2010ലാണ് ആദ്യമായി അനുരാധ കൊയ്‌രാളയെക്കുറിച്ച് കേള്‍ക്കുന്നത്. ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തിന് വേണ്ടി അവരെക്കുറിച്ച് ഒരു ലേഖനം തയാറാക്കാന്‍ വേണ്ട സാഹചര്യം വന്നപ്പോഴായിരുന്നു അത്. അനുരാധയോട് സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും നേപ്പാളിലെ ചില സാമൂഹ്യ പ്രവര്‍ത്തകരോട് അവരെക്കുറിച്ച് അന്വേഷിച്ചു. സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമല്ലാത്ത ഒരു സ്ത്രീ നടത്തുന്ന അനന്യസാധാരണ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നത് അപ്പോഴാണ്.
അനുരാധ കൊയ്‌രാള എന്നുള്ള പേര് ലോകവേദികളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതും ആ ഇടയ്ക്കായിരുന്നു. തീര്‍ത്തും സാധാരണക്കാരിയായ ഒരു നേപ്പാളി സ്ത്രീ, എന്നാല്‍ 2010ലെ സിഎന്‍എന്‍ ഹീറോ ഓഫ് ദി ഇയറിലെ താരം അവരായിരുന്നു. ലോകത്തിന്റെ ഹീറോകളില്‍ ഒരാളായി ഒരു സാധാരണ സ്ത്രീയെ സിഎന്‍എന്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ ശക്തമായ കാരണമുണ്ടായിരുന്നു. ഈ വര്‍ഷം പത്മശ്രീ പുരസ്‌കാരം ലഭിച്ചവരുടെ കൂട്ടത്തില്‍ അനുരാധ കൊയ്‌രാള എന്ന് പേരു കാണാനിടയായപ്പോള്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് യാതൊരു വകയുമില്ലായിരുന്നു. അത്രമാത്രം ജീവിതം തുളുമ്പി നില്‍ക്കുന്നു ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഈ നേപ്പാളി സ്ത്രീയുടെ കഥയില്‍.
മനുഷ്യക്കടത്തില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാന്‍ എന്നോടൊത്ത് നിങ്ങള്‍ അണിചേരൂ. നമ്മുടെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് ഇത്-സിഎന്‍എന്‍ ഹീറോ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു അത്. ഏഴു വര്‍ഷം മുമ്പു നടന്ന ആ പരിപാടിയില്‍ പങ്കെടുത്തവര്‍ നിറകണ്ണുകളോടെ ആയിരുന്നു അനുരാധയുടെ കഥ കേട്ടത്. ഇന്ത്യക്കു പുറത്തുനിന്ന് അനുരാധ മാത്രമേ ഇത്തവണ പത്മശ്രീ നേടിയവരുടെ പട്ടികയിലുള്ളൂ. കാരണം, 12,000ത്തിലധികം വരുന്ന പെണ്‍കുട്ടികള്‍ ഇന്ന് അവരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതമാണ് അനുരാധ തിരിച്ചു നല്‍കിയത്. മനുഷ്യക്കടത്തെന്ന പ്രാകൃത വ്യാപാരത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിച്ചെടുക്കാന്‍ തനിച്ചുള്ള പോരാട്ടം അനുരാധ ആരംഭിച്ചിട്ട് നാളേറെയായി.
