Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇതുപോലെ ഒരു ഭാര്യയെ കി‌ട്ടിയത് പുണ്യം’; കാൻസർ വാർഡില്‍ നിന്നൊരു കുറിപ്പ്

husband-facebook-post-about-wife-viral

കാൻസർ ബാധിതനായ തന്നെ പരിപാലിക്കാൻ ഇമ ചിമ്മാതെ കാവലിരിക്കുന്ന പ്രിയതയ്ക്കു നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാൻസറിനു ചികിത്സയിൽ കഴിയുന്ന ലാൽസൺ ആണ് ഭാര്യ സ്റ്റെഫിയ്ക്ക് നന്ദി അറിയിച്ചത്. എല്ലാവരും വായിക്കണം എന്നു തുടങ്ങുന്ന കുറിപ്പിൽ ഭാര്യ സഹിക്കുന്ന വേദനയും കഷ്ടപ്പാടുകളും ലാൽസൺ പങ്കുവെയ്ക്കുന്നു. ഒരു വർഷമായി ചികിൽയിലാണെന്നും പരിഭവങ്ങളും പരാതികളുമില്ലാതെ ഭാര്യ കൂട്ടിരിക്കുകയാണ് എന്നും ലാൽസൺ പറയുന്നു. ഇവളെപ്പോലെ ഒരു ഭാര്യയെ കിട്ടാൻ എന്തു പുണ്യമാണ് ചെയ്തതെന്നു ദൈവത്തോടു ചോദിച്ചുകൊണ്ടും ഭാര്യയോടു നന്ദി പറഞ്ഞുകൊണ്ടുമാണ് കുറിപ്പ് അവസാനിക്കുന്നത്. 

ഭാര്യയ്ക്കു നന്ദി പറഞ്ഞുള്ള ലാൽസന്റെ കുറിപ്പ് നിരവധി പേർ പങ്കുവെയ്ക്കുന്നുണ്ട്. ഇങ്ങനെയുള്ള ഭാര്യയെ കിട്ടിയത് ഭാഗ്യമാണെന്നും, രോഗത്തിൽനിന്നു മുക്തി നേടട്ടേയെന്ന ആശംസയും കമന്റുകളായി എത്തുന്നുണ്ട്.

ലാൽസൺന്റെ കുറിപ്പ്:

ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാൻ എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം rcc യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാൻ ഈ ഒരു വർഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്. എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാൻ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങൾ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടിൽ ഒന്നു പോയിട്ടു വർഷം ഒന്ന് കഴിഞ്ഞു അവൾക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവൾ തരും എന്നിട്ടെ അവൾ പച്ച വെള്ളം കുടിക്കൂ അതും ഞാൻ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാൻ അടുക്കളയിൽ ഏതെങ്കിലും മൂലയിൽ പോയി ഇരുന്നു അവൾക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാൻ വേണ്ടി മാത്രം കഴിക്കും അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം മാരക രോഗങ്ങൾ വരുമ്പോൾ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാൻ ഒന്നുമില്ല എന്റെ കൈയിൽ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി