ബുള്ളറ്റിലിങ്ങനെ ചെത്തിനടക്കുന്ന പയ്യൻസിനെ കാണുമ്പോൾ ഒരിക്കലെങ്കിലും പെൺകുട്ടികൾ മനസിൽ പറഞ്ഞിട്ടുണ്ടാകും, ജനിക്കുവാണേൽ ഇങ്ങനെ ജനിക്കണം. ഈ ബുള്ളറ്റിലിങ്ങനെ പറന്നുനടക്കാൻ കഴിഞ്ഞെങ്കിൽ...പെൺകുട്ടികളുടെ ആ ആഗ്രഹം സഫലീകരിക്കാനാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഷൈനി 2016 നവംബറിൽ ഒരു വനിതാ ബുള്ളറ്റ് കൂട്ടായ്മ ആരംഭിച്ചത്. ‘ഡൗണ്ട്‌ലെസ് റോയൽ എക്സ്പ്ലോർ’ എന്നു പേരിട്ടിരിക്കുന്ന ഈ പെൺകൂട്ടമാണ് കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് റൈഡേഴ്സ് സംഘം.
‘ബുള്ളറ്റിനോടുള്ള ക്രേസ് ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾക്കാണ്. പക്ഷേ, തങ്ങൾ കേരളത്തിൽ ജനിച്ചു പോയി എന്നതുകൊണ്ട് ആ ബുള്ളറ്റ് സ്നേഹം അവർ മനസ്സിൽ തന്നെ കുഴിച്ചുമൂടപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. ഒരു ചെറിയ പ്രോത്സാഹനം കിട്ടിയാൽ ആരെങ്കിലും ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിച്ചാൽ അവർ ആ ഉൾവലിവിൽ നിന്ന് പുറത്തുവരും. ആ തോന്നലാണ് ഇങ്ങനൊരു കൂട്ടായ്മ രൂപീകരിക്കാനുള്ള കാരണം. ഈ കൂട്ടായ്മ ആരംഭിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. ഇപ്പോൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 75 അംഗങ്ങൾ ഞങ്ങളുടെ ടീമിലുണ്ട്. അതിൽ പഠിക്കുന്ന വിദ്യാർഥിനികൾ മുതൽ 43 വയസ്സുകഴിഞ്ഞ വീട്ടമ്മമാർ വരെയുണ്ട്. എല്ലാ യാത്രകളിലും എല്ലാവർക്കും വരാൻ കഴിയാറില്ല. ഇതുവരെ പത്തിൽ കൂടുതൽ റൈഡ് ഞങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അവസാനം നടത്തിയ റൈഡ് ഊട്ടിയിലേക്കായിരുന്നു.’, ഷൈനി പറയുന്നു.
‘കുട്ടിക്കാലം മുതലേ വണ്ടികളോട് എന്തോ ഒരിഷ്ടം കൂടുതലായിരുന്നു. വളർന്നപ്പോൾ ആ ഇഷ്ടവും ഒപ്പം വളർന്നു. 2004 ലാണ് ഉത്തർപ്രദേശിൽ പൊലീസായി ജോലി തുടങ്ങുന്നത്. നോർത്തിന്ത്യ ആയതിനാൽ തന്നെ അന്നൊക്കെ ബുള്ളറ്റിൽ ധാരാളം സോളോ റൈഡ് നടത്താനുള്ള അവസരം കിട്ടി. പിന്നീട് ജോലി ഉപേക്ഷിച്ച് 2007 ൽ കേരളത്തിലേക്ക് തിരിച്ചെത്തി. ബുള്ളറ്റ് ഓടിക്കുന്നത് കണ്ടിട്ടാവണം പലരും പഠിപ്പിച്ച് തരാമോ എന്ന ആവശ്യവുമായി വരാറുണ്ടായിരുന്നു. അറിയുന്നവർ പഠിപ്പിച്ച് കൊടുക്കാത്തതും പെൺകുട്ടിയാണ് എന്നതുകൊണ്ട് വീട്ടുകാർ കാണിക്കുന്ന നിയന്ത്രണവുമാണ് പലരുടെയും ഈ ബുള്ളറ്റ് പ്രേമത്തിന് കടിഞ്ഞാണിടുന്നതെന്ന് മനസ്സിലായി. അങ്ങനെ ഒരു വുമൻ ബുള്ളറ്റ് റൈഡേഴ്സ് എന്ന കൂട്ടായ്മയെ കുറിച്ച് ഞാൻ ആലോചിച്ച് തുടങ്ങി. ഭർത്താവ് രാജ് കുമാർ പൂർണ പിന്തുണയുമായി രംഗത്തു വന്നതോടെ ഞാൻ ഈ ടീമിന് തുടക്കം കുറിച്ചു. ബുള്ളറ്റ് ഓടിക്കാൻ പെൺകൂട്ടത്തെ പഠിപ്പിക്കാൻ തുടങ്ങിയതോടെ അവരെനിക്കൊരു പേരിട്ടു, ബുള്ളറ്റ് ഷൈനി. ആ വിളി കേൾക്കുന്നതും ഒരു സുഖമാണ്. കാരണം ആ വിളിക്കു പിന്നിൽ പൂത്തുനിൽക്കുന്നൊരു പെൺസ്വപ്നമുണ്ട്.