ഒരു ബോളിവുഡ് താരം എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയുള്ളിലേക്ക് വന്നുകയറുന്ന ചില മുഖങ്ങളുണ്ട്. മസില്‍ മന്നൻ സൽമാനെപ്പോലെ, ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിനെപ്പോലെ, കിങ്ഖാൻ ഷാരൂഖിനെപ്പോലെ അല്ലെങ്കിൽ ചുവടുകൾ കൊണ്ടു വിസ്മയം തീര്‍ക്കുന്ന ഋതിക് റോഷനെപ്പോലെയൊരു മുഖം. പക്ഷേ അവരിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തനായി ഒരു നടൻ ബോളിവുഡിലേക്കു വന്നെത്തി. നമ്മൾ സ്ഥിരം കാണുന്ന ചില മുഖങ്ങളെ അനുസ്മരിപ്പിച്ച ആ സാധാരണക്കാരനായ നടൻ പിന്നീടു ഹിറ്റുകളുടെ പെരുമഴയാണ് നെയ്തെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ പല താരരാജാക്കന്മാരെയും കടത്തിവെട്ടുന്നവയായിരുന്നു. പറഞ്ഞു വന്നത് അതൊന്നുമല്ല, സിനിമാത്തിരക്കുകളിൽ നിന്ന് അൽപസമയം കിട്ടിയാൽ കാരവനിലും കുടുംബങ്ങൾക്കുമൊപ്പം മാത്രമല്ല പാടത്തും പറമ്പിലും ചിലവഴിക്കാന്‍ ഇഷ്ടമുള്ളൊരു നടനുണ്ട്, മറ്റാരുമല്ല നവാസുദ്ദീൻ സിദ്ധിഖി ആണത്.
അടുത്തിടെ കൃഷിയിടത്തിൽ പണിയെടുക്കുന്നതിന്റെ ചിത്രം നവാസുദ്ദീൻ സിദ്ധിഖി പങ്കുവെച്ചിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുമ്പോഴും ലാളിത്യം മറക്കാത്ത നവാസുദ്ദീന്‍ സിദ്ധിഖിയുടെ ചിത്രം പെട്ടെന്നു വൈറലാവുകയും ചെയ്തിരുന്നു. വീട്ടിലെത്തുന്ന അവസരങ്ങളിലെല്ലാം കൃഷിക്കായി സമയം കണ്ടെത്താറുണ്ടെന്നു പറയുന്നു നവാസുദ്ദീൻ സിദ്ധിഖി. തന്റെ ജീവിതത്തിലെ ഇരുപതു വർഷക്കാലം കൃഷി ചെയ്തിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ പരമ്പരാഗത ഉപജീവനമാർഗമായിരുന്ന കൃഷി ചെയ്യുമ്പോൾ തനിക്കേറെ സന്തോഷം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
കൃഷിയെ അതിരുകവിഞ്ഞു സ്നേഹിക്കുന്ന അദ്ദേഹം കര്‍ഷകർക്കായി ധാരാളം സഹായങ്ങളും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കഴിഞ്ഞ മാസം യുപി സർക്കാർ നവാസുദ്ദീൻ സിദ്ധിഖിയെ കർഷകർക്ക് ഇന്‍ഷുറൻസ് വിതരണം ചെയ്യുന്ന പദ്ധതിയായ സമാജ്‌വാദി കിസാൻ ബീമ യോജനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഒരൊറ്റ സിനിമയിൽ മുഖം കാണിക്കുമ്പോഴേക്കും സാധാരണ ജീവിതത്തോടു വിടപറയുന്ന പല താരങ്ങൾക്കും പാഠമാണ് നവാസുദ്ദീന്‍ സിദ്ധിഖി എന്ന ഈ അതുല്യനടന്റെ ജീവിതം.