എത്ര മനോഹരമായ ബന്ധമാണെങ്കിലും ചെറിയ പിണക്കങ്ങളെങ്കിലും ഇല്ലാതിരിക്കില്ല. ലോകം മുഴുവൻ വാഴ്ത്തുന്ന മനോഹരമായ ദാമ്പത്യമാണ് വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽടണിന്റെയും. മൂന്നു മക്കളുള്ള ദമ്പതികൾ ദാമ്പത്യത്തിന്റെ ഏഴാംവർഷത്തിലേക്കു കടന്ന വേളയിലാണ് ഇവരുടെ ഇടയിൽ വീണ വിള്ളലിന്റെ വിവരം പുറത്തുവരുന്നത്.
2002 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടയിൽ 2007 ലാണ് ഇവർക്കിടയിൽ ബന്ധത്തിനിടയിൽ പ്രതിസന്ധി രൂപപ്പെട്ടത്. കെയ്റ്റിന്റെ മധ്യവർഗകുടുംബപശ്ചാത്തലമാണ് വേർപിരിയാൻ കാരണമായത്. ഇതേത്തുടർന്ന് ഇവർ വേർപിരിയുകയും ചെയ്തു. വില്യം രാജകുമാരന്റെ ചില സുഹൃത്തുക്കൾ കെയ്റ്റിന്റെ കുടുംബപശ്ചാത്തലം ചൂണ്ടികാട്ടി പരിഹസിക്കാറുണ്ടായിരുന്നു. കെയ്റ്റിന്റെ അമ്മ എയർഹോസ്റ്റസായിരുന്നു, അവരുടെ ജോലിയെയാണ് ഇവർ പരിഹസിച്ചിരുന്നത്. ഇത് കെയ്റ്റിന് മനോവിഷമം ഉണ്ടാക്കിയതിനെ തുടർന്നാണ് ഇരുവരും പിരിയാൻ തീരുമാനിക്കുന്നത്.
വേർപിരിയലിന് ശേഷമാണ് വില്യം രാജകുമാരൻ പട്ടാളത്തിൽ ചേരുന്നത്. എന്നാൽ അധികകാലം അകന്ന് നിൽക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും വീണ്ടും ഒരുമിച്ചു. അധികം വൈകാതെ തന്നെ വിവാഹിതരുമായി. വേർപിരിഞ്ഞു നിന്ന കാലം സ്വയം മനസിലാക്കാനും സ്നേഹം തിരിച്ചറിയാനും കൂടുതൽ ശക്തരാകാനുമുള്ള അവസരമാണ് നൽകിയതെന്ന് ഇരുവരും പറഞ്ഞു.