ഒന്നൊന്നര മേക്ക് ഓവർ!!! ഗൗണില്ലാതെ എന്താഘോഷം!

റെഡ് കാർപെറ്റും വെഡ്ഡിങ് വേദിയും വിട്ടിറങ്ങി ജനകീയ പരിവേഷവുമായി മേക്ക് ഓവർ നടത്തുകയാണ് ഗൗണുകൾ. നീളത്തിലുള്ള സാരി വാരിച്ചുറ്റി പാർട്ടിക്ക് പോകുന്നതിന്റെ ബദ്ധപ്പാട് ഓർത്തിട്ടാവും ന്യൂജനറേഷനും പ്രിയമേറുകയാണ് ഗൗണുകളോട്. വിവാഹമോ പാർട്ടിയോ എന്തുമാകട്ടെ ഗൗണില്ലാതെ എന്താഘോഷം എന്ന മട്ടിലായിട്ടുണ്ട് കാര്യങ്ങൾ. റെഡിമെയ്ഡ് ഗൗണുകളും, ഉപഭോക്താവിന്റെ അഭിരുചിക്കും രൂപത്തിനുമനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുക്കുന്നവയും ലഭ്യമാണ്.

ബ്രൈഡൽ വെയർ

പണ്ടൊക്കെ ക്രിസ്ത്യൻ വിവാഹവേഷമായിരുന്നു ഗൗണെങ്കിൽ ഇന്ന് മതഭേദമില്ലാതെ വിവാഹ അനുബന്ധ ചടങ്ങുകളിൽ ഗൗൺ വ്യാപകമാകുന്നുണ്ട്. കല്യാണത്തിന് സാരി മതിയെന്ന് നിർബന്ധം പിടിക്കുന്നവർ പോലും മൈലാഞ്ചിക്കല്യാണത്തിനോ റിസപ്ഷനോ ഗൗൺ തന്നെ തിരഞ്ഞെടുക്കുന്നു. പേൾ, സ്റ്റോൺ, ലേസ് ഫാബ്രിക്കുകളും ഹൈവി എംബ്രോയ്ഡറിയുമാണ് ഇപ്പോഴത്തെ വെഡ്ഡിങ് ഗൗണുകളിലെ ട്രെൻഡ്. 
മലയാളികൾക്ക് കൂടുതൽ താൽപര്യം കസ്റ്റമൈസ്ഡ് ഗൗണുകളോടാണെന്നു ചൂണ്ടിക്കാട്ടുന്നു കൊച്ചിയിലെ പാരീസ് ഡി ബുട്ടീക്കിലെ അനിൽ മുഹമ്മദ്. വൈറ്റ്, ഓഫ് വൈറ്റ്, മിൽക്കി വൈറ്റ്, ഗോൾഡൻ നിറങ്ങളാണ് ക്രിസ്ത്യൻ വിവാഹങ്ങൾക്ക് ഇപ്പോഴും പ്രിയം. പാർട്ടി വെയർ ഗൗണുകളാകട്ടെ പേസ്റ്റൽ നിറങ്ങളോടു ഗുഡ്ബൈ പറഞ്ഞ് കൂടുതൽ കളർഫുൾ ആയി മാറിയിരിക്കുന്നു.

ലേസ്, പേൾ, ക്രിസ്റ്റൽ

സർദോസി, പേൾ, ആരി വർക്കുകളും ഹാൻഡ് എംബ്രോയ്ഡറിയും അനുസരിച്ച് ഗൗണുകളുടെ വിലയും കൂടും. ‘ഹാൻഡ് എംബ്രോയിഡറിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. വരുന്നവരുടെ താൽപര്യവും ശരീരപ്രകൃതവുമൊക്കെ നോക്കിയാണ് എംബ്രോയ്ഡറി ഏതുതരത്തിൽ വേണമെന്ന് തീരുമാനിക്കുന്നത്’ - കൊച്ചി സാറ്റിൻ ബുട്ടീക്കിലെ സീന ജെറിൻ പറയുന്നു. 
വെഡിങ്, പാർട്ടി വെയർ ഗൗണുകളുടെ വില ഏകദേശം 10000 രൂപയിൽ തുടങ്ങുന്നു. ഉപയോഗിക്കുന്ന മെറ്റീരിയൽ, എംബ്രോയ്ഡറി, സ്റ്റോണുകൾ ഇതെല്ലാമാണു വില നിശ്ചയിക്കുന്ന ഘടകങ്ങൾ. ഗൗൺ നിർമാണത്തിന് ഉപയോഗിക്കുന്ന ലേസ്, സാറ്റിൻ തുടങ്ങിയവയെല്ലാം ചൈന, കൊറിയ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നുണ്ട്. ക്രിസ്ത്യൻ വെഡ്ഡിങ് ഗൗണുകളിൽ ഉപയോഗിക്കുന്ന വൈറ്റ്, ക്രീം ലേസുകൾ ചൈനയിൽ നിന്നാണു കൂടുതലായി എത്തുന്നത്. സൂററ്റ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ലേസുകളും തുണിത്തരങ്ങളും ഇവയോട് മൽസരിക്കാനുണ്ട്. എംബ്രോയ്ഡറിക്ക് ഒപ്പം ചേർക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പേളുകൾ, സരോസ്കി ക്രിസ്റ്റലുകൾ എന്നിവയ്ക്ക് വിലകൂടുമെങ്കിലും ലുക്കിലും ഗുണത്തിലും ഗാരന്റിയുണ്ടാകും. വില ലക്ഷങ്ങളിലേക്കു വളരും.

