എല്ലാവരുടെയും ജീവിതത്തിലെ നിര്‍ണായക ഘടകമാണ് ദാമ്പത്യവും പ്രണയവും. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ആരംഭത്തിൽ പങ്കാളിയെ എല്ലാ അർഥത്തിലും പരിഗണിക്കുമെങ്കിലും മുന്നോട്ടു പോകവെ ഇത് കുറഞ്ഞു വരുന്നു. നല്ലൊരു വിഭാഗം ദമ്പതികളും പ്രണയികളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.
ഒരിക്കല്‍ പ്രണയം സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ ആ ബന്ധത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന ധാരണയാണു മിക്കവാറും ഇതിനു കാരണമാകുന്നത്. എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തണമെങ്കില്‍ അതിനുവേണ്ടി ഇരുവരും പ്രയത്നിക്കേണ്ടതുണ്ട്. ഒരാള്‍ മറ്റൊരാളുടേതാണ് എന്ന ധാരണ കൊണ്ടു മാത്രം ഒരു ദാമ്പത്യജീവിതം സമ്പൂർണ വിജയമാകില്ല.
മികച്ച ദാമ്പത്യമെന്നാൽ ഒരിക്കലും വഴക്കിടാതെ എപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കണം എന്നല്ല. വഴക്കുകളെ മറികടക്കാനും പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും സാധിക്കണം. വൈകാരികവും ശാരീരകവുമായ പൊരുത്തപ്പെടലും അംഗീകരിക്കലും വളരെ നിർണായകമാണ്. ഇത്തരമൊരു പ്രണയ, ദാമ്പത്യ ബന്ധം രൂപപ്പെടുത്താൻ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.
ആശയവിനിമയം സമാധാനത്തോടെ
പരസ്പരം കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുക ഏതൊരു ബന്ധത്തിലെയും സുപ്രധാന കാര്യമാണ്. ദമ്പതികൾക്കിടയിലും പ്രണയിക്കുന്നവർക്കിടയിലും ഇതിനു വളരെ പ്രാധാന്യമുണ്ട്. എന്നാൽ മിക്ക ദമ്പതികളും ഇവിടെയാണു പരാജയപ്പെടുന്നത്. എല്ലാ വികാരങ്ങളും പങ്കാളിയെ ബോധ്യപ്പെടുത്താൻ കഴിയുന്നതാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ അടിസ്ഥാനം. തുറന്നു പറച്ചിലുകൾ ഇല്ലാത്തത് ഒരാളുടെ മനസ്സിൽ അനാവശ്യമായ ചിന്തകൾക്കും അതുപോലെ പ്രതീക്ഷകൾക്കും ഇടയാക്കും. ഇതോടെ സ്വാഭാവികമായും പല പ്രതീക്ഷകളും അസ്ഥാനത്താകും. ഇത് നിരാശയിലേക്കു നയിക്കും. ബന്ധത്തിൽ പതുക്കെ വിള്ളലുകൾ വീഴാൻ തുടങ്ങും.
പരസ്പരം തുറന്നു സംസാരിക്കുന്നതിലൂടെ ഇത്തരം ആശയക്കുഴപ്പങ്ങളും അനാവശ്യപ്രതീക്ഷകളും ഒഴിവാക്കാൻ സാധിക്കും. കാര്യങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയും. തുറന്നു പറച്ചിലുകൾ സമാധാനപൂർണമായിരിക്കണം എന്നതു വളരെ പ്രധാനമാണ്. ശബ്ദമുയർത്തിയും പങ്കാളിയുടെ വായ അടപ്പിക്കാനും വേണ്ടിയുള്ള സംസാരം ബന്ധത്തിൽ വിള്ളൽ വീഴ്ത്താനേ ഉപകരിക്കൂ.
ഒത്തുതീർപ്പുകൾ വേണം
പരസ്പരമുള്ള വിട്ടു വീഴ്ചകള്‍ രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍ ഒഴിവാക്കാനാകാത്തതാണ്. എത്രമാത്രം പരസ്പര ഐക്യമുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങളിലെങ്കിലും അഭിപ്രായവ്യത്യാസമില്ലാത്ത മനുഷ്യരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ പരസ്പരം വിട്ടു വീഴ്ചകള്‍ക്കു തയാറാകേണ്ടതുണ്ട്. എല്ലാ തവണയും ഞാന്‍ മാത്രമാണ് ശരി എന്ന നിലപാടെടുത്താല്‍ നിങ്ങളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകില്ല.
ബഹുമാനിക്കൂ ആ വ്യക്തിയെ
"ടേക്കണ്‍ ഫോര്‍ ഗ്രാന്‍റഡ്" ദമ്പതിമാര്‍ക്കിടയിലെ വലിയ പ്രതിസന്ധിയാണ്. ‘എന്റെ ഭാര്യയല്ലേ, എനിക്കു നല്ല ഭക്ഷണം ഉണ്ടാക്കി തരേണ്ടത് അവളുടെ കടമയല്ലേ’ എന്നു ചിന്തിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. നല്ല ഭക്ഷണമാണെങ്കിലും അതു പറയില്ല, അഭിനന്ദിക്കുകയില്ല. ബോധപൂർവം പറയാതിരിക്കുന്നതല്ല, മറിച്ച് അങ്ങനെ പറയേണ്ടതുണ്ട് എന്ന ചിന്ത പോലും അവര്‍ക്കില്ല. ഇതുപോലെ ചിന്തിക്കുന്ന ഭാര്യമാരും ധാരാളമുണ്ട്.
