ആ നായികാവസന്തങ്ങളുടെ 'തലേവര' തരംഗമായതിങ്ങനെ..

നമ്മൾ വിചാരിക്കുംപോലെ അത്ര സില്ലിയല്ല സിനിമാക്കാരുടെ ഹെയർസ്റ്റൈലുകൾ. ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ തന്നെ അവയ്ക്കു കഴിവുണ്ട്.

ദേടീ ആ സിനിമയിലെ നായികയുടെ മുടി കണ്ടോ.... എന്നാ ലുക്ക് ആണല്ലേ... ഞാനും അങ്ങനെ വെട്ടിയാലോന്ന് ആലോചിക്കുവാ... മിക്ക സിനിമകള്‍ ഇറങ്ങിക്കഴിയുമ്പോഴും അതിലെ നായികമാരുടെ ഹെയർസ്റ്റൈലുകളിൽ മതിമയങ്ങി പല പെൺകുട്ടികളും പറയുന്ന ഡയലോഗ് ആണിത്. അതേന്നേ നമ്മൾ വിചാരിക്കുംപോലെ അത്ര സില്ലിയല്ല സിനിമാക്കാരുടെ ഹെയർസ്റ്റൈലുകൾ. ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ തന്നെ അവയ്ക്കു കഴിവുണ്ട്.

ഹെയർസ്റ്റൈലുകളിൽ പരീക്ഷണം നടത്തുന്നതിൽ ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. അപ്പോഴപ്പോൾ മാറിമാറി വരുന്ന ട്രെൻഡുകൾ പരീക്ഷിക്കുന്നതിൽ ഇഷ്ടം കൂടുതലേയുള്ളു. ഹെയർസ്റ്റൈലുകളുടെ ഏറ്റവും വിശാലമായ ഏരിയ കാണണമെങ്കിൽ ക്യാംപസുകളിലേക്കൊന്നു നടന്നാൽ മതി. മുടി വി‌ടർത്തിയിട്ടു നാടൻസ്റ്റൈലിൽ വരുന്ന നാട്ടുമ്പുറത്തെ പെൺകുട്ടികൾ മുതൽ ബോളിവുഡ് ബ്യൂട്ടികളെപ്പോലും വെല്ലുന്ന സ്റ്റൈലിഷ് ഗേൾസിനെയും കാണാം. നമ്മളിപ്പോൾ ക്യാംപസിലേക്കല്ല പോകുന്നത് മറിച്ച് മലയാള സിനിമയിലെ നായികാവസന്തങ്ങളായിരുന്ന ചില നടിമാരുടെ ഹെയർസ്റ്റൈൽ വിശേഷങ്ങളിലേക്കാണ്. സിനിമയിൽ അവർ കൊണ്ടുവന്ന ഹെയർസ്റ്റൈൽ ട്രെൻഡുകളിലേക്ക്....

സീമ

ഇരുവശത്തും വെട്ടിയിട്ട മുടിയിഴകൾ സീമ എന്ന നടിക്കു നൽകിയ ഗ്ലാമറസ് ലുക് ചില്ലറയല്ല.

എണ്‍പതുകളിൽ മലയാള സിനിമാ ലോകത്തെക്കെത്തിയ സീമ അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. നർത്തകിയായി തു‌ടക്കം കുറിച്ച സീമയ്ക്ക് ഏറ്റവും വലിയ ബ്രേക് നൽകിയത് അവളുടെ രാവുകൾ എന്ന ചിത്രമാണ്. മുട്ടുവരെ നീളമുള്ള നാടൻ മുടി സങ്കൽപങ്ങൾക്ക് ഒരൽപം ഫാഷന്റെ മേമ്പൊടി കൂടി കലർത്തി സീമയുടെ ഹെയർസ്റ്റൈൽ. ഇരുവശത്തും വെട്ടിയിട്ട മുടിയിഴകൾ സീമ എന്ന നടിക്കു നൽകിയ ഗ്ലാമറസ് ലുക് ചില്ലറയല്ല. പണ്ടത്തെ ഫാഷൻ തന്നെയാണ് ഇന്നു വരുന്നതു പലതുമെന്ന് അമ്മയും അമ്മൂമ്മയുമൊക്കെ പറയുമ്പോൾ നാം വിലകൊടുക്കാറില്ല. എങ്കിലും പഴയ സീമ സ്റ്റൈൽ കണ്ടാൽ അറിയാം ഇന്നത്തെ പെണ്‍പിള്ളേരുടെ ഹെയർസ്റ്റൈലൊക്കെ പണ്ടേ അവരൊക്കെ പരീക്ഷിച്ചതാണല്ലോയെന്ന്.