ഫ്യൂഷൻ മെയ്ക് ഓവർ

വെസ്റ്റേൺ വെയർ എന്ന സങ്കൽപത്തിൽനിന്ന് എത്‌നിക് വെയറിലേക്ക് ചുവടുമാറി വൻ മെയ്ക് ഓവറാണ് ഗൗണുകൾ നടത്തിയിരിക്കുന്നത്. അനാർക്കലിയും ലെഹംഗയും പോലും ഹെവി എംബ്രോയ്ഡറിയും സ്ലീവുമൊക്കെയായി ഗൗണിലേക്കു കൂടുമാറിയിരിക്കുന്നു. അനാർക്കലി ഗൗൺ, സാരി ഗൗൺ, ലെഹംഗ ഗൗൺ തുടങ്ങിയ ഇന്തോ– വെസ്റ്റേൺ ഫ്യൂഷൻ ഗൗണുകൾക്കാണ് പാർട്ടി വെയറുകളിൽ ഡിമാൻഡ്. ട്രഡിഷനൽ ഫാബ്രിക്സും എംബ്രോയ്ഡറിയും ചേരുന്ന ഫുൾ ലെങ്ത് ഗൗണുകൾക്കും, റോ സിൽക്ക്, മാറ്റ് ഫിനിഷ് സാറ്റിൻ, ജോർജെറ്റ് സിൽക്ക് തുടങ്ങിയ മെറ്റീരിയലുകളിൽ വരുന്ന ഫ്യൂഷൻ ഗൗണുകൾക്കും ഡിമാൻഡ് കൂടിവരുന്നതായി അനിൽ മുഹമ്മദ് പറയുന്നു.

കാഷ്വൽ ലുക്ക്

പാർട്ടി, ബ്രൈഡൽ വെയറായി ഉപയോഗിക്കുന്നതിനപ്പുറം കാഷ്വൽ വെയർ ഗൗണുകളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇത്തരം കാഷ്വൽ വെയർ ഗൗണുകൾ സിംപിൾ എലഗന്റ് ലുക്ക് കൊണ്ടും ഡിജിറ്റൽ, ജ്യോമെട്രിക്, ഫ്ലോറൽ പ്രിന്റുകൾ കൊണ്ടുമാണു വ്യത്യസ്തമാകുന്നത്. ഡിജിറ്റൽ, ജ്യോമെട്രിക് പ്രിന്റഡ് മെറ്റീരിയലുകൾ കൊൽക്കത്ത, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണു കൂടുതലായും വരുന്നത്. ഫാബ്രിക്കുകളിൽ മൊറാൽ സാറ്റിൻ, ജോർജെറ്റ് തുടങ്ങിയവയാണ് അധികവും.

കാലത്തെ അതിജീവിച്ച ഗൗൺ

‘മോസ്‌റ്റ് ഐകോണിക് കോസ്‌റ്റ്യൂം എവർ’ എന്ന ടൈറ്റിൽ നേടിയ ഒരു ഗൗണുണ്ട് – കാറ്റിൽ പറന്നു പൊങ്ങുന്ന ഐവറി നിറത്തിലുള്ള, ഹോളിവുഡ് സുന്ദരി മർലിൻ മൺറോയുടെ വിഖ്യാത ഗൗൺ. 1955ൽ ‘സെവൻ ഇയർ ഇച്ച് ’എന്ന ചിത്രത്തിനായി വില്യം ട്രെവില്ല എന്ന ഡിസൈനറാണ് ഇത് തയാറാക്കിയത്. സെലിബ്രിറ്റികൾ വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച ഗൗണുകൾ കോടികൾക്കാണു ലേലത്തിൽ പോകുന്നത്. ഡയാന രാജകുമാരിയുടെയും മർലിൻ മൺറോയുടെയും മറ്റു ഹോളിവുഡ് നായികമാരുടെയും ഗൗണുകൾ ഇങ്ങനെ ലേലം ചെയ്തിട്ടുണ്ട്. ‘ടൈറ്റാനിക്കി’ൽ റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) ധരിച്ച ആ ചുവന്ന ഗൗൺ 1.81 കോടി രൂപയ്ക്കാണു ലേലത്തിൽ പോയത്.