ജീവിതത്തിൽ പലപ്പോഴും ഭക്ഷണം ഒരു കാര്യവുമില്ലാതെ പാഴാക്കി കളയുമ്പോൾ, ഒരു നേരത്തെ ഭക്ഷണത്തിനായി കൊതിച്ചു തെരുവിൽ അലയുന്നവരെ കുറിച്ച് നമ്മളിൽ എത്രപേർ ചിന്തിച്ചിട്ടുണ്ട്? നമുക്കു പലപ്പോഴും വലുത് നമ്മുടെ വിശപ്പും ദാഹവും മാത്രമാണ്. ഒരുപക്ഷെ നാം അലക്ഷ്യമായി പാഴാക്കുന്ന ഭക്ഷണ പദാർഥങ്ങൾ ഒരാളുടെ ജീവനും വിശപ്പിനും താങ്ങും തണലും ആയേക്കാം. ഈ തിരിച്ചറിവിൽ നിന്നുമാണ് ചന്ദ്രശേഖർ കുണ്ടു എന്ന അധ്യാപകന്റെ കഥ ആരംഭിക്കുന്നത്.
വെസ്റ്റ് ബംഗാളിലെ അസനോൾ എൻജിനിയറിംഗ് കോളേജിലെ അധ്യാപകനാണ് ചന്ദ്രശേഖർ കുണ്ടു. ഒരിക്കൽ കോളേജ് കാന്റീനിൽ ഇരുന്ന അദ്ദേഹം അവിടെ പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവുകണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആർക്കും ഉപകാരമില്ലാത്ത, ഭക്ഷണം ചവറ്റുകൊട്ടയിൽ തള്ളപ്പെടുമ്പോൾ, അവിടെ നിന്നും ആ ഭക്ഷണം തേടിപ്പിടിച്ചു ജീവിതം കരുപ്പിടിപ്പിക്കുന്ന കുരുന്നുകളുടെ കാഴ്ച അദ്ദേഹത്തിന് തീരാ വേദനയായി.
ഹോട്ടലുകളിലും ഹോസ്റ്റലുകളിലും കോളേജ് കാന്റീനുകളിലും മറ്റും ഇത്തരത്തിൽ ബാക്കി വരുന്ന ആഹാരം ശരിയാം വിധം ശേഖരിച്ച്, ഒരുനേരത്തെ ആഹാരത്തിനു വകുപ്പില്ലാതെ ജീവിക്കുന്ന കുരുന്നുകളിലേക്ക് എന്തുകൊണ്ട് എത്തിച്ചു കൂടാ? അദ്ദേഹം ചിന്തിച്ചു. ആ ചിന്ത തന്റെ വിദ്യാർത്ഥികളുമായി പങ്കുവച്ചപ്പോൾ, ഈ യജ്ഞത്തിൽ പങ്കാളികളാവാൻ അവർക്കും പൂർണ്ണസമ്മതം. അങ്ങനെ ചന്ദ്രശേഖർ കുണ്ടുവിന്റെ നേതൃത്വത്തിൽ ഫുഡ്, എഡ്യൂക്കേഷൻ ആൻഡ് എക്കൊണോമിക് ഡെവലപ്മെന്റ് അഥവാ ഫീഡ് എന്ന പ്രസ്ഥാനം ആരംഭിച്ചു.
കുരുന്നുകളുടെ വിശപ്പടക്കി ഫീഡ്
പേരുപോലെ തന്നെ, ഭക്ഷണം കൊടുത്തു വിശപ്പകറ്റുക എന്നതാണ് ഫീഡിന്റെ ലക്ഷ്യം. അസനോളിന്റെ പ്രാന്ത പ്രദേശങ്ങളിലായാണ് ആദ്യം ഫീഡ് പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം തുടങ്ങിയപ്പോഴാണ് കൊൽക്കത്തയുടെ തെരുവിൽ ഭക്ഷണത്തിനും വെള്ളത്തിനും വഴിയില്ലാതെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണം ചന്ദ്രശേഖർ കുണ്ടുവിനെ ഞെട്ടിച്ചത്. ഇതിൽ ഏറിയപങ്കും കുട്ടികളായിരുന്നു എന്നതും ശ്രദ്ധേയം.
കോളേജ് കാന്റീനിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും അമിതമായി വരുന്ന ഭക്ഷണം വിദ്യാർഥികളുടെ സഹായത്തോടെ ശേഖരിച്ച്, വൃത്തിയുള്ള പാക്കറ്റുകളിലാക്കി ചന്ദ്രശേശേഖറും സംഘവും ദിവസവും മൂന്നു നേരം തെരുവിലേക്കെത്തിക്കും. അവിടെ ആ ഭക്ഷണത്തിനായി കാത്തിരിക്കുന്നവർ ധാരാളം. ഫീഡ് പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ധാരാളം പേര്‍ പ്രവർത്തകരായി എത്തി. അതിനാൽ ഭക്ഷണം കണ്ടെത്താൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നു ചന്ദ്രശേഖർ പറയുന്നു.
പാഠം ഒന്ന്, വിശപ്പ് !
ജീവിതത്തിലെ ഏറ്റവും വലിയ പാഠം വിശപ്പാണ് എന്നു ചന്ദ്രശേഖർ പറയുന്നു. അതു മാറ്റാനായാണ് എല്ലാവരും പ്രയത്‍നിക്കുന്നത്. മറ്റുള്ളവരുടെ വിശപ്പകറ്റാൻ നമുക്കായില്ലെങ്കിലും, ഭക്ഷണം പാഴാക്കാതിരിക്കുക. നമ്മൾ ഭക്ഷണം പാഴാക്കുമ്പോൾ നഷ്ടമാകുന്നത് മറ്റൊരുവനു ലഭിക്കേണ്ട അന്നമാണ്. അദ്ദേഹം പറയുന്നു.
നിലവിൽ അസനോളിൽ മാത്രം 150ൽപരം കുട്ടികൾക്കാണ് ഈ അധ്യാപകൻ ഭക്ഷണം എത്തിക്കുന്നത്. പ്രവർത്തനം കൊൽക്കത്തയുടെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 19.5 കോടി ജനങ്ങൾ വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിക്കുന്നു. ഇവരെയെല്ലാം രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിലും, തനിക്കു ചുറ്റുമുള്ള ഒരു ചെറിയ സമൂഹത്തിന്റെ വിശപ്പകറ്റാനുള്ള ശ്രമമാണ് താൻ നടത്തുന്നത് എന്ന് അദ്ദേഹം പ്രവർത്തി കൊണ്ടു തെളിയിച്ചു.
പ്രതിമാസം 4500 പ്ളേറ്റ് ഭക്ഷണമാണ് ഫീഡ് തന്റെ പ്രവർത്തനങ്ങളിലൂടെ ലാഭിക്കുന്നത്. ഈ അധ്യാപകന്റെ പ്രവർത്തനങ്ങളിൽ പൂര്‍ണപിന്തുണയുമായി കൂടെയുള്ളത് വിദ്യാർഥികൾ തന്നെയാണ്. ഇപ്പോൾ അസനോളിലെ തെരുവുകളിൽ അലയുന്ന ഓരോ കുഞ്ഞിനും വിശ്വാസമുണ്ട്. തങ്ങളുടെ വിശപ്പകറ്റാൻ , കൃത്യമായി 'സാർ' വരുമെന്ന്.