ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തേ... അങ്ങനെ ഒരു ശബ്ദമുണ്ടോ? അങ്ങനെ ഒരു തത്ത ഉണ്ടോ? ഉണ്ട്. ആ തത്തയ്ക്കു സുധീറിന്റെ ശബ്ദവും ചിരിയുടെ താളവുമാണ്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാകാരൻ. തനതു ശൈലികൾകൊണ്ടു മലയാളികളുടെ സ്വീകരണ മുറികളിൽ നിറസാന്നിധ്യമായി സുധീർ മാറിയിട്ട് കുറച്ചുകാലമായി. ഇതിനിടയിൽ പൊട്ടിച്ചിരിപ്പിച്ച നിരവധി സ്കിറ്റുകൾ. മഴവിൽ മനോരമയിലെ കോമഡി സര്‍ക്കസിലെ ബഡായി കേണൽ ഉൾപ്പടെ തകർപ്പൻ പ്രകടനങ്ങൾ. പിന്നിട്ട ജീവിത സാഹചര്യങ്ങളെയും മറക്കാനാവാത്ത അനുഭവങ്ങളും സുധീര്‍ പങ്കുവെയക്കുന്നു.
അങ്ങനെയിങ്ങനെ ഈ വഴിക്ക്!
വടക്കന്‍ പറവൂരിലെ കുത്തന്‍ തുരുത്താണ് വീട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ മിമിക്രി വലിയ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെയാണു നാട്ടിലുള്ള ഒരു ചേട്ടന്‍ ബാലസംഘത്തില്‍ ചേര്‍ക്കുന്നത്. വേനല്‍ത്തുമ്പി എന്നൊക്കെ പറഞ്ഞ് അവിടെ ഓരോ പരിപാടികളുണ്ട്. അതിലൊക്കെ ഓരോന്ന് ചെയ്യാനുണ്ടാകും. പരിശീലിപ്പിക്കാൻ ആളുകളുമുണ്ടാകും. അബ്ദുല്‍ കലാമിന്റെയൊക്കെ വേഷം കെട്ടിയിരുന്ന കെടാമംഗലം സൈനനന്‍ ചേട്ടനായിരുന്നു എനിക്കു കിട്ടിയ ഗൈഡ്. ചേട്ടന്‍ പറഞ്ഞു തന്ന മിമിക്രി അവതരിപ്പിച്ച് സ്‌കൂള്‍ യുവജനോത്സവത്തില്‍ രണ്ടാം സ്ഥാനം കിട്ടി. പിന്നെ സൈനന്‍ ചേട്ടനൊപ്പമായി. നാട്ടിലെ കുറേ ട്രൂപ്പുകളിലൊക്കെ കളിച്ചു. അന്നു പറവൂരിൽ ഒരു ടീം തന്നെയുണ്ടായിരുന്നു. ബിജുക്കുട്ടന്‍, കെടാമംഗലം വിനോദ്, ഹരിശ്രീ രാധാകൃഷണന്‍(നാണിത്തള്ള) അങ്ങനെ കുറേ പേര്‍. പിന്നെ ഒരു ഘട്ടം കഴിഞ്ഞതോടെ ഞാന്‍ കൊച്ചിയിലേക്കു പോന്നു. അവിടെ ‘കൊച്ചിന്‍ ഫാക്ട്‌സ്’ ഉള്‍പ്പെടെ കുറേ ടീമുകളുടെ ഭാഗമായി. സലീം കുമാര്‍, പ്രസാദ്, മനോജ് ഗിന്നസ്, നസീറിക്ക, നവോദയ സാജു തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പരിപാടി അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായി. അങ്ങനെയാണു ചാനലുകളിലേക്ക് എത്തിയത്.
അത്ര രസമൊന്നുമല്ല..., പക്ഷേ...
