മലകളും സമതലങ്ങളും നിറഞ്ഞതാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍. ഇംഫാല്‍ താഴ്‌വരകളിലും സമതലങ്ങളിലും മയ്ത്തീസ് എന്നു വിളിക്കുന്ന മണിപ്പൂരികളും പര്‍വതമേഖലകളില്‍ നാഗാ, കുക്കി ഗോത്രങ്ങളും താമസിക്കുന്നു. വിവിധ സംസ്‌കാരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ നാട് കലാപങ്ങളുടെ ഭൂമികൂടിയാണ്. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തില്‍ പ്രതിഷേധിച്ച് നാഗാ ഗോത്രങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരേ ശക്തമായ നിലപാടെടുക്കുമെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ സവിശേഷതകളിലൊന്ന്.
ഇറോം ചാനു ശര്‍മിളയെപ്പോലെ കരുത്തരായ സ്ത്രീകളുടെ നാട് കൂടിയാണ് മണിപ്പൂര്‍. സൂര്യന്‍ താഴുമ്പോഴേക്കും വിജനമായ ഗ്രാമങ്ങളും നഗരങ്ങളും പുറത്തു നിന്നെത്തുന്നവരെ ഭയപ്പെടുത്തും. ബോംബ് സ്‌ഫോടനങ്ങള്‍ പതിവ്. പ്രതികൂല സാഹചര്യത്തിലും ആരും ആദരിക്കും മണിപ്പൂര്‍ സ്ത്രീകളുടെ അതിജീവനത്തിനായുള്ള ശ്രമങ്ങള്‍.
ഇംഫാലിലെ അമ്മ മാര്‍ക്കറ്റ് ഏഷ്യയിലെ ഏറ്റവും വലിയ വനിതാ മാര്‍ക്കറ്റാണ്. ആയിരക്കണക്കിന് സ്ത്രീകള്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ഇംഫാലിലെ വനിതാ മാര്‍ക്കറ്റില്‍ എത്തുന്നു. കിലോമീറ്ററുകള്‍ നടന്ന് ഗ്രാമപ്രദേശങ്ങളില്‍ അവര്‍ വിളയിച്ചെടുത്ത മൂന്നോ നാലോ കിലോ പച്ചക്കറികളുമായിട്ടായിരിക്കും ഈ വരവ്. രാവിലെ എട്ടുമണിയോടെ കച്ചവടം അവസാനിപ്പിച്ച് അവര്‍ മടങ്ങുന്നു.
പാട്ടും നൃത്തവും മണിപ്പൂരിന്റെ ജീവനാഡിയാണ്. ഒപ്പം പന്തു കളിയും. ഫനക്കും ഇന്നാഫിയുമാണ് മണിപ്പൂരി സ്ത്രീകളുടെ പരമ്പരാഗത വസ്ത്രം. ഷോളുപോലെയും സാരിപോലെയും പുതയ്ക്കാവുന്ന തുണിയാണ് ഇന്നാഫി. ഫനാക്ക് ചുറ്റിക്കെട്ടുന്ന സ്‌കേര്‍ട്ടും. ദോത്തിയും കുര്‍ത്തപോലുള്ള വസ്ത്രവുമാണ് പുരുഷന്‍മാരുടേത്.
ഖാമന് ചപ്റ്റ എന്നാണ് ദോത്തിയുടെ പേര്. ഒപ്പം തലേക്കെട്ടും. സ്ത്രീകള്‍ ഇപ്പോഴും പരമ്പരഗാതവസ്ത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും പുരുഷന്‍മാര്‍ വിശേഷ അവസരങ്ങളിലേക്ക് ഇത് മാറ്റിവയ്ക്കുന്നു.
അരി കൊണ്ടുള്ള ചോറും ശുദ്ധജല മല്‍സ്യങ്ങളുമാണ് മണിപ്പൂരികളുടെ പ്രധാന ആഹാരം.