സ്വന്തം ഭാര്യയോ ഭര്‍ത്താവോ ആണെന്നു കരുതി നല്ല കാര്യങ്ങള്‍ക്ക് അവരെ അഭിനന്ദിക്കാന്‍ മടിക്കണ്ട. ഇത്തരം അഭിനന്ദന വാക്കുകൾ പറയുമ്പോള്‍ അവര്‍ പുച്ഛിച്ച് തള്ളിയാലും ( അത്തരം ശീലങ്ങളും ഒഴിവാക്കുക) ഉള്ളില്‍ അവര്‍ സന്തോഷിക്കുമെന്ന് ഉറപ്പ്.
പരസ്പര ബഹുമാനം.
എത്ര പ്രിയപ്പെട്ട ആളായാലും അയാള്‍ക്കും സ്വന്തമായ വ്യക്തിത്വം ഉണ്ടെന്നു മനസ്സിലാക്കുക. അതുകൊണ്ടു തന്നെ അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കേണ്ടതുണ്ട്. പങ്കാളിയുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും പ്രവര്‍ത്തികളെയും ബഹുമാനത്തോടെ സമീപിക്കുക. അവരുടെ വ്യക്തിത്വത്തെ ഹനിക്കാതെ വിമര്‍ശിക്കുക. പങ്കാളിയെക്കുറിച്ചു ബന്ധുക്കളോടും സുഹൃത്തുക്കളോടും കുറ്റം പറയുന്നതും ബന്ധം വേണ്ടെന്നു വയ്ക്കുമെന്നു ഭീഷണിപ്പെടുത്തുന്നതും അവരെ അപമാനിക്കുന്നതിനു തുല്യമാണ്.
സ്വാതന്ത്രമുള്ള പങ്കാളി
വിവാഹത്തിലൂടെ രണ്ടു പേര്‍ ഒന്നാകുന്നു എന്ന സങ്കല്പം നല്ലതാണെങ്കിലും ജീവിതത്തില്‍ വ്യക്തി സ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യമുണ്ട്. സ്വകാര്യ ഇടങ്ങളും സമയങ്ങളുമാണ് ഒരാളെ വളരാൻ സഹായിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ വിവാഹശേഷം പുരുഷന്‍മാര്‍ക്ക് ഇത്തരം സാധ്യതകളും സാഹചര്യങ്ങളും നിരവധിയാണെങ്കിലും സ്ത്രീകളുടെ കാര്യം മറിച്ചാണ്.
സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീക്കു പോലും വിവാഹശേഷം സ്വകാര്യ ഇടങ്ങൾ തിരികെ ലഭിക്കാറില്ല. കൂട്ടുകാരേടൊപ്പം സമയം ചെലവിടാനും പുറത്തു പോകാനുമുള്ള സ്വാതന്ത്രം സ്ത്രീക്കുമുണ്ട്. അത് ഉപയോഗപ്പെടുത്താനാവണം. 24 മണിക്കൂറും ഒരുമിച്ചിരുന്നതു കൊണ്ടു ദാമ്പത്യത്തിനേ, പ്രണയത്തിനോ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതേസമയം ദോഷമുണ്ടാവുകയും ചെയ്യാം.
പിന്തുണയ്ക്കാം, കൈപിടിക്കാം
വ്യക്തിപരമായ പ്രശ്നങ്ങള്‍ എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്നുണ്ട്. ഈ സമയത്തു പങ്കാളിയിൽ നിന്നു പിന്തുണ ലഭിക്കണം. പ്രതിസന്ധി എന്തു തന്നെയായാലും കൂടെ നിൽക്കുക, കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഗുണദോഷിക്കേണ്ടതു പോലും പ്രശ്നം പരിഹരിച്ചശേഷമാകണം.
സന്തോഷത്തിന്റെ ഉത്തരവാദി
പരസ്പരം ആശ്രയിക്കലും അംഗീകരിക്കലുമാണ് ബന്ധങ്ങളുടെ കാതൽ. പങ്കാളിയുെട പ്രവൃത്തികളും നിങ്ങളുടെ സന്തോഷത്തിനും ദുഃഖത്തിനും കാരണമാകും. എന്നാൽ എന്റെ സന്തോഷവും സങ്കടവും പങ്കാളിയുടെ പ്രവൃത്തിയെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. ഇതു ശരിയല്ല. താൻ എപ്പോഴും ദുഃഖത്തോടെയിരിക്കാൻ കാരണം പങ്കാളിയാണെന്നു എന്നു പറയുന്നവരുണ്ട്. പങ്കാളിയെ അമിതമായി ആശ്രയിക്കുന്നതാണു പ്രശ്നം.
പൂർണമായി നിങ്ങളുെട ഭാരം എൽപിച്ചു നൽകേണ്ട വ്യക്തിയല്ല പങ്കാളി. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വേറെ വഴികളുണ്ട്. അതെല്ലാം അടച്ചുവച്ച് എന്റെ പങ്കാളി സന്തോഷം തരുന്നില്ല എന്നു പറയുന്നതിൽ അർഥമില്ല. ദുഃഖവും സന്തോഷവും പങ്കുവെയ്ക്കുക. എന്നാൽ വൈകാരികമായി അടിമത്വത്തിൽ അകപ്പെടരുത്.