ഫെയ്സ്ബുക്കിലെ മലയാളികളുടെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പ് ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന ജിഎൻപിസിക്ക് ഗിന്നസ് റെക്കോർഡ്. ഫെയ്സ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള കമന്‍റുകളുടെ എണ്ണത്തിലാണ് ജിഎന്‍പിസി ലോക റെക്കോര്‍ഡ് സ്ഥാപിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
രണ്ട് കോടിയോളം കമന്‍റുകളാണ് ജിഎൻപിസിയിൽ പ്രത്യക്ഷപ്പെട്ട് പോസ്റ്റ് നേടിയത്. രണ്ട് കോടി കമന്റു നേടിയ ഫെയ്സ്ബുക്കിലെ മറ്റൊരു പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇൗ സംഖ്യ മറികടന്നാണ് ജിഎൻപിസി റെക്കോർഡ് ഇട്ടത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ പോസ്റ്റായി ഇത് മാറി. അതേസമയം ലോക റെക്കോർഡ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുളള യാത്രയ്ക്കിടെ ജിഎന്‍പിസി മറ്റ് രണ്ട് റെക്കോര്‍ഡുകൾ കൂടി സ്വന്തം പേരിലെഴുതിയെന്ന് അംഗങ്ങൾ അവകാശപ്പെടുന്നു. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളും ജിഎന്‍പിസി കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ‘സീക്രട്ട് ഗ്രൂപ്പ്’ എന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഇവിടെ സജീവമാണ്.
സെപ്റ്റംബർ 29ന് തുടങ്ങിയ റെക്കേർഡിനായുള്ള ശ്രമം 8 ദിവസം കൊണ്ടു സഫലമായി. പോസ്റ്റിലേക്ക് കമന്റ് ആകർഷിക്കാൻ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഒരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യം നേടിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള ഗ്രൂപ്പാണ് ജിഎൻപിസി.