും എന്നെ ഇപ്പോഴും ഒരു രോഗിയായിട്ടാണ് പലരും കാണുത്. ജോലി തേടി പോയപ്പോൾ അവഗണിക്കപ്പെട്ടു, എന്റെ കാൻസറിന്റെ പേരിൽ അനിയത്തിയുടെ വിവാഹ ആലോചനകൾ ഒഴിവാകുന്നു’’– കയ്പേറിയ അനുഭവങ്ങൾ അഖിൽ വ്യക്തമാക്കി.
ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ജോലിയ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് മെക്കാനിക്കൽ എജിനീയറിങിൽ ബിരുധധാരിയായ ഇൗ യുവാവ്. കാൻസർ രോഗികളോടുള്ള സമീപനത്തിൽ മാറ്റം അനിവാര്യമാണെന്നും അഖിൽ അഭിപ്രായപ്പെടുന്നു.