കോമഡി ആര്‍ടിസ്റ്റ് ആയി ജീവിതം തുടരുക വലിയ സുഖമുള്ള കാര്യമൊന്നുമല്ല, പ്രത്യേകിച്ചും അക്കാലത്ത്. ഇത്രയും സ്വീകാര്യത ഇല്ലാതിരുന്ന കാലത്താണു ഞാന്‍ കോമഡി ഷോ ചെയ്തു തുടങ്ങിയത്. ധാരാളം കയ്യടികള്‍ ലഭിക്കും, മറ്റുള്ളവരെ കുറേ ചിരിപ്പിച്ച് മനസ്സു നിറയും പക്ഷേ ജീവിതത്തില്‍ പിടിച്ചു കയറാന്‍ ഒരുപാട് കാലമെടുക്കും. ഷോ കഴിഞ്ഞ് പ്രതിഫലം തരാതെ തുടക്കത്തിൽ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥിതി മാറി. ചെറിയ വേഷങ്ങളാണെങ്കിലും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. എല്ലാവരുടെയും ജീവിതത്തിൽ വളരെ ഇഷ്ടമുള്ള ഒരു കാര്യം കാണുമല്ലോ, എനിക്കതു സ്‌കിറ്റും വേദികളുമാണ്. പരിപാടി അവതരിപ്പിച്ചു വേദിയിൽ നിന്നിറങ്ങുന്ന സന്തോഷം മറ്റെന്തു ചെയ്താലും കിട്ടില്ല. അതാണ് ഇതില്‍ എന്നെ പിടിച്ചു നിര്‍ത്തുന്നത്. ഒരിക്കലും നിർത്തി പോകണമെന്നു തോന്നിയിട്ടില്ല.
ആശാരിപ്പണിയും കലയും
ഞാന്‍ ആശാരിപ്പണി ചെയ്യുന്ന ആളാണ്. അച്ഛന്റെ സുഹൃത്തായ ഒരു ആശാനുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ ശിഷ്യനാണു ഞാൻ. അച്ഛനുമായുള്ള ബന്ധത്തിന്റെ പേരിൽ ശിഷ്യനാക്കിയതാണ്. നാലു വർഷത്തോളം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പണി സാധനങ്ങളൊക്കെ വാങ്ങി അത്യാവശ്യം നന്നായി മുന്നോട്ടു പോവുകയായിരുന്നു. അതിനിടയിലും പരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു.
ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കണമെന്ന് ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു. കലാകാരനായാല്‍ മതിയെന്നു ഞാൻ തീരുമാനിച്ചു. വീട്ടില്‍ അത്യാവശ്യം പ്രശ്‌നമൊക്കെയായി. പതുക്കെ എല്ലാം ശരിയായി. അന്ന് എനിക്കൊപ്പം പണി പഠിച്ചവരൊക്കെ ഇന്ന് ഗള്‍ഫിലും മറ്റുമായി നല്ല നിലയിലാണ്. എനിക്ക് അവരെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. അവർക്കും അങ്ങനെ തന്നെ. നീ അന്നു പോയെങ്കിലും മോശമായില്ലല്ലോ എന്നവർ പറയും. വലിയ സംഭവമൊന്നും ആയില്ലെങ്കിലും സന്തോഷവും സംതൃപ്തിയും തരുന്ന രീതിയില്‍ ജീവിക്കാനായതില്‍ സന്തോഷമുണ്ട്. മുന്നുനാല് വർഷം മുൻപ് ഷൂ പോളിഷ് ചെയ്തു കൊടുക്കല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും കോമഡി തന്നെ.
ക്ലിഞ്ഞോ പ്ലിഞ്ഞോ കാരണം
യഥാര്‍ഥത്തില്‍ നടന്ന കുറേ സംഭവങ്ങള്‍ ഒന്നിച്ചു ചേര്‍ത്തതാണ് ആ സ്കിറ്റ്. നാട്ടില്‍വച്ചു നടന്നൊരു കോമഡി ഷോയില്‍ ട്രൂപ്പിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനിടയില്‍ ഒരാൾ സ്വന്തം കാര്യം അവതരിപ്പിച്ചത് ‘‘എനിക്കീ ജോലിയില്ലെങ്കില്‍ പോയി വടി വച്ച് പാണം പള്ളത്തി പിടിച്ചു കൊങ്ങ പൊട്ടിച്ചു വെയിലത്തിട്ടുണക്കി മാര്‍ക്കറ്റില്‍ കൊടുത്താല്‍ പൈസ കിട്ടും’’ എന്നായിരുന്നു. അതാണു സ്കിറ്റിൽ ഉപയോഗിച്ചത്. ശബ്ദം ഒരു കൂട്ടുകാരനെ അനുകരിച്ചതായിരുന്നു. വേദിയില്‍ ആദ്യമായിട്ടാണ് അവതരിപ്പിച്ചതെങ്കിലും കൂട്ടുകാര്‍ക്കൊപ്പം കൂടുമ്പോള്‍ ഒരു തമാശ പോലെ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുമായിരുന്നു. പിന്നെ അതില്‍ പറയുന്ന ബാക്കിയെല്ലാം നമ്മള്‍ പലപ്പോഴായി ജീവിതത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളാണല്ലോ. പലതരം മനുഷ്യരല്ലേ നമുക്കു ചുറ്റും.
