ജീവിതം മുന്നോട്ടു പോകുമ്പോള്‍ മിക്ക ദമ്പതികളും നേരിടുന്ന പ്രശ്നമാണ് അവര്‍ പോലും അറിയാതെ അവര്‍ക്കിടയിൽ ഉടലെടുക്കുന്ന അകല്‍ച്ച. കുട്ടികളും മറ്റ് ഉത്തരവാദിത്തങ്ങളും തലയിലേറ്റുന്നതോടെ ചെയ്യാനുള്ള ജോലികള്‍ തീര്‍ക്കാനുള്ളതുപോലെ ജീവിതം മാറുന്നു. ജോലിയിലെ സഹപ്രവര്‍ത്തകരെന്ന പോലെ ജീവിത പങ്കാളിമാറുമ്പോള്‍ ഉണ്ടാകുന്ന അകൽച്ച സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കവും അസ്വാരസ്യങ്ങളും ചെറുതല്ല. സന്തോഷത്തോടെ ജീവിക്കാന്‍ ഒരുമിച്ച രണ്ടു പേര്‍ക്കിടയില്‍ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ മറികടക്കാന്‍ ചില നുറുങ്ങ് വിദ്യകളുണ്ട്. ഒരു വീട് പങ്കുവെയ്ക്കുകന്ന രണ്ടുപേര്‍ എന്നതിലുപരി പരസ്പരം തുണയും സമാധാനവും സുഹൃത്തുക്കളുമാകാന്‍ ഇവയിലൂടെ സാധിക്കും.
ആദ്യ നിക്ഷേപം മനസ്സ്.
പരിശ്രമത്തിലൂടെ മാത്രമേ ഏതൊരു കാര്യവും മെച്ചപ്പെടുത്താന്‍ സാധിക്കൂ. രണ്ടുപേര്‍ തമ്മിലുള്ള ബന്ധവും ഇങ്ങനെയാണ്. വിട്ടുവീഴ്ചകള്‍ക്ക് തയാറാവുകയും ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യുക എന്നത് പരസ്പരം ആശ്രയിക്കുന്നവര്‍ക്കിടയില്‍ ഒഴിവാക്കാനാകാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ഭാര്യയുമായോ ഭര്‍ത്താവുമായോ ഉള്ള ബന്ധം കൂടുതല്‍ ലളിതവും രസകരവും ആക്കുന്നതിന് ഇക്കാര്യങ്ങളിൽ അല്‍പം മനസ്സ് ഇരുത്തേണ്ടതുണ്ട്. ഇതിനു തയാറാണെങ്കില്‍ ദാമ്പത്യജീവിതത്തിലെ രസതന്ത്രം വീണ്ടെടുക്കാനുള്ള പൊടിക്കൈകളിലേക്ക് കടക്കാം.
ഒരു പ്രണയലേഖനം എഴുതാം.
മനസ്സിലുള്ള സ്നേഹം തുറന്നു പറയാൻ നമ്മള്‍ മലയാളികള്‍ക്ക് പൊതുവെ മടിയാണ്, ദമ്പതിമാര്‍ക്കിടയില്‍ പ്രത്യേകിച്ചും. ഭാര്യയും ഭര്‍ത്താവുമായാല്‍ പരസ്പരം സ്നേഹിക്കണം എന്നത് അലിഖിത നിയമമാണെന്നും അതിനാല്‍ സ്നേഹം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നുമായിരിക്കാം ഒരുപക്ഷേ ധരിച്ചിരിക്കുന്നത്. ഏതായാലും ഈ ധാരണ മാറ്റാം. എന്നു കരുതി പതിവില്ലാത്ത രീതിയിൽ ഭാര്യയോ ഭർത്താവേ ഒാടിചെന്ന് പഞ്ചാര അടി തുടങ്ങിയാൽ കാര്യങ്ങൾ അത്ര സുഖകരമാവില്ല. അതിനാല്‍ പറയാനുള്ളതെല്ലാം ഒരു പ്രണയലേഖനമായി എഴുതി നല്‍കാം. എന്ത് എഴുതും എന്നാണ് സംശയമെങ്കില്‍ ഒരു സാധാരണ കത്തുപോലെ സുഖവിവരം അന്വേഷിച്ച് തുടങ്ങിയാല്‍ മതി. പിന്നെ എഴുതേണ്ടതെല്ലാം വിരൽതുമ്പിൽ എത്തുമെന്നുറപ്പ്.
പരസ്പരം സഹായിക്കാം.
