Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർന്ന അസ്ഥിയുമായി സൂപ്പർ സോണിക് വിമാനം പറത്തി റിജുൽ, രക്ഷിച്ചത് ആയിരങ്ങളെ!

Rijul റിജുൽ ശര്‍മ

അതിർത്തിയിൽ ആക്രമണം ഉണ്ടാകുമ്പോഴും യുദ്ധം നടക്കുമ്പോഴും മാത്രമാണ് ഒരു സൈനികന്റെ ജീവൻ അപകടത്തിലാകുന്നത് എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ് എന്നു തെളിയിക്കുന്നു റിജുൽ ശര്‍മയെന്ന ഈ സൈനികന്റെ കഥ. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ പ്രത്യേക ആകർഷണമായിരുന്നു റിജുലിന്റെ സാന്നിധ്യം. രാജ്യം ധീരതയ്ക്കുള്ള വായുസേന മെഡൽ നൽകി ആദരിച്ച ഈ ഉദ്യോഗസ്ഥന്റെ കഥ അത്യന്തം ആവേശത്തോടെ മാത്രമേ ഓരോ ഭാരതീയനും കേട്ടിരിക്കാൻ സാധിക്കുകയുള്ളൂ. 

കഴിഞ്ഞ ജൂൺ മാസത്തിലാണ് സ്‌ക്വാഡ് റൺ ലീഡറായ റിജുൽ  MiG 29  പറപ്പിക്കുന്നത്. MiG 29  യുടെ പരീക്ഷണപ്പറക്കലായിരുന്നു അത്. ഭൂമിയിൽ നിന്നും 10 കിലോമീറ്റർ മുകളിലായി സൂപ്പർ സോണിക് വേഗതയിൽ വിമാനം കുതിക്കുകയായിരുന്നു. അതുവരെ കാര്യങ്ങൾ എല്ലാം ശുഭം. എയർ പ്രെഷർ മാറുന്നതിനിടയിൽ അവിചാരിതമായാണ് അത് സംഭവിച്ചത്.  MiG 29 അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടു. വിമാനത്തിന്റെ മേൽക്കൂരഭാഗം തകർന്നു. മർധത്തിൽ ഉണ്ടായ വ്യതിയാനത്തെ തുടർന്ന് വിമാനം തെറ്റായ ദിശയിൽ നിയന്ത്രണം വിട്ടു പറന്നു. 

മേൽക്കൂരയുടെ ഒരു ഭാഗം വന്നു വീണത് കോക്പിറ്റിലുള്ള റിജുലിന്റെ വലതു ഷോൾഡറിൽ ആയിരുന്നു, അസ്ഥികൾ ഒടിഞ്ഞു. പെട്ടന്നുണ്ടായ അപകടത്തിലും അസ്ഥികൾ നുറുങ്ങുന്നതിന്റെ വേദന റിജുലിന് അറിയാൻ കഴിഞ്ഞു. ഇനി തന്റെ മുന്നിലുള്ളത് രണ്ടു വഴികളാണ് , ഒന്നാമത്തേത് വിമാനം ഉപേക്ഷിച്ച് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെടുക, രണ്ടാമത്തേത് ഏതു വിധേനയും വിമാനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തുക. അസ്ഥികൾ ഒടിഞ്ഞു തൂങ്ങുന്ന വേദനയിലും റിജുൽ വിമാനം പറത്താൻ തന്നെ തീരുമാനിച്ചു. 

കാരണം, സൂപ്പർ സോണിക് വേഗതയിലുള്ള വിമാനം അപ്രതീക്ഷിതമായി താഴെ വീണാൽ ഉണ്ടാകുന്ന നഷ്ടങ്ങളും ജനങ്ങളുടെ ജീവനുമായിരുന്നു ആ സൈനികന്റെ മനസ് നിറയെ. റിജുൽ സാവധാനം വിമാനത്തിന്റെ വേഗത നിയന്ത്രിച്ചു. വിമാനം ഭൂനിരപ്പിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം മുകളിലായി.അപ്പോഴേക്കും താപനിലയിൽ വ്യതിയാനം ആ സൈനികനെ തളർത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും അതിൽ തളരാതെ ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. 

ഇതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് റിജുൽ ശർമ്മ രക്ഷിച്ചത്. സ്വന്തം ജീവൻ പണയം വച്ചും രാജ്യത്തെ സ്നേഹിക്കുന്നവർ കഥയല്ല എന്ന് തെളിയിക്കുകയാണ് ഈ സൈനികന്റെ ജീവിതം.