മൂന്നു വര്‍ഷം മുന്‍പ് ചെയ്‌തൊരു ഷോ ആണ് അത്. അന്നും ഹിറ്റ് ആയിരുന്നു.പക്ഷേ വൈറല്‍ ആയത് ഈ അടുത്താണ്. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ആ സ്കിറ്റാണ് എനിക്കു ജയറാം ചേട്ടനെ പോലെയുള്ള വലിയ താരങ്ങള്‍ക്കൊപ്പം സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം തന്നത്. അദ്ദേഹത്തോടൊപ്പം ന്യൂസിലാന്‍ഡ്-ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്റ്റേജ് ഷോയിൽ പങ്കെടുത്തു. ദിലീപേട്ടനോടൊപ്പം 2017ലെ ഷോ ചെയ്യാനായി. പ്രളയം കഴിഞ്ഞതോടെ ഷോകൾ കുറവാണെങ്കിലും ഇതൊക്കെ കാരണം ആരും മറന്നുപോകുന്നില്ല. ചാനലുകള്‍ നല്ല അവസരങ്ങൾ തരുന്നുണ്ട്.
ഞാനും രശ്മിയും
രശ്മി എന്റെ ഏറ്റവും നല്ല സഹതാരമാണ്. ചിലപ്പോള്‍ സ്‌കിറ്റും ഒന്നും ആയിട്ടുണ്ടാകില്ല. തലേന്നു രാത്രിയൊക്കെ ചെറിയൊരു ത്രെഡും ഏതെങ്കിലും ഒരു കഥാപാത്രവും മാത്രം റെഡിയാക്കി നിന്നിട്ടുണ്ട്. രശ്മി നല്ല സെന്‍സുള്ള ആളാണ്. സ്പോട്ടിൽ കയ്യിൽ നിന്ന് ഇട്ടു പറയാൻ അറിയാവുന്ന ആര്‍ടിസ്റ്റ് എന്നു പറയാം. അങ്ങനെ അവസാന നിമിഷം തയാറാക്കിയ പല സ്കിറ്റുകളും നല്ല അഭിപ്രായം നേടി തന്നിട്ടുണ്ട്.
മഴവില്ലിലെ കോമഡി സര്‍ക്കസ് ആണു സത്യത്തില്‍ കൈപിടിച്ചു കയറ്റിയത്. അതില്‍ ഞങ്ങള്‍ എലിമിനേഷന്റെ വക്കില്‍ നില്‍ക്കുന്ന സമയം. അവസാനമായി ഒരു സ്‌കിറ്റ് ചെയ്യാനുള്ള അവസരം കിട്ടി. അതിലാണു ബഡായി കേണലിനെ അവതരിപ്പിച്ചത്. അത് വളരെ ശ്രദ്ധ നേടി. അതിനുശേഷമാണ് പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സ്‌കിറ്റുകൾ ചെയ്യണം എന്നു വിധികർത്താവായിരുന്ന സിദ്ധിഖ് സര്‍ പറയുന്നത്. അതോടെയാണു പാഷാണം ഷാജിയും കണാരനുമൊക്കെ വരുന്നത്. അന്നു കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും മേക്കപ്പ് ഇട്ടിരുന്നതിനാല്‍ അധികം ആരും എന്നെ അറിഞ്ഞിരുന്നില്ല. അന്നൊക്കെ അതിൽ വലിയ സങ്കടമായിരുന്നു. പക്ഷേ ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയോടു കൂടി അതെല്ലാം മാറി. നമ്മള്‍ ജീവിതത്തില്‍ ദൂരെ നിന്നു കണ്ട് ഇഷ്ടപ്പെട്ട മനുഷ്യരുണ്ടാകുമല്ലോ. ജീവിതത്തിലൊരിക്കല്‍ പോലും സഹകരിക്കാനോ ഒന്നുച്ചു പ്രവൃത്തിക്കാനോ ഇടയില്ല എന്നു കരുതുന്നവർ. അവരെയൊക്കെ കാണാനിടയാക്കിയതു ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയാണ്.
