എമ്മ മൊറാനോയ്ക്ക് ഒരു അപൂര്‍വ റെക്കോഡുണ്ട്. ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി. ഈ നവംബര്‍ 27ന് അവര്‍ക്ക് 117 വയസ്സ് തികയും. പത്തൊമ്പാതാം നൂറ്റാണ്ടില്‍ ജനിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്ന അറിയപ്പെടുന്ന ഏക വ്യക്തിയെന്നെല്ലാം അവരെക്കുറിച്ച് വിശേഷണങ്ങളുണ്ട്.
1899ല്‍ ഇറ്റലിയിലെ വെര്‍ബാനിയയിലാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ഈ വനിതയുടെ ജനനം. മുത്തശ്ശിയുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യമെന്താണെന്ന് ആരും ഒന്നു ചോദിച്ചുപോകും.
ദിവസവും രണ്ട് മുട്ടയും കുക്കീസുമാണ് ഭക്ഷണം. എന്നാല്‍ അമ്മൂമ്മയ്ക്ക് പല്ലില്ലാത്തതു കൊണ്ട് അത്ര കൂടുതല്‍ ഭക്ഷണമൊന്നും കഴിക്കാന്‍ സാധിക്കില്ല. ഒന്നാം ലോക മഹായുദ്ധ കാലത്ത് അനീമിയ വന്നതിനെ തുടര്‍ന്നാണ് മുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കിയത്. അന്നവര്‍ക്ക് 20 വയസായിരുന്നു. മൂന്ന് മുട്ട, രണ്ടെണ്ണം പച്ചയ്ക്കും ഒന്ന് പാകം ചെയ്തതും കഴിക്കാനായിരുന്നു ഡോക്റ്റര്‍ നിര്‍ദേശിച്ചത്.
90 വര്‍ഷത്തിലധികമായി അവര്‍ ഈ ഡയറ്റ് തുടരുന്നു. ഇതാണ് എമ്മയുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യമെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. ഇന്ന് 100,000 ലധികം മുട്ടകള്‍ അകത്താക്കി കഴിഞ്ഞു ഈ മുത്തശ്ശി. ഇറച്ചിയൊന്നും പണ്ടു മുതലേ അത്ര താല്‍പ്പര്യമില്ലായിരുന്നു എമ്മയ്ക്ക്. അമേരിക്കയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ ഒഴുകിയെത്താറുണ്ട് ഈ മുത്തശ്ശിയുടെ ജീവിത രഹസ്യമറിയാന്‍.
ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തിയെന്ന റെക്കോഡ് മരിച്ചുപോയ ജീന്‍ കാല്‍മെന്റ് എന്ന ഫ്രഞ്ചുകാരന്റെ പേരിലാണ്. അത് എമ്മ തകര്‍ക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 30കളില്‍ തന്നെ വിവാഹമോചനം നേടിയ എമ്മ ശിഷ്ടജീവിതം സ്വന്തം കാലില്‍ നിന്നാണ് വെട്ടിപ്പിടിച്ചത്.
ഈ വര്‍ഷം മെയ് 16നായിരുന്നു ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് എമമ മൊറാനോയെ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.