കൗമാര പ്രായത്തില്‍ പലരും ജീവിതം മതിമറന്ന് ആഘോഷിക്കുകയും പല ദുശീലങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യാറുണ്ട്. രാത്രി വൈകി ഉറങ്ങുകയും, അനാവശ്യമായി കാശു ചിലവാക്കുകയും, കൂട്ടുകാരുമായി ദൂര്‍ത്തടിച്ചു നടക്കുകയും ആ പ്രായത്തില്‍ പതിവാണ്. എന്നാല്‍, ഇതൊക്കെ ഉപേക്ഷിച്ച് ജീവിതം കെട്ടിപ്പെടുത്തേണ്ട സമയമാണ് നിങ്ങളുടെ മുപ്പതുകളിൽ. താഴെ പറയുന്ന ചില നിര്‍ദേശങ്ങള്‍ നിങ്ങളുടെ ജീവതത്തിലെ ഗതി തന്നെ മാറ്റിയേക്കാം.
1. പുകവലി ഉപേക്ഷിക്കുക
നിങ്ങള്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ ആണോ? എങ്കില്‍ ഈ ശീലം ഉടനെ ഉപേക്ഷിക്കുക. പുകവലി മൂലം നിങ്ങളുടെ ശരീരത്തിൽ വന്ന കേടുകള്‍ മാറ്റാന്‍ പറ്റില്ലെങ്കിലും, ചില പഠനങ്ങള്‍ പ്രകാരം 40 വയസ്സിന് മുന്‍പ് പുകവലി ഉപേക്ഷിച്ചാല്‍ ആയുസ് അല്‍പം കൂടി നീട്ടിക്കിട്ടും.
2. ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും
പലരും എല്ലാ ദിവസവും ഉറങ്ങുന്നതും ഉണരുന്നതും പല സമയത്തായിരിക്കും. എങ്കില്‍ ഈ ശീലവും മാറ്റുന്നതാണ് നന്ന്. ദിവസവും ഉറങ്ങുകയും ഉണരുകയും ഒരേ സമയത്ത് തന്നെ ആക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉന്മേഷത്തിനും ഇതു സഹായിക്കും.
3. എഴുത്ത് ശീലമാക്കുക
ഡയറി എഴുത്ത് ശീലമാക്കുക. ജീവിതത്തിലെ പ്രധാനപ്പെട്ടതും രസകരമായ സംഭവവികാസങ്ങളൊക്കെ എഴുതി സൂക്ഷിക്കുക. ഇതു നിങ്ങളുടെ മാനസിക അസ്വസ്ഥത ഇല്ലാതാക്കും.
4. വ്യായാമം
വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗമാക്കുക. ഓട്ടം, നീന്തല്‍, നടത്തം, സൈക്ലിങ് എന്തുമാകട്ടെ, അതു മുടങ്ങാതെ ദിവസവും ചെയ്യുക. മുപ്പതുകളിൽ എത്തുന്നതോടെ നിങ്ങളുടെ ദേഹബലവും പേശി ശക്തിയും കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ വ്യായാമം ശീലമാക്കുക.
5. ഉള്ളതു കൊണ്ട് ഓണം പോലെ
മറ്റുള്ളവരുടെ കയ്യിലെ സമ്പാദ്യം കണ്ടു ദു:ഖിക്കാതെ നിങ്ങളുടെ കൈയ്യില്‍ ഉള്ളതു കൊണ്ട് സന്തുഷ്ടരായി ഇരിക്കുക. ചില പഠനങ്ങള്‍ പ്രകാരം, സ്വന്തം അധ്വാനത്തെ പ്രശംസിക്കുന്നവര്‍ക്ക് സന്തോഷം കൂടുകയും അശുഭാപ്തി വിശ്വാസം കുറയുകയും ചെയ്യും.
6. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക
സ്വന്തം അധ്വാനത്തെയും നേട്ടങ്ങളെയും മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താല്‍ അതു നിങ്ങളുടെ ഭാവിക്കും സ്വപ്നങ്ങള്‍ക്കും തടസമാകും. സ്വന്തം നേട്ടങ്ങളെ സ്വയം വിലയിരുത്തുക എന്നിട്ട് അതനുസരിച്ചു മുന്നേറുക.
7. നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ തന്നെ ക്ഷമിക്കുക
നിങ്ങളോട് സ്വയം ദയ കാണിക്കുക എന്നതാണ് ജീവിത വിജയത്തിലെ ഏറ്റവും മികച്ച ഘടകം. നാം വരുത്തിയ തെറ്റുകളെ അംഗീകരിക്കുകയും അവയോട് നമ്മള്‍ തന്നെ ക്ഷമിക്കുകയും ചെയ്യുക. അത് തിരുത്താന്‍ കഴിയുന്നവയാണെങ്കില്‍ അതിന് വേണ്ടി ശ്രമിക്കുക. ഇങ്ങനെ സ്വയം ക്ഷമിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ വികാരങ്ങളെയും നമുക്ക് അംഗീകരിക്കാനും തിരിച്ചറിയാനും ഒപ്പം നിയന്ത്രിക്കാനും സാധിക്കും. ഇത് ഭാവി ജീവിതത്തിലെ പല തെറ്റുകളില്‍ നിന്നും നമ്മെ പിന്‍തിരിപ്പിച്ചേക്കാം.
8. എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക
ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവരെ കാണിക്കാനോ, ബോദ്ധ്യപ്പെടുത്താനോ, സന്തോഷിപ്പിക്കാനോ വേണ്ടി ചെയ്യുന്നവരാണ് നമ്മള്‍. ഇത്തരം ശ്രമങ്ങള്‍ നിര്‍ത്തുക. സ്വയം ആഗ്രഹിക്കുന്നതും നമുക്ക് സന്തോഷിക്കാന്‍ കഴിയുന്നതും ആയ കാര്യങ്ങള്‍ ചെയ്യുക. ചെയ്ത കാര്യങ്ങളുടെ കണക്ക് പുസ്തകം ആരെയും കാണിച്ച് ഒപ്പിടീക്കേണ്ട ബാദ്ധ്യത നമുക്ക് ജീവിതത്തില്‍ ഇല്ല. നമ്മുടെ ജീവിതസന്തോഷങ്ങളോട് പൊരുത്തപ്പെടുന്നവരെ മാത്രം കൂടെ കൂട്ടുക.
9. സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റി വയ്ക്കരുത്
നിങ്ങള്‍ ജീവിതത്തില്‍ കൊണ്ട് നടക്കുന്ന ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും കണക്കെടുക്കുക. അത് സ്വന്തം വീട് വാങ്ങുന്നത് മുതല്‍, ഒരു ബുക്ക് പ്രസിദ്ധീകരിക്കുന്നതോ , യാത്ര പോകുന്നതോ, സിനിമ എടുക്കുന്നതോ വരെ ആകാം. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഉറപ്പാക്കുക. ഉണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശ്രമം പതിയെ ആരംഭിക്കുക.