സൈബര്‍ അക്രമണം നേരിട്ട വിദ്യാര്‍ഥിനി ഹനാന്‍ ഹന്ന ഫാഷന്‍ ഷോയുടെ റാംമ്പില്‍. ഖാദി വസ്ത്രങ്ങളുടെ പ്രചാരണാര്‍ഥം തിരുവനന്തപുരത്തു സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഹനാല്‍ മോഡലായത്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഇനിയില്ലെന്നു പറഞ്ഞ് ജീവിത പോരാട്ടത്തിലേക്കു മടങ്ങിയെത്തിയ ഹനാന്‍ ഫാഷൻ ഷോയിലെ അപ്രതീക്ഷിത സാന്നിദ്ധ്യമായിരുന്നു. റാംപിൽ ഒരു പൂമ്പാറ്റയെ പോലെ ഹനാൻ പാറി നടന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജാണ് ഹനാന് ഊര്‍ജം പകര്‍ന്ന് റാംപിലെത്തിച്ചത്. കേരള സാരി കൊണ്ടുള്ള ലാച്ചയായിരുന്നു ഹനാന്റെ വേഷം.
ഫാഷൻ സങ്കൽപ്പങ്ങളുടെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകുന്ന ന്യൂജനറേഷൻ ഇപ്പോൾ കണ്ണുവച്ചിരിക്കുന്നത് നമ്മുടെ ഖാദിയിലാണ്. പൈതൃകവും സംസ്ക്കാരവും വിളിച്ചോതുന്ന ഖാദി വസ്ത്രങ്ങൾ മുതിർന്നവരുടെ മാത്രമല്ല, മറിച്ച് എല്ലാ തലമുറയുടേയും ഇഷ്ട വസ്ത്രമായിരിക്കുകയാണ്. വേറിട്ട ഡിസൈനിലും വ്യത്യസ്ത അഴകളവുകളിലുമുള്ള ഖാദി വസ്ത്രങ്ങൾ ഓണ വിപണി കൈയ്യടക്കാനും എത്തുകയാണ്.
പ്രൗഢഗംഭീരമായ വേദിയെയും സദസിനെയും സാക്ഷിയാക്കി സംഘടിപ്പിച്ച ഖാദി ഫാഷൻ ഷോ ഈ തനത് വസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ മുൻധാരണകളെ മാറ്റിയെഴുതുന്നതായിരുന്നു. സാരി, ചുരിദാർ, പർദ്ദ, കുർത്ത, പൈജാമ, ഫ്രോക്ക്, ഗൗൺ എന്നു വേണ്ട ഇഷ്ട വസ്ത്രങ്ങളിലെല്ലാം ഖാദി ടച്ച് ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. അബ്സ്ട്രാക്റ്റ് റൗണ്ട്, പർദ്ദാ റൗണ്ട്, കിഡ്സ് റൗണ്ട്, സാരി റൗണ്ട്, സഖാവ് ഷർട്ട് റൗണ്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അൺപതോളം മോഡലുകളാണ് റാമ്പിൽ അണിനിരന്നത്.
തിരുവനന്തപുരം കിൻഫ്രയിലെ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഖാദിക്ക് ന്യൂജെൻ മുഖം നൽകിയിരിക്കുന്നത്. രശ്മി പദ്മ, അമാലി ഡെ പോൾ എന്നീ ഡിസൈനർമാരാണ് പുതുമയുള്ള ഖാദി ഡിസൈനുകൾക്കു പിന്നിൽ. ഖാദി ബോർഡുമായി സഹകരിച്ചാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഓണം ബ്ക്രീദ് വിപണിയില്‍ ഖാദി വസ്ത്രങ്ങള്‍ സജീവമാക്കാന്‍ ഫാഷന്‍ ഷോ മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.