Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികനായ ഭർത്താവിനെക്കുറിച്ച് ആത്മാഭിമാനത്തോടെ ഭാര്യയുടെ തുറന്ന കത്ത് 

Army Husband പട്ടാളക്കാരനായ ഭർത്താവിനെക്കുറിച്ച് അഡ്വക്കേറ്റ് കൂടിയായ ഭാര്യ ഫേസ്ബുക്കിൽ എഴുതിയ കത്ത് വൈറലാവുകയാണ്.

കഠിനമായ തണുപ്പും വെയിലും വകവെക്കാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഓരോ സൈനികനും ജീവൻ പണയം വച്ചാണു രാജ്യത്തെ സംരക്ഷിക്കുന്നത്. പ്രിയ്യപ്പെട്ടവരെ ഒരുനോക്കു കാണാൻ കഴിയാതെ ഭീകരരെ എതിരിടാൻ നിറതോക്കുമായി നിൽക്കുമ്പോൾ അവരോരുത്തരുടെയും ഉള്ളിൽ അഭിമാനം നിറഞ്ഞു തുളുമ്പുകയായിരിക്കും, അതെ രാജ്യത്തിർത്തികളിൽ കഴിയുന്ന പലരും സമാധാനത്തോടെ ജീവിതം നയിക്കുന്നതിനു കാരണം ഈ പട്ടാളക്കാരാണ്. പക്ഷേ നാമെല്ലം അവരെപ്പറ്റി അഭിമാനം കൊള്ളുന്നത് അവരുടെ ജീവന്‍ പോകുമ്പോൾ മാത്രമായിരിക്കും, അങ്ങനെയല്ല പട്ടാളക്കാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ആഘോഷിക്കപ്പെ‌ടേണ്ടവരാണെന്നു പറയുകയാണ് ഒരു സൈനികന്റെ ഭാര്യ. പട്ടാളക്കാരനായ ഭർത്താവിനെക്കുറിച്ച് അഡ്വക്കേറ്റ് കൂടിയായ ആ ഭാര്യ ഫേസ്ബുക്കിൽ എഴുതിയ കത്ത് വൈറലാവുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിംബയോസിസ് സര്‍വകലാശാലയിൽ ഞാന്‍ നിയമബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. അദ്ദേഹം അന്ന് എൻഡിഎഎ(നാഷണൽ ഡിഫന്‍സ് അക്കാഡമി) കാഡറ്റായിരുന്നു. എല്ലാത്തിന്റെയും തുടക്കം വളരെ രസകരമായിരുന്നു. ഞാനും എന്റെ സുഹൃത്തും എല്ലാ ആഴ്ച്ചയും 11 രൂപയുടെ ബസ് യാത്ര ചെയ്ത് എൻഡിഎ കാംപസിലെത്തുമായിരുന്നു. വേറെ ഒന്നിനുമല്ല, അവിടുത്തെ കാന്റീനിലെ ഭക്ഷണത്തിനു നന്നേ വില കുറവാണ്. അങ്ങനെയാണു ഞങ്ങൾ സുഹൃത്തുക്കളായത്. എന്നാൽ വൈകാതെ അദ്ദേഹം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമയിലേക്കു പോയി. അതിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റിംഗ്. അപ്പോഴെല്ലാം കത്തുകളിലൂടെ മാത്രമായിരുന്നു ഞങ്ങള്‍ പരസ്പരം സംസാരിച്ചത്, മൊബൈല്‍ ഫോണ്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങള്‍ സംസാരിക്കാനുള്ള കാര്യങ്ങള്‍ എഴുത്തിലൂടെ കൈമാറി. ഞങ്ങളുടെ ദിവസങ്ങള്‍, ഞങ്ങളുടെ ജീവിതങ്ങള്‍...അതെല്ലാം തീർത്തും നിഷ്കളങ്കമായ കത്തുകളായിരുന്നു. എന്നാല്‍ എനിക്കു വളരെ പ്രിയപ്പെട്ടതും. അദ്ദേഹം എത്ര ലളിതമായ ഒരു വ്യക്തിയാണെന്ന് ആ കത്തുകള്‍ എനിക്ക് മനസിലാക്കി തന്നു. 

