പലപ്പോഴും തുകയുടെ വലിപ്പം വച്ചാണ് പലരും ദാനത്തെ അളക്കാറുള്ളത്. എന്നാൽ എല്ലാറ്റിലുമുപരി ദാനം ചെയ്യാനുള്ള മനസിന്റെ വലിപ്പമാണ് നാം കാണാന്‍ ശ്രമിക്കേണ്ടത്, തുകയുടെ വിലപ്പമല്ല. അവസരങ്ങൾ ഉണ്ടായിട്ടും സഹജീവികളെ സഹായിക്കാൻ തെല്ലും താല്‍പര്യമില്ലാത്ത അനേകംപേരടങ്ങിയ സമൂഹത്തിലാണു നാം കഴിയുന്നത്. ഇതിനിടയിൽ വ്യത്യസ്തയാവുകയാണ് മഹാരാഷ്ട്രയിലെ ഒരു കൊച്ചു പെൺകുട്ടി. ആറ്റുനോറ്റു താൻ സമ്പാദിച്ച കൊച്ചു കുടുക്കയിലെ പണമാണ് അവൾ ദാനം ചെയ്യാൻ തയ്യാറായത്. മഹാരാഷ്ട്രയിൽ കൃഷ്നാശം മൂലം നിസഹായരായ കർഷകർക്കാണ് രസിക മനോഹർ ജോഷി എന്ന എട്ടുവയസുകാരിയുടെ സഹായഹസ്തം. ചെറുതെങ്കിലും രസികയുടെ സഹായത്തെ അത്ര കൊച്ചാക്കി കാണാൻ മഹാരാഷ്ട്ര സർക്കാറും തയ്യാറായില്ല, രസിക പണം കൈമാറുന്നതിന്റെ ഫോട്ടോ ട്വിറ്റർ വഴി പങ്കുവയ്ക്കുകയും ചെയ്തു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
തന്റെ പ്രിയ ആരാധനാ പാത്രമായ ആമിർ ഖാൻ ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പം നിൽക്കുന്ന ചിത്രമാണ് എല്ലാറ്റിന്റെയും തുടക്കം. ചിത്രത്തെക്കുറിച്ച് അച്ഛനോടു ചോദിച്ച രസികയോട് ആമിർ പാവപ്പെട്ട കർഷകരെ സഹായിക്കാൻ ചെക്കു കൈമാറുന്നതിന്റെ ദൃശ്യമാണതെന്ന് അച്ഛൻ പറഞ്ഞുകൊടുത്തു. താനും ഇത്തരത്തിൽ പണം നൽകിയാൽ തന്റെ ചിത്രവും ഇങ്ങനെ വരുമോ എന്നവൾ ചോദിച്ചു. വരുമെന്ന് അച്ഛൻ മറുപടി നൽകിയതോടെ രസിക തന്റെ കുഞ്ഞു കുടുക്ക കൈമാറാൻ തീരുമാനിച്ചു. രസികയുടെ തീരുമാനം തന്നെ സ്പർശിച്ചുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഫോട്ടോ അടക്കം ട്വിറ്ററിൽ പങ്കുവച്ചത്.
നേരത്തെ അജിങ്ക്യ രഹാനെ, അക്ഷയ് കുമാർ, നാനാ പടേക്കർ, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ മഹാരാഷ്ട്രയിൽ ദുരിതത്തിലായ കർഷകരെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. മഹാരാഷ്ട്രയിൽ അടുത്തിടെയുണ്ടായ വരൾച്ചയിൽ ഏതാണ്ട് 90 ലക്ഷം കർഷകരുടെ കൃഷിയാണ് നാശമായത്. ഇക്കുറി കാലവർഷം അപര്യാപ്തമായതാണ് മഹാരാഷ്ട്രയിൽ കൊടിയ വരൾച്ചയ്ക്കു കാരണമായത്