ത്യാഗനിര്‍ഭരം
1949ല്‍ ജനിച്ച അനുരാധ ജീവിതത്തിന്റെ നല്ലൊരു ഭാഗവും അധ്യാപികയായാണ് ചെലവഴിച്ചത്. നേപ്പാളില്‍ അവര്‍ ദിജ്ജു എന്നാണ് അറിയപ്പെടുന്നത്. ചേച്ചി എന്നാണ് ദിജ്ജുവിന് നേപ്പാളി ഭാഷയില്‍ അര്‍ത്ഥം. എല്ലാവര്‍ക്കും മുതിര്‍ന്ന സഹോദരിയായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്കെതിരെയും നടക്കുന്ന കൊടിയ പീഡനങ്ങളാണ് അനുരാധയെ എപ്പോഴും അലട്ടിയിരുന്നത്. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനായി തന്റെ കയ്യിലെ കാശെല്ലാം സ്വരുക്കൂട്ടിവെച്ച് അവര്‍ 1993ല്‍ ഒരു ചെറിയ വീട് സജ്ജമാക്കി. ആ മുന്നേറ്റത്തിന് അവര്‍ ഒരു പേരുമിട്ടു, മയ്തി നേപ്പാള്‍. മയ്തി എന്നു പറഞ്ഞാല്‍ അമ്മയെന്നാണ് അർഥം, സ്ത്രീകള്‍ക്കായുള്ള പോരാട്ടമായതിനാലായിരുന്നു ആ പേര്.
ലൈംഗിക ആവശ്യത്തിനു വേണ്ടി പെണ്‍കുട്ടികളെ കടത്തുന്നവര്‍ക്കെതിരെ ആയിരുന്നു പോരാട്ടം. ഇതിന് ഇരയായിക്കൊണ്ടിരുന്ന 12,000 പെണ്‍കുട്ടികളെ അവര്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ പല ആവശ്യങ്ങള്‍ക്കായി കടത്തപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനും മയ്തി നേപ്പാളിലൂടെ അവര്‍ ശ്രമിച്ചു, ഇപ്പോഴും ശ്രമിക്കുന്നു.
രക്ഷിച്ച പല പെണ്‍കുട്ടികളെയും തിരിച്ച് സ്വീകരിക്കാന്‍ വീട്ടുകാര്‍ തയാറാകാറില്ലെങ്കിലും അവര്‍ മയ്തി നേപ്പാളില്‍ സന്തുഷ്ടരാണ്. വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കപ്പെട്ട സ്ത്രീകളെ അതില്‍ നിന്നും പുറത്തെത്തിച്ച് അവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ 68കാരി. എച്ച്‌ഐവി ബാധിച്ചവര്‍ക്കും ഇവര്‍ അഭയം നല്‍കുന്നു. ഇവരുടെയെല്ലാം മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിലും മയ്തി നേപ്പാള്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല.
ഗ്രാമങ്ങള്‍ തോറും നടന്ന് മനുഷ്യക്കടത്തിനെതിരെ പ്രചരണങ്ങള്‍ നടത്തുകയും അതിന് ഇരയായവരെ സമൂഹം ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കാനും ശ്രമിച്ചുവരികയാണ് അനുരാധയും കൂട്ടരും. സമൂഹം മാറ്റി നിര്‍ത്തിയ സ്ത്രീകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കുകയും തൊഴിലധിഷ്ഠിത ട്രെയ്നിങ് നല്‍കുകയും ചെയ്യുന്നുണ്ട് മയ്തി നേപ്പാള്‍. ജര്‍മന്‍ യൂണിഫെ പ്രൈസ് 2007, ക്വീന്‍ സോഫിയ സില്‍വര്‍ മെഡല്‍ അവാര്‍ഡ്, ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങി നിരവധി മറ്റ് പുരസ്‌കാരങ്ങളും ഇതിനോടകം അനുരാധയെ തേടിയെത്തിയിട്ടുണ്ട്.
നിസ്വാര്‍ത്ഥത, ത്യാഗനിര്‍ഭരം, ധീരത തുടങ്ങിയ വാക്കുകള്‍ക്കെല്ലാം പുതിയ നിര്‍വചനങ്ങള്‍ എഴുതിത്തീര്‍ത്ത സ്ത്രീ ആയിരുന്നു അവര്‍. സ്ത്രീയെ അടിമക്കച്ചവടത്തിനുപയോഗിക്കുന്ന സാംസ്‌കരിക അധപതനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതത്തിന് മഹത്തായ സന്ദേശമായിരുന്നു ലോകത്തിന് നല്‍കാനുണ്ടായിരുന്നത്.