∙ ലോകത്തിലെ ഏറ്റവും വലിയ ‘കേക്ക് ശിൽപ’ത്തിന്റെ വിശേഷം
ആനത്തലയോളം വെണ്ണ തരാമെടാ...എന്നു പറഞ്ഞാണ് ആനന്ദശ്രീകൃഷ്ണനെ വളർത്തമ്മ യശോദ വാൽസല്യത്തോടെ ഊട്ടിയിരുന്നത്. അങ്ങനെയൊക്കെ പറയുമെങ്കിലും ആനത്തലയോളം വെണ്ണ ആർക്കെങ്കിലും കഴിക്കാൻ പറ്റുമോ? യശോദയെപ്പോലെ പല അമ്മമാരും കുട്ടികളെ ചോറുണ്ണാൻ വേണ്ടി ഇങ്ങനെ സ്നേഹത്തോടെ പറ്റിക്കാറുണ്ട്. ചക്കയുടെ അത്ര വലിപ്പമുള്ള മിഠായി തരാം, പായസക്കുളത്തിൽ കുളിക്കാൻ കൊണ്ടുപോകാം, മിഠായി കൊണ്ടുള്ള കൊട്ടാരം കാട്ടിത്തരാം..അങ്ങനെയങ്ങനെ പോകും ആ വാഗ്ദാനങ്ങൾ. കേട്ടാൽ ഇതുപോലെയൊക്കെ തോന്നുന്ന ഒരു സംഗതി അടുത്തിടെ ഇറ്റലിയിൽ നടന്നു. അവിടത്തെ മിലാൻ വ്യാപാരമേളയിൽ കുറേ പാചകവിദഗ്ധർ ചേർന്ന് ഒരു കേക്ക് തയാറാക്കി. നമ്മൾ ക്രിസ്മസിനും പിറന്നാളിനുമൊക്കെ മുറിക്കുന്ന പോലുള്ള കുട്ടിക്കേക്കല്ല, 1000 കിലോഗ്രാം വരുന്ന ‘ആനക്കേക്ക്’!!
ഒരു ക്രിക്കറ്റ് പിച്ചിനോളം വലിപ്പമുണ്ടായിരുന്നു ഈ കേക്കിനെന്നു പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. നിറയെ ക്രീമും പഞ്ചസാരയുമൊക്കെച്ചേർത്ത് ഉഗ്രനായി ബേക്ക് ചെയ്തെടുത്ത കേക്കിന്റെ നീളം 16.46 മീറ്റർ. വീതിയോ 13.94 മീറ്ററും. അങ്ങനെ വമ്പനൊരു കേക്കൊരുക്കി അതിൽ ക്രീം കൊണ്ട് ഇറ്റലിയുടെ ഭൂപടവും വരച്ചു ചേർത്തു നിർമാണ സംഘം. അതും പോരാതെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരവും ആൽപ്സ് പർവതനിരയും കാറും കടലും മീനും കൊട്ടാരവും പാർക്കുകളും മരങ്ങളും പൂക്കളുമൊക്കെ കുഞ്ഞുകുഞ്ഞു പ്രതിമകളായി കേക്കിനു മുകളിൽ നിരത്തി. അത്തരത്തിൽ ഒട്ടേറെ ക്രീംകലാരൂപങ്ങളുമായി കേക്ക് നിർമിച്ചെടുത്തത് നാലു ദിവസം സമയമെടുത്തായിരുന്നു. ഇറ്റലിയിലെ കേക്ക് ഡിസൈനർമാരുടെ ദേശീയ കൂട്ടായ്മയിലെ അംഗങ്ങളായ 300 പേരാണ് രാവും പകലും പണിയെടുത്ത് കൊതിയൂറും വിധത്തിൽ കേക്കിനെ അണിയിച്ചൊരുക്കിയത്.
ഗിന്നസ് ബുക്ക് അധികൃതരും കേക്കിന്റെ നിർമാണം കാണാനെത്തിയിരുന്നു. എല്ലാം പൂർത്തിയായതോടെ ആനക്കേക്ക് ഗിന്നസ് കേക്കായി റെക്കോർഡ് ബുക്കിലും കയറിപ്പറ്റി. ലോകത്തിലെ ഏറ്റവും വലിയ കേക്ക് ശിൽപമായിട്ടാണ് ഈ ഇറ്റാലിയൻ കേക്കിനെ ഗിന്നസ് അധികൃതർ അംഗീകരിച്ചത്. അതുതന്നെയായിരുന്നു കേക്ക് നിർമിച്ച സംഘത്തിന്റെയും ലക്ഷ്യം. എല്ലാം പൂർത്തിയായതോടെ പിന്നെ കേക്ക് എന്തു ചെയ്യുമെന്നായി ചിന്ത? ഒന്നുമാലോചിച്ചില്ല വ്യാപാരമേളയ്ക്ക് വന്നവർക്കെല്ലാം ഓരോരോ കഷണണങ്ങളായി മുറിച്ചു കൊടുത്തു. അങ്ങനെ മൊത്തം കേക്ക് എത്ര പേർക്കായിട്ടാണ് കൊടുത്തതെന്നറിയാമോ? 12000 പേർക്ക്!!!
ചിത്രങ്ങൾക്കു കടപ്പാട്: ഫോട്ടോഗ്രാമ്മാ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.