പറഞ്ഞ് വച്ച ഉത്തരവാദിത്ത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്ന പോലെയാണ് പല ദമ്പതിമാരും പെരുമാറുന്നത്. ഈ ശീലം മാറ്റുക. ഉത്തരവാദിത്ത്വങ്ങളും, ജോലികളും പരമാവധി ഒരുമിച്ച് ഏറ്റെടുത്തു പൂത്തിയാക്കാം. ഒരാള്‍ ചെയ്യുന്ന ജോലിയിലോ, മറ്റെന്തെങ്കിലും കാര്യത്തിലോ അവരെ സഹായിക്കാം. സഹായം ആവശ്യപ്പെടാനും മടിക്കേണ്ടതില്ല.
സ്നേഹം പ്രകടിപ്പിക്കുക
മലയാളികളുട ആരാധനാപാത്രങ്ങളായ കുടുംബനാഥന്‍മാരൊന്നും സ്നേഹം അങ്ങനെ അമിതമായി പ്രകടിപ്പിക്കുന്നവരല്ല. അത് വാത്സല്യത്തിലെ മമ്മൂട്ടിയായാലും മിഥുനത്തിലെ മോഹന്‍ലാല്‍ ആയാലും. ഈ കഥാപാത്രങ്ങള്‍ കുടുംബനാഥനാകുന്നതോടെ ശരാശരി മലയാളി എടുത്തണിയുന്ന കൃത്രിമ ഗൗരവത്തിന്റെ പ്രതിച്ഛായകള്‍ മാത്രമാണ്. ഇനി ഭര്‍ത്താവ്‍ കുറച്ചു റൊമാന്റിക് ആയാലും അതൊന്നും ശ്രദ്ധിക്കാതെ കുടുംബത്തിലെ ജോലികൾ തീർത്ത് കഠിനാധ്വാനം ചെയ്യുന്ന യഥാർഥ ഭാര്യാ സങ്കല്‍പവും പല സിനിമകളിലും കാണാനാവും. ഇന്ന് ഈ ശീലങ്ങള്‍ കുറേ മാറിയിട്ടുണ്ടെങ്കിലും സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ പിശുക്ക് തുടരുകയാണ്. സ്നേഹം മനസ്സില്‍ ഉണ്ടെന്നുള്ള കാര്യം സമാധാനം നല്‍കും, എന്നാല്‍ സ്നേഹം പ്രകടിപ്പിക്കുന്നതിലാണ് സന്തോഷം.
ഒരുമിച്ച് വായിക്കാം, സിനിമ കാണാം
ഒരുമിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ അത് പരസ്പരം മനസ്സിലാക്കാനുള്ള അവസരങ്ങൾ കൂടിയാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്. വിവാഹ സമയത്തുള്ള വ്യക്തിയായിരിക്കില്ല അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞുള്ള നിങ്ങള്‍. അങ്ങനെ മാറിയ നിങ്ങളെ പങ്കാളിയോ, പങ്കാളിയെ നിങ്ങളോ മനസിലാക്കണമെന്നില്ല. ഒരുമിച്ച് ഒരു ബുക്ക് വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ ആയിരിക്കും നിങ്ങൾക്കു പരസ്പരം മനസ്സിലാക്കാൻ അവസരം ലഭിക്കുക. അപ്പോള്‍ ഉയര്‍ന്നുവരുന്ന ചിന്തകള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍ ഇതെല്ലാം പരസ്പരം മനസ്സിലാക്കുന്നതിനും കൂടുതല്‍ അടുക്കുന്നതിനും സഹായിക്കും.
കേള്‍ക്കുന്നതിനുള്ള ക്ഷമ
രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുക സ്വാഭാവികമാണ്. പരസ്പരം പരാതികളും ഉന്നയിച്ചേക്കാം. എന്നാല്‍ പരാതികള്‍ ഉയരുമ്പോള്‍ സ്വയം ന്യായീകരിക്കാനോ അല്ലെങ്കിൽ ആ പരാതികളെ അവഗണിക്കാനോ ആണ് പലരും ശ്രമിക്കുക. ഈ ശീലം മാറ്റുക. പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക. ഒരാളെ സംസാരിക്കാന്‍ അനുവദിക്കുമ്പോള്‍ തന്നെ അയാളുടെ ഉള്ളിലെ വിഷമങ്ങള്‍ പകുതി കുറയും. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ട്, സ്വന്തം പിഴവുകള്‍ തിരിച്ചറിയുക. പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഇതിലൂടെ മാനസിക അടുപ്പവും പരസ്പര വിശ്വാസവും വർധിക്കും.