സമൂഹമാധ്യമത്തിൽ എന്നും കാണും കാണാതായ കുട്ടികളെ കുറിച്ചുള്ള പോസ്റ്റുകൾ .അങ്ങനൊരു പോസ്റ്റ് സാധാരണയായി ആരും അവഗണിക്കാറുമില്ല. കുട്ടിയെ കണ്ടെത്തുക എന്ന സദുദ്ദേശത്തോടെ നമ്മൾ അത് ഷെയർ ചെയ്യുകയും ചെയ്യും. എന്നാൽ കാണാതായ കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ വരട്ടെ എന്നാണ് ദ റോയൽ കനേഡിയൻ മൗൺഡേറ്റഡ് പൊലീസ് നിർദേശിക്കുന്നത്. ഇത്തരം ഫോട്ടോകൾ സോഷ്യൽ മീഡീയയിൽ ഷെയർ ചെയ്യപ്പെടുന്നത് ഗുണത്തേക്കാൾ ദോഷകരമാണെന്നാണ് ഇവർ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു വരുന്ന ഇത്തരം പോസ്റ്റുകളിലെ കുട്ടികളിലധികവും ശരിക്കും കാണാതായവരാകണമെന്നില്ല. ചിലർ സ്വയ രക്ഷയ്ക്കായി ഒളിവിൽ കഴിയുന്നവരാകാം എന്നിവർ പറയുന്നു. അത്തരം ധാരാളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ടത്രേ. അതായത് മാതാപിതാക്കൾ തമ്മിൽ കുട്ടിക്കു വേണ്ടി കേസുള്ളപ്പോൾ ഒരാൾ കുട്ടിയെ ലഭിക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കും എന്നാൽ മറ്റേയാൾ സുരക്ഷയെ പ്രതി കുട്ടിയെ ഒളിപ്പിച്ച് വച്ചതാകാം. ഇത്തരം സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വഴി കുട്ടിയുടെ ചിത്രമുപയോഗിച്ചുള്ള ഷെയറിംങ് കുട്ടിക്കും കുട്ടിയെ സംരക്ഷിക്കുന്ന ആ രക്ഷിതാവിനും ദോഷകരമാവും. മാത്രമല്ല, കാണാതാവുന്ന കുട്ടികളെ തിരിച്ചുകിട്ടിയാൽ പോലും ഈ ഷെയറിങ് തുടരും.
ഇത്തരം ഷെയറുകളുടെ നിജസ്ഥിതി അറിഞ്ഞതിന് ശേഷം മാത്രമേ ഇനിയെങ്കിലും ഇവ ഷെയർ ചെയ്യാവൂ. ഏതെങ്കിലും വിശ്വസ്തമായ സോഴ്സുകൾ വഴി വരുന്ന പോസ്റ്റുകൾ മാത്രം ഷെയർ ചെയ്യുക. പോലീസ്‍ സോഴ്സിൽ നിന്നോ അറിയപ്പെടുന്ന മാധ്യമങ്ങളിൽ നിന്നോ ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യാവുന്നതാണ്. ഇത്തരം പോസ്റ്റുകളിലെ കുട്ടികൾക്കായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ടാകും.