Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വർഗത്തിൽ 72 കന്യകമാരെ ഭാര്യമാരായി ലഭിക്കും’കുട്ടി ഭീകരൻ വീട്ടുകാർക്ക് എഴുതിയ കത്ത്!

Letter Representative Image

‘എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാൻ മരിക്കുമ്പോൾ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങളതിനു സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോൾ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാൻ സാധിക്കും– ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഒരു പരിശീലന ക്യാംപിൽനിന്നു കണ്ടെത്തിയ കത്തിൽ പറയുന്നതാണിത്.

ചാവേർ ആക്രമണത്തിനു പോകുന്നതിനു മുമ്പ് പതിനഞ്ചു വയസുകാരനായ അലാ അബ്ദ് അൽ അക്കീദിയെന്ന കുട്ടി ഭീകരൻ വീട്ടുകാർക്ക് എഴുതിയ കത്താണിത്. ഐഎസിന്റെ ലെറ്റർ ഹെഡിലെഴുതിയ കത്തിൽ പടിഞ്ഞാറൻ മൊസൂളിലെ വീട്ടിലേക്കുള്ള വിലാസവും രേഖപ്പെടുത്തിയിരുന്നു.

ഇറാഖിലും സിറിയയിലും ചാവേർ ആക്രമണത്തിനായി ധാരാളം കുട്ടികളെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഈ കത്ത്. ജിഹാദിനുവേണ്ടി രണ്ടര വർഷത്തിനിടെ റിക്രൂട്ട് ചെയ്ത 15–16 വയസ്സുള്ള കുട്ടികളിൽ ഒരാളാണ് അക്കീദി. യുഎസ്, ഇറാഖ് സേനയ്ക്കെതിരെ പോരാടാൻ കുട്ടികളെയാണ് ഐഎസ് കൂടുതലായി ഉപയോഗിക്കുന്നത്.

ഐഎസിന്റെ പരിശീലന ക്യാംപിൽനിന്ന് റിക്രൂട്ട്മെന്റുകളുടെ വിവരമടങ്ങിയ റജിസ്റ്ററുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സിനു താഴെ പ്രായമുള്ള അൻപതോളം പേരുടെ ജന്മദിനമടക്കമുള്ള വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിരുന്നു.