Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വീൽ ചെയറിലെങ്കിലും അവനെ കിട്ടിയേനേ; ഹൃദയം പൊള്ളിച്ച് ഒരു കത്ത്

abhimanyu-ramanandan-accident-letter-to-benz-owner

അടുത്തിടെ മലയാളികൾ ഏറെ ആഘോഷിച്ച ഒരു ആൽബമായിരുന്നു മൗനം സൊല്ലും വാർത്തകൾ. ആൽബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യുവിന്റെ അപകടമരണവാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു അപകടം. 

അഭിമന്യു സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോഴിതാ അഭിമന്യുവിന്റെ ബന്ധു കാർ ഉടമക്കെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഭിമന്യുവിനെ ഇടിച്ചുതെറിപ്പിച്ചത് ഒരു ബെൻസ് കാറാണെന്നും അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കത്തിൽ പറയുന്നു. അഭിമന്യുവിന്റെ ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹന ഉടമയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങൽ സ്വദേശിയായ അഫ്സൽ(34) ആണ് അറസ്റ്റിലായത്. 

കത്ത് വായിക്കാം:

‘‘എത്രയും പ്രിയപ്പെട്ട ആ ബെൻസ് കാർ ഉടമയ്ക്ക്,

ഒരു അപകടം അത് ആർക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങൾ അണ് നമ്മുടെ നിരത്തുകളിൽ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവൻ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെൺമക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവൻ പോയി.

സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോൾ, കുഴിമാടത്തിൽ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോൾ, ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങൾക്ക് മാത്രം അണല്ലോ അല്ലേ?

ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവൻ അല്ലായിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൻ എന്റെ പൊന്നു മക്കൾക്ക് കാണാൻ ഒരു വീൽചെയറിൽ എങ്കിലും ഉണ്ടയേനെ. സഹിക്കാൻ പറ്റുന്നില്ല മാഷേ ... അയ്യോ വണ്ടി നിർത്തിയാൽ ചിലപ്പോൾ പോലീസ് കേസ് ആയാലോ, പൊല്ലാപ്പ് ആകില്ലെ? അതുപോലെ പുതിയ ബെൻസ് കാറല്ലെ, സീറ്റിൽ ഒക്കെ ചോരക്കറ ആയാലോ അല്ലേ?

മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതു കൊണ്ടുതന്നെ അങ്ങയെ താങ്കൾ, സുഹൃത്ത് എന്നൊക്കെ വിളിക്കട്ടെ.

അവൻ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആർക്കും അവന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല.

മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാൾ? ഒരിക്കൽ പണവും സ്വാധീനവും ഒന്നും ഒരു ജീവൻ രക്ഷിക്കാൻ പോരാതെ വരും അപ്പോൾ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില...

പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു.... എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹക്കട്ടെ.നഷ്ടം അത് ഞങ്ങൾക്ക് മാത്രം...’’

ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലും ശ്രദ്ധേയമായ േവഷം ചെയ്തിട്ടുണ്ട്.  ഇൗ ചിത്രങ്ങളുടെ സംവിധായകനായ സംവിധായകനായ രാഹുൽ റെജി നായരാണ് മൗനം സൊല്ലും വാർത്തകൾ എന്ന ആൽബവും ഒരുക്കിയത്. മേലാറ്റിങ്ങിൽ രേവതിയിൽ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ് അഭിമന്യൂ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആര്യ രാജാണ് ഭാര്യ. ജാനകി, ജനനി എന്നിവർ മക്കളാണ്.