ആറുവർഷം അങ്ങനെ പോയി. അവസാനം എനിക്കൊരു എസ്എംഎസ് കിട്ടി. എനിക്ക് നിന്നോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്നതായിരുന്നു അത്. എല്ലാം ഒത്തുവന്ന സമയമായിരുന്നു അത്. കല്ല്യാണത്തിനു ശേഷം ഞാന്‍ അദ്ദേഹത്തോടൊപ്പം ബത്തിന്‍ഡയിലേക്കു പോയി. വക്കീല്‍ വേഷമണിഞ്ഞു ജോലിയും തുടങ്ങി. രണ്ടര വർഷം വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ പോയി. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ജോലി മാറുന്നതിനനുസരിച്ച് എനിക്കു മാറ്റം സാധ്യമല്ലായിരുന്നു. അദ്ദേഹത്തിനു പോസ്റ്റിംഗ് ലഭിക്കുന്ന ചില സ്ഥലങ്ങളില്‍ എനിക്കു ചെയ്യാന്‍ പറ്റുന്ന ഏക ജോലി ടീച്ചറുടേതു മാത്രമായിരുന്നു. അതിനല്ല ഞാന്‍ കരിയര്‍ തെരഞ്ഞെടുത്തതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. 

അങ്ങനെ, ഞങ്ങള്‍ ഒരുമിച്ചൊരു തീരുമാനമെടുത്തു. ഞാന്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനായി ബോംബെയിലേക്കു തമാസം മാറുന്നു. അദ്ദേഹം ജോലിയുമായി മുന്നോട്ടു പോകും. അത് അൽപം വിഷമകരമായ തീരുമാനമായിരുന്നെങ്കിലും വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ വലിയ കത്തുകള്‍ വാട്സ്ആപ്പ് മെസേജുകളിലേക്കു വഴി മാറി. നാലു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ കാണും. അപ്പോള്‍ അദ്ദേഹത്തോടൊപ്പം ചിലവഴിക്കുന്ന 15 ദിവസങ്ങൾ എനിക്കെല്ലാം ആണ്.  ഞങ്ങള്‍ക്കു 3 വയസുള്ള ഒരു പെൺകുട്ടിയുണ്ട്. 

ഒരു സൈനികന്റെ രാഷ്ട്രത്തോടുള്ള അഭിനിവേശത്തെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകളില്ല. നമ്മള്‍ ഇവിടെ ബോണസിനും ലീവ് ഡേറ്റുകൾക്കുമെല്ലാം വേണ്ടി പരാതി പറയുന്നു. സേനയില്‍ നിങ്ങള്‍ ഒരേ റാങ്കിലാണ്, ഒരേ ശമ്പളത്തിലാണ് ഒരു പതിറ്റാണ്ടോളം, ശേഷമാണ് ഒരു മാറ്റമുണ്ടാകുക. ഇപ്പോള്‍ ഏവിയേഷന്‍ രംഗത്താണ് അദ്ദേഹം. ചില ദിവസങ്ങളില്‍ ഞാന്‍ ആശങ്കയോടെ എഴുന്നേറ്റു പറക്കരുതെന്നു പറയും. കുറേ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ അദ്ദേഹത്തെ എനിക്കു വല്ലാതെ മിസ് ചെയ്യാറുണ്ട്. അപ്പോള്‍ എന്റെ മോള്‍ ആശ്വസിപ്പിക്കും, എല്ലാം നമ്മുടെ രാഷ്ട്രത്തിനുവേണ്ടിയല്ലേ അമ്മേ. ദൂരെയാണെങ്കിലും അത്രമാത്രം സ്നേഹ നിർഭരനായ ഒരു അച്ഛനുമാണ് അദ്ദേഹം‍. അവളുടെ സ്കൂള്‍ കാര്യങ്ങളിലെല്ലാം ഇടപെടാന്‍‌ പറ്റുമ്പോഴെല്ലാം അതുചെയ്യും. 

ഞാന്‍ ഇത്രയും പറഞ്ഞത് നമ്മുടെ സൈനികരെ അവരുടെ ജീവന്‍ പോകുമ്പോള്‍ മാത്രമാണ് നമ്മള്‍ ആഘോഷിക്കാറുള്ളത് എന്നു സൂചിപ്പിക്കാനാണ്. അങ്ങനെയാകരുത്. എല്ലാ ദിവസവും അവര്‍ ആഘോഷിക്കപ്പെടണം. എന്റെ ഭർത്താവിന്റെ നിരവധി സുഹൃത്തുക്കൾക്ക് യുദ്ധത്തിലും മറ്റുമായി ജീവന്‍ നഷ്ടപ്പെട്ടു. യാതൊരുവിധ നെറ്റ് വർക്കുമില്ലാത്ത മേഖലകളിലേക്ക് അദ്ദേഹം പോകുമ്പോള്‍ ദിവസങ്ങളോളം തമ്മില്‍ ബന്ധപ്പെടാതിരുന്നിട്ടുണ്ട്. കുറേദിവസം കഴിഞ്ഞ് വിളിക്കും, ഞാന്‍ ഓകെ ആണ്. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. അദ്ദേഹം അതിനു പരാതി പറയുന്ന ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ഓരോ ദിവസവും എഴുന്നേൽക്കുന്നത് മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെയാണ്, കാരണം തന്റെ രാജ്യത്തെ സേവിക്കുകയാണ് അദ്ദേഹം.

Your Rating: