സമൂഹത്തെ വിവിധ ശ്രേണികളിൽ തഴയപ്പെടുന്നവരാണ് ഭിന്നലിംഗക്കാരെന്നും മൂന്നാംലിംഗക്കാരെന്നും മറ്റും അറിയപ്പെടുന്ന ട്രാന്സ്ജെൻഡേഴ്സ്. ഈ ലോകം ആണ്, പെണ്ണ് എന്നീ രണ്ടു ലിംഗ വിഭാഗങ്ങൾക്ക് വേണ്ടി മാത്രം രൂപപ്പെടുത്തിയതാണ് എന്ന ചിന്തയിൽ നിന്നുമാണ് ഭിന്നലിംഗക്കാർ ബഹിഷ്കൃതരായത്. ഭിന്നലിംഗക്കാരും മനുഷ്യരാണ്, അവരിലും കരുണയും ആർദ്രതയും ഉണ്ട്. നമ്മിൽ നിന്നും അവർ ആഗ്രഹിക്കുന്നത് മനുഷ്വത്വം മാത്രമാണ് എന്ന് തെളിയിക്കുകയാണ് ട്രാൻസ്‌ജെൻഡർ മോഡൽ ഗൗരി സാവിത്രി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരുണ എന്ന ഹ്രസ്വചിത്രം .
ചിത്രത്തിൻറെ ഇതിവൃത്തം ഇങ്ങനെ.. തിരക്കേറിയ ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന അമ്മൂമ്മയും അപ്പൂപ്പനും കൊച്ചുമകളും അടങ്ങുന്ന കുടുംബം. കുസൃതിക്കണ്ണുള്ള ആ കുട്ടിയുടെ അമ്മയെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഭാര്യക്ക് എന്ത് സംഭവിച്ചു എന്നറിയാതെ ഭർത്താവും മരുമകളെ ഓർത്ത് ആകുലപ്പെട്ട് അയാളുടെ മാതാപിതാക്കളും ഇരിക്കുന്നു.
ഡോക്ടറെ കാണാൻ മുറിയിലേക്ക് പോകുന്ന വഴി ആ പെൺകുട്ടിയുടെ കയ്യിലിരുന്ന പാവ താഴെ വീണു, കൗതുകത്തോടും ലാളനയോടും കൂടി അവിടെ ഇരുന്നിരുന്ന ഒരു സ്ത്രീ ആ പാവയെ എടുത്തു കുഞ്ഞിന് കൊടുക്കുകയാണ്. അപ്പോഴാണ് കുഞ്ഞിന്റെ അമ്മൂമ്മ പാവയെ എടുത്തു നൽകിയ ഗൗരിയെ ശ്രദ്ധിക്കുന്നത്. ഗൗരി ഒരു ഭിന്നലിംഗക്കാരിയാണ് എന്ന് മനസിലാക്കിയ അവർ കുഞ്ഞിനോട് അവരെ തൊടരുത് എന്ന് പറയുകയും പാവ അവരിൽ നിന്നും തട്ടി എടുത്ത് കുഞ്ഞിന് നൽകുകയും ചെയ്തു.
പിന്നീട് ഡോക്ടർ വരുന്നതിനായി കാത്തിരിക്കുമ്പോൾ, സ്ത്രീ വേഷ ധാരിയായ ഗൗരിയെ പലരും കളിയാക്കുന്നതും അർഥം വച്ച് നോക്കുന്നതും കാണാം. അവിചാരിതമായി ഗൗരിയുടെ സീറ്റിനടുത്തായി ഇരുന്ന മകനെ, ആ സ്ത്രീ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച് എഴുന്നേൽപ്പിച്ചു വിടുകയും ചെയ്യുന്നു. ആ ആശുപത്രി വരാന്തയിൽ എല്ലാവരും തന്നെ ആക്ഷേപത്തോടെ നോക്കുന്നത് നിശബ്ദമായി വീക്ഷിക്കുകയാണ് നായികയായ ഗൗരി സാവിത്രി.
കഥയുടെ അവസാനം ഡോക്ടർ വരുന്നു. ഗൗരിയെ ആ കുടുംബത്തിന് പരിചയപെടുത്തിയ ശേഷം, ഗൗരിയാണ് അപകടത്തിൽ പെട്ട നിങ്ങളുടെ ഭാര്യയെ രക്ഷിച്ചത് എന്ന് പറയുന്ന നിമിഷം, എല്ലാവരും നിശ്ശബ്ദരാകുന്നു. ആ നിശബദതയ്‌ക്ക് പശ്ചാത്താപത്തിന്റെ മുഖമുണ്ടായിരുന്നു. എന്നാൽ പിന്നീട് അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ, അപകടത്തിൽപ്പെട്ട സ്ത്രീയുടെ സ്വർണമാല ഭർത്താവിന്റെ കൈകളിൽ തിരിച്ചേൽപ്പിച്ചു സ്റ്റേ ബ്ലെസ്ഡ് എന്ന് പറഞ്ഞു ആശുപത്രിയിൽ നിന്നും ഇറങ്ങി പോകുകയാണ് ഗൗരി.
സ്വന്തം ജീവിതത്തിൽ പലവട്ടം അനുഭവിക്കേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളുടെ ആകെ തുകയായാണ് ഗൗരി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കരുണയുള്ള, ഭിന്നലിംഗക്കാർക്ക് മനുഷ്യർ എന്ന സ്ഥാനമാണ് വേണ്ടത് എന്ന് ഈ ചിത്രത്തിലൂടെ റെഡ് ലോട്ടസ് മോഡൽ കൂടിയായ ഗൗരി പറയുന്നു.