നദിയ മൊയ്തു

ചുറുചുറുക്കും കുട്ടിത്തവും കുറുമ്പുമൊക്കെ ഒരുപോലെ ഒഴുകുന്ന മുഖമായിരുന്നു നടി നദിയ മൊയ്തുവിന്റേത്.

ചുറുചുറുക്കും കുട്ടിത്തവും കുറുമ്പുമൊക്കെ ഒരുപോലെ ഒഴുകുന്ന മുഖമായിരുന്നു നടി നദിയ മൊയ്തുവിന്റേത്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ നദിയ കേരളത്തിലെ യുവാക്കളുടെ ഹൃദയങ്ങളിലേക്കു കൂടിയാണു വന്നിറങ്ങിയത്. നദിയയുടെ രണ്ടുരീതിയിലുള്ള ഹെയർസ്റ്റൈലുകളാണ് പിന്നീടു തരംഗമായി മാറിയത്. ഒന്നു പോണിടെയിൽ സ്റ്റൈലും മറ്റൊന്ന് മുടി അമ്മമാരെപ്പോലെ മുകളിൽ വട്ടത്തിൽ കെട്ടിവയ്ക്കുന്ന സ്റ്റൈലും.. ഇന്നും നാദിയ എന്ന നടിയെക്കുറിച്ച് ഓര്‍ക്കുമ്പോഴും ആദ്യം മനസിൽ തെളിയുന്നത് ഈ രണ്ടു സ്റ്റൈലുകളായിരിക്കും.

മഞ്ജു വാര്യർ

തന്റേടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്ന ആമി എന്ന കഥാപാത്രം നടപ്പിലും എടുപ്പിലുമൊക്കെ മഞ്ജുവിനെ മാറ്റിമറിച്ചു.

മലയാളത്തിന്റെ നായികാവസന്തമാണു മഞ്ജു വാര്യർ. അഞ്ചു വർഷത്തിനുള്ളിൽ അഭിനയിച്ചതിലേറെയും ഹിറ്റുകളായിരുന്നു. ശാലീനതയുടെ സ്ഥായീരൂപമായി വന്ന മഞ്ജുവിന്റെ വ്യത്യസ്ത ഗെറ്റപ്പായിരുന്നു സമ്മർ ഇൻ ബത്‍ലഹേം എന്ന ചിത്രത്തിലേത്. തന്റേടത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്ന ആമി എന്ന കഥാപാത്രം നടപ്പിലും എടുപ്പിലുമൊക്കെ മഞ്ജുവിനെ മാറ്റിമറിച്ചു. നീണ്ടുകിടക്കുന്ന മുടിക്കു പകരം ചുരുണ്ടു കിടക്കുന്ന മുടിയിൽ മഞ്ജു കൂടുതൽ സുന്ദരിയായിരുന്നു. മുൻവശത്തേക്ക് വെട്ടിയിട്ടു പുറകിൽ പോണിടെയിൽ കെട്ടിവച്ച മഞ്ജുവിന്റെ ലുക്ക് അന്നു ഹിറ്റായി മാറിക്കാണുമെന്നു പ്രത്യേകം പറയേണ്ടല്ലോ.

ശാലിനി

അനിയത്തിപ്രാവിൽ നിന്നുതുടങ്ങിയ ശാലിനിയു‌ടെ സൗന്ദര്യം തെല്ലൊന്നുമല്ല ആരാധകരെ വളർത്തിയത്. ശാലിനിയുടെ അഴിച്ചിട്ട മുടിയാണ് പിന്നീടു കോളേജുകളുടെ ഹരമായി മാറിയത്.

നുണക്കുഴി കവിളുകളും കിലുകിലെയുള്ള ചിരിയുമായെത്തിയ കുഞ്ഞുശാലിനിയുടെ ഹെയർസ്റ്റൈൽ കുട്ടിക്കാലത്തു തന്നെ പ്രശസ്തമായിരുന്നു. അന്നൊക്കെ 'ബേബി ശാലിനി ഹെയർ കട്ട്' എന്നുവരെ പേരുവന്നു. മുൻവശത്തു വെട്ടിയിട്ട് ഇരുചെവിവരെയും മുടി വെട്ടിയിടുന്ന രീതിയായിരുന്നു ഇത്. കാലങ്ങൾ കടന്നു, ആ കൊച്ചുപെൺകുട്ടി വളർന്നു വലുതായി. തൊണ്ണൂറുകളിൽ വീണ്ടും അവൾ സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തി. അനിയത്തിപ്രാവിൽ നിന്നുതുടങ്ങിയ ശാലിനിയു‌ടെ സൗന്ദര്യം തെല്ലൊന്നുമല്ല ആരാധകരെ വളർത്തിയത്. ശാലിനിയുടെ അഴിച്ചിട്ട മുടിയാണ് പിന്നീടു കോളേജുകളുടെ ഹരമായി മാറിയത്. സിൽക്കുപോലെ പാറിക്കി‌ടക്കുന്ന മുടിയഴിച്ചിട്ട് പെൺകുട്ടികൾ സ്വയം ശാലിനിയാവുകയായിരുന്നു.