എന്റെ സുഹൃത്താണ് നടന്‍ ബിബിന്‍ ജോര്‍ജ്. ഒരു ദിവസം ബിബിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു, അവന്‍ ഫോൺ എനിക്കു കൈമാറി. അത് ഉണ്ണി മേനോന്‍ സര്‍ ആയിരുന്നു. മോനേ, പാട്ടുകാരനാണോ. കുറേ നാളുകള്‍ക്കുശേഷം വളരെയധികം ചിരിപ്പിച്ച ഒരു സ്‌കിറ്റാണ് അതെന്നു പറഞ്ഞു. വീട്ടിലും എല്ലാവര്‍ക്കും ഇഷ്ടമായി. ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട് എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ എത്രയോ പാട്ടുകളുടെ ആരാധകനാണ് ഞാൻ. അങ്ങനെ ഒരാളാണ് ഇങ്ങോട്ടു വിളിച്ചു സംസാരിച്ചത്. അതുപോലെ സുരേഷ് ഗോപി ചേട്ടന്റെ അനുജനും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ജി.വേണുഗോപാല്‍ സാറും അഭിനന്ദനമറിയിച്ചു.
ക്ലിഞ്ഞോ പ്ലിഞ്ഞോ കണ്ട് ജയറാമേട്ടനും പിഷാരടിയും നയിക്കുന്ന ഓസ്‌ട്രേലിയ-ന്യൂസിലാന്റ് ഷോയിലേക്കു വിളിച്ചിരുന്നു. അവിടെ എത്തുമ്പോള്‍ ജയറാം ചേട്ടന്‍ അടുത്തു വന്നു സംസാരിച്ചു. അദ്ദേഹം എന്നെ തിരിച്ചറിയുമെന്നു പോലും ഞാൻ വിചാരിച്ചിരുന്നില്ല. എന്നെ ‘പറവൂരെ’ എന്നാണു വിളിക്കുന്നത്. ‘പറവൂരെ, നമുക്ക് ക്ലിഞ്ഞോ പ്ലിഞ്ഞോ ലളിതഗാനം വേദിയിൽ ചെയ്യണം’ എന്നു പറഞ്ഞു. പിന്നെ ന്യൂസിലാന്റിൽ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവും വന്നു. അന്നേരം അദ്ദേഹം മകള്‍ മാളവികയോടു ‘‘ദേ നോക്ക് നിന്റെ ക്ലിഞ്ഞോ പ്ലിഞ്ഞോ വന്നിരിക്കുന്നു’’ എന്നു പറഞ്ഞു. ആ കുട്ടി 20 തവണയൊക്കെ കണ്ടിട്ടുണ്ടത്രേ. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വാക്കുകൾ ആയിരുന്നു ശരിക്കും ഞെട്ടിച്ച സന്ദർഭം. അങ്ങനെ കുറെ സന്തോഷങ്ങൾ.
കുടുംബം വിശേഷങ്ങൾ
വീട്ടിൽ അച്ഛൻ, അമ്മ, സഹോദരൻ, ചേച്ചീടെ കുഞ്ഞ്. ചേച്ചി മൂന്നു വർഷം മുൻപ് മരിച്ചു. ഞാൻ ജോലിയുടെ സൗകര്യത്തിനു മറ്റൊരിടത്താണു താമസിക്കുന്നത്. ഭാര്യ സിംലി. ആറു വർഷത്തിനുശേഷം ഞങ്ങൾക്കൊരു മകനെ കിട്ടി, സിയോൺ. കിച്ചു എന്നു വീട്ടിൽ വിളിക്കും. എന്റെ ആഗ്രഹങ്ങൾ നൽകുന്ന ഊർജത്തിനപ്പുറം മുന്നോട്ടു പോകാനുള്ള പിന്തുണ ഇവരാണ്.
കോമഡി കലാകാരൻമാരോടുള്ള സമീപനത്തിൽ വളരെ മാറ്റം വന്നിട്ടുണ്ട്. എന്നാലും മാറാത്ത ചിലരുണ്ട്. തലേന്നു നമ്മളുടെ പരിപാടി കണ്ടിട്ടും ഇപ്പോൾ പണിയൊന്നുമില്ലേ, കൂട്ടുകാരൊക്കെ രക്ഷപ്പെട്ടല്ലേ എന്നു ചോദിക്കുന്നവർ. അതൊന്നും ഒരിക്കലും സങ്കടപ്പെടുത്തിയിട്ടില്ല. അങ്ങനെയും ചില മനുഷ്യർ. അതും ഒരു രസം. വേദികൾ തന്നെയാണ് അന്നും ഇന്നും ഹരം. സിനിമകൾ കിട്ടിയാൽ ചെയ്യണം. കട്ടപ്പനയിലെ ഹൃതിക് റോഷ്നിൽ ചെയ്ത വേഷം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രം ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണിപ്പിള്ള.