കംപ്യൂട്ടർ സയൻസ് പഠിച്ച ശേഷം ഒരു സോഫ്ട്െവയർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ. ജോലിയിലെ സമ്മർദവും ടെൻഷനുമൊക്കെ താങ്ങാവുന്നതിലും അധികമായി. സ്വന്തമായെന്തെങ്കിലും തുടങ്ങിയാലോയെന്ന ആലോചന വന്നത് അപ്പോഴാണ്. ജോലിയിലിരുന്നു കൊണ്ടു തന്നെ ഓൺലൈനായി വിവിധ ബിസിനസുകളെക്കുറിച്ച് പഠിച്ചു. ഈ രംഗത്തുള്ള സുഹൃത്തുക്കളുമായി സംസാരിച്ചു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നല്ല സ്കോപ്പുള്ള സോഷ്യൽ മീഡിയ മാര്‍ക്കറ്റിങ്ങിലേക്കു കടക്കുന്നത്.
വിദേശത്തുള്ള ക്ലയന്റുകളെ കണ്ടെത്തി. ഓൺലൈൻ സൈറ്റുകൾ വഴിയായിരുന്നു ഇവരെ തേടിപ്പിടിച്ചത്. ഇപ്പോൾ അമേരിക്കയും യൂറോപ്പും പോലുള്ള സ്ഥലങ്ങളിലെ വിവിധ കമ്പനികൾക്കായി പ്രോഡക്ട് പ്രൊമോഷൻ ജോലികൾ ചെയ്യുന്നു. പേജ് മാത്രമായിട്ടും പ്രതിമാസാടിസ്ഥാനത്തിലും ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നു. ചിലതു പോകുമ്പോൾ പുതിയതു വരുന്നുണ്ട്. അഡ്വാൻസ് പേയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ചാണ് സർവീസ് ചാർജ് വാങ്ങുക. അങ്ങനെ നൽകുന്നവരെ നോക്കിയാണ് ജോബ് സിലക്ട് ചെയ്യുന്നതും.
കൺസെപ്ടും കണ്ടന്റും ഇമേജുമെല്ലാം തരുന്ന ക്ലയന്റുകളുണ്ട്. അതുപയോഗിച്ച് അവരുടെ നിർദേശാനുസരണം വേണ്ട മാർക്കറ്റിങ് ചെയ്യുന്നു. ചിലർക്ക് ഇതെല്ലാം നമ്മൾ തന്നെ കണ്ടെത്തി ചെയ്യേണ്ടിവരും. അതുകൊണ്ട് ഒരു വർക്ക് ഏറ്റെടുക്കുമ്പോൾ തന്നെ തുക പറഞ്ഞുറപ്പിക്കും. അഖിൽ പറയുന്നു.
ഉൽപന്നത്തെക്കുറിച്ചും മാർക്കറ്റിനെക്കുറിച്ചുമെല്ലാം നമ്മുടെ ഭാഗത്തു നിന്നും ചില റിസേർച്ചുകൾ നടത്തേണ്ടതുണ്ട്. അതിനു ഗൂഗിളിനെയും ക്ലയന്റിന്റെ പഴയ മാർക്കറ്റിങ് ഡേറ്റായെയുമൊക്കെ ആശ്രയിക്കും.വീട്ടിലിരുന്ന് ബിസിനസ് തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷത്തോളമായി. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം കിട്ടുന്നു. പ്രത്യേക സമയമൊന്നും ഇല്ലെങ്കിലും ക്ലയന്റിനെ നേരിട്ടു ബന്ധപ്പെടണമെങ്കിൽ അവരുടെ സമയത്ത് നമ്മൾ ഓൺലൈനിൽ ഇരിക്കേണ്ടി വരും. അല്ലാത്ത കാര്യങ്ങളെല്ലാം നമുക്ക് നമ്മുടെ സമയവും സൗകര്യവും പോലെ ചെയ്യാം.
ഇത്തരം ഒരു തൊഴിൽമേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവർ സ്വയം മികച്ചൊരു പ്രൊഫൈൽ തയാറാക്കി എടുക്കണം. തുടക്കത്തിൽ കിട്ടുന്ന വർക്കുകൾക്ക് റേറ്റ് നോക്കേണ്ട. മികച്ച രീതിയിൽ തന്നെ ചെയ്യാൻ ശ്രമിക്കുക. ചെറിയ വർക്കുകളിലൂടെ നല്ലൊരു ഫീഡ്ബാക്ക് സൃഷ്ടിച്ചെടുക്കാം. എന്നിട്ട് വലിയ വർക്കുകളിലേക്കും മുന്നേറുകയാണ് വേണ്ടത്.– അഖിൽ പറയുന്നു.
അഖിൽ കെ. എ
കടമുറ്റത്ത് ഹൗസ്
കൊടുവഴങ്ങ, എറണാകുളം
മൊബൈൽ : 9605390009