റിമ കല്ലിങ്കല്‍

റിതുവിൽ തുടങ്ങിയ ആ 'കേളീഹെയർസ്റ്റൈൽ' സുന്ദരി വളരെ പെട്ടെന്നാണു മലയാളിയുടെ മനസിൽ കയറിക്കൂടിയത്.

ഷാംപൂ പരസ്യങ്ങളിൽ കാണുന്ന നീളൻ മുടിയുള്ള സുന്ദരികളായിരുന്നു അന്നുവരെ പെൺപിള്ളേരുടെ മുടിസങ്കൽപങ്ങളിൽ മുന്നിൽ നിന്നിരുന്നത്. ചുരുണ്ട മുടിയുള്ള പലരും സ്ട്രെയിറ്റൻ ചെയ്യാൻ പാർലറുകളിൽ കയറിയിറങ്ങുന്ന ആ കാലത്താണ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം റിമ കല്ലിങ്കൽ ചുരുളൻ മുടിയുമായി ആത്മവിശ്വാസത്തോടെ കടന്നുവന്നത്. റിതുവിൽ തുടങ്ങിയ ആ 'കേളീഹെയർസ്റ്റൈൽ' സുന്ദരി വളരെ പെട്ടെന്നാണു മലയാളിയുടെ മനസിൽ കയറിക്കൂടിയത്. റിമയെ കണ്ടതോടെ പല പെൺകുട്ടികളും നീളൻ മുടി ചുരുട്ടാൻ പോയിട്ടുണ്ടെന്നതും ചില കഥകൾ.

പാർവതി

അന്നുവരെ മുടിനീട്ടിവളർത്തിയിരുന്ന പെൺകുട്ടികൾ സേറയെ കണ്ടതോടെ അതുപോലെ മുടി ബോയ്കട്ട് ചെയ്യാൻ തുടങ്ങി.

ഇന്നത്തെ യുവാക്കളുടെ മോസ്റ്റ് സ്റ്റൈലിഷ് മലയാളം താരം ആരാണെന്നു ചോദിച്ചാൽ കൂടുതൽപേരും പറയുന്നതു നടി പാർവതിയെയാകും. വിനോദയാത്രയിലൂടെ രശ്മിയായി വന്ന പാര്‍വതി ബാംഗളൂർ ഡേയ്സിലൂടെ സാറയായി മാറിയപ്പോൾ പ്രേക്ഷകർപ്പോലും അമ്പരന്നു ഇതെന്തൊരു മാറ്റമെന്ന്. മലയാളിയുടെ മുടി സങ്കൽപ്പത്തിനൊരു മാറ്റമുണ്ടായതു പാർവതിയിലൂടെയാണെന്നു പറഞ്ഞാലും തെറ്റില്ല. അന്നുവരെ മുടിനീട്ടിവളർത്തിയിരുന്ന പെൺകുട്ടികൾ സേറയെ കണ്ടതോടെ അതുപോലെ മുടി ബോയ്കട്ട് ചെയ്യാൻ തുടങ്ങി. ആണിനു മാത്രമല്ല ഞങ്ങൾ െപണ്ണുങ്ങളും ബോയ്കട്ട് അടിക്കും എന്നു ധൈര്യത്തോടെ പറയാനും അവർ റെഡിയായി.

ദീപ്തി സതി

കൂൾ ആണ് ഒപ്പം മെയിന്റെയിൻ ചെയ്യാനും ഈസി എന്നാണു നീന സ്റ്റൈലിനെക്കുറിച്ചു പുതുതലമുറയ്ക്കു പറയാനുള്ളത്.

ഏറ്റവുമൊടുവിൽ ക്യാംപസുകളെ കിടിലം കൊള്ളിച്ചത് നീന സിനിമയിലെ ദീപ്തി സതിയായിരുന്നു. മുടി ഒരുവശത്തേക്കു വീഴുംവിധത്തിലുള്ള ദീപ്തിയുടെ ഹെയർ സ്റ്റൈൽ ഞൊടിയിടയിലാണ് യുവതികളുടെ പ്രിയപ്പെട്ട ഹെയർ സ്റ്റൈൽ ആയി മാറിയത്. കൂൾ ആണ് ഒപ്പം മെയിന്റെയിൻ ചെയ്യാനും ഈസി എന്നാണു നീന സ്റ്റൈലിനെക്കുറിച്ചു പുതുതലമുറയ്ക്കു പറയാനുള്ളത്.