Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്കും വികാരങ്ങളുണ്ട്...' ലൈംഗിക പീഡനത്തിനിരയായ പത്തു വയസുകാരന്റെ തുറന്ന കത്ത് !

Sexual Abuse ലൈംഗിക പീഡനത്തിനിരയായ പത്തു വയസുകാരന്റെ കത്ത്

സ്ത്രീകൾക്കെതിരെ മാത്രമല്ല കുട്ടികൾക്കെതിരെയും പീഡനങ്ങൾ വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ പിറന്നുവീഴുന്ന പിഞ്ചുപൈതൽ മുതൽ പ്രായപൂർത്തിയാകാത്ത ബാല്യങ്ങൾ വരെ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്നു. പല കുഞ്ഞുങ്ങൾക്കും തങ്ങൾ കടന്നുപോയ ഭീതിതമായ അവസ്ഥ എന്താണെന്നു പോലും വ്യക്തമാക്കാൻ കഴിയാത്ത പ്രായത്തിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.

സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കത്തും ലൈംഗിക പീഡനത്തിനിരയായ ഒരു കുരുന്നിന്റേതാണ്. പേരുവെളിപ്പെടുത്താത്ത പത്തുവയസുകാരനായ ആ ആൺകുട്ടി താൻ നേരിട്ട പീഡനത്തെ, തന്നെപ്പോലെ ഇരയായവർക്കെല്ലാം വേണ്ടി പങ്കുവെക്കുകയാണ്. ഓട്ടിസ്റ്റിക് കൂടിയായ ഈ ബാലന്റെ കത്ത് മനസലിവുള്ളവരുടെ കണ്ണു നനയിക്കുമെന്നതിൽ സംശയമില്ല.

''ഹായ്, എന്റെ പേര്....... എനിക്കിപ്പോൾ പത്തു വയസുണ്ട്. ‍ഞാനും നിങ്ങളെപ്പോലെ ലൈംഗികമായി ആക്രമിക്കപ്പെട്ടു.

ഞാനെന്റെ അധ്യാപികയോട് ഇതേപ്പറ്റി പറഞ്ഞിരുന്നു, പക്ഷേ അവരത് ചെവിക്കൊണ്ടില്ല. പിന്നീട് ഞാൻ അമ്മയോട് ഇക്കാര്യം പറയുകയും കൗൺസിലിങിനു വിധേയമാവുകയും ചെയ്തു.

ഞാനെന്നെ വേദനിപ്പിക്കാൻ ശ്രമിച്ചു. ഞാനിതു വെറുക്കുന്നു. എനിക്കു മാറണമെന്നില്ലെങ്കിൽക്കൂടിയും അവരെന്റെ സ്കൂളുകൾ മാറ്റി, കാരണം എന്നോട് ഇങ്ങനെ ചെയ്ത ആൺകുട്ടി അവിടെതന്നെയുണ്ടായിരുന്നു.

നിങ്ങളെ വിഷമിപ്പിച്ചതിൽ എന്നോടു ക്ഷമിക്കണം. നിങ്ങളെപ്പോലുള്ള വികാരങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. എന്റെ പ്രിൻസിപ്പാൾ പറഞ്ഞത് ഞാൻ ഓട്ടിസ്റ്റിക് ആയതിനാൽ സാധാരണ കുട്ടികളുടേതു പോലെ എനിക്കു ഫീൽ ചെയ്യില്ലെന്നും അതു ഭാഗ്യമാണെന്നുമാണ്. പക്ഷേ എനിക്കു ഭാഗ്യമായി തോന്നുന്നില്ല''.-ഇതാണ് കത്തിലെ ഉള്ളടക്കം.

തന്റെ മകൻ പലതവണ അധ്യാപികയെ അറിയിച്ചെങ്കിലും അവർ അതു ഗൗരമാക്കിയെടുത്തില്ലെന്നാണ് കുട്ടിയുടെ മാതാവു പറയുന്നത്. ടോയ്‍ലറ്റിലേക്കു പോകുമ്പോൾ മറ്റൊരു ആൺകു‌ട്ടി തന്നെ ഉപദ്രവിക്കുന്നുവെന്നാണ് അവൻ അമ്മയോടു പറഞ്ഞത്. തന്നെ ഉപദ്രവിച്ചയാളെ വീണ്ടും കാണുമ്പോൾ മാനസികമായി തളരേണ്ടെന്നു കരുതിയാണ് അവന്റെ സ്കൂൾ മാറ്റിയത്.

മകന്‍ സ്കൂളിൽ പോകുന്നില്ലെന്നു പറഞ്ഞ് എന്നും കരയുമായിരുന്നു. ഉപദ്രവിച്ച കാര്യം ആരോടെങ്കിലും പറഞ്ഞാൽ മകനെ കൊന്നുകളയുമെന്നു ഭീഷണിപ്പെ‌ടുത്തിയിരുന്നുവത്രേ. നാളുകൾ കഴിഞ്ഞിട്ടും ആ സംഭവം മകനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ആ അമ്മ പറയുന്നു. നീണ്ട തെറാപ്പികൾക്കും കൗണ്‍സിലിങ്ങിനും ശേഷം അവന്‍ സാധാരണ ജീവിതത്തിലേക്കു കടന്ന വരുന്നതേയുള്ളു. അതിനിടെ ഓട്ടിസ്റ്റിക് ആയതിനാൽ അവനു വേഗത്തിൽ ആ അവസ്ഥയെ തരണം ചെയ്യാനാകുമെന്നു പറഞ്ഞു പ്രിൻസിപ്പാളിനു നേരെ പ്രതിഷേധം ഉയരുകയാണ്.