പെണ്‍കുട്ടികളുടെ ജീന്‍സും പ്രിന്‍സിപ്പലിന്റെ ബുദ്ധിയും

Representative Image

ചിലര്‍ അങ്ങനെയാണ്, അധ്യാപകരാണെങ്കിലും വെച്ചു പുലര്‍ത്തുന്നത് ലോകത്തെങ്ങും കേട്ടിട്ടില്ലാത്ത തിയറികളായിരിക്കും. അത് എത്രമാത്രം അബദ്ധജടിലമാണെന്നതൊന്നും അവര്‍ക്ക് വിഷയമല്ല. അങ്ങനെ കുറിച്ച് തിയറികളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് മുംബൈയിലെ ബാന്ധ്രയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പോളിടെക്‌നിക് കൊളേജിലെ വനിതാ പ്രിന്‍സിപ്പല്‍.

പെണ്‍കുട്ടികള്‍ ജീന്‍സ്, ഷര്‍ട്ട് മുതലായ ഡ്രസിടുന്നതൊന്നും ഇവര്‍ക്ക് ഇഷ്ടമല്ല. അതിനുള്ള ന്യായീകരണങ്ങള്‍ കേള്‍ക്കണ്ടേ...ആണ്‍കുട്ടികളുടേതിന് സമാനമായ ഡ്രസ് ധരിക്കുന്ന പെണ്‍കുട്ടികള്‍ അവരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയേക്കും. ഒരു ജെന്‍ഡര്‍ റിവേഴ്‌സല്‍ പ്രക്രിയ അവരില്‍ നടക്കും. ഇതുകാരണം പ്രത്യുല്‍പ്പാദനസാധ്യതയ്ക്കു വരെ മങ്ങലേല്‍ക്കും. 

അതുകൊണ്ടാണ് പല പെണ്‍കുട്ടികളിലും വളരെ നേരത്തെ തന്നെ പിസിഒഡി (പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസസ്) മുതലായ രോഗാവസ്ഥകള്‍ കണ്ടുവരുന്നത്-പോളിടെക്‌നിക് പ്രിന്‍സിപ്പലായ സ്വാതി ദേശ്പാണ്ഡെയുടെ ആശയമാണിത്.

ഡോക്ടര്‍മാര്‍ പോലും ഇതുകേട്ട് മൂക്കത്ത് കൈവെച്ചുപോയെന്നാണ് സംസാരം. തന്റെ കൊളേജിലെ പെണ്‍കുട്ടികള്‍ക്ക് ഇതുകാരണം പുതിയ യൂണിഫോം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. നിലവില്‍ വൈറ്റ് ഷര്‍ട്ടും ബ്ലാക് ട്രൗസറുകളുമാണ് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും യൂണിഫോം. ഇനി മുതല്‍ പെണ്‍കുട്ടികള്‍ സല്‍വാര്‍ കമീസ് ആക്കാനാണ് പ്രിന്‍സിപ്പലിന്റെ പദ്ധതി. 

ഇതുകൂടി കേട്ടോളൂ...കൊളെജ് കാന്റീനിലും നടത്തി സ്വാതി ദേശ്പാണ്ഡെ ഒരു ഒന്നൊന്നര പരിഷ്‌കാരം. ഇതുവരെ മിക്‌സഡ് ആയിരുന്ന  കാന്റീനില്‍ പുതിയ വിഭജനം വന്നിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ചാണ് ഭക്ഷണം നല്‍കുന്നതെന്നത്രെ. ലിംഗസമത്വത്തെക്കുറിച്ച് ഇതുപോലുള്ള ബോധം വെച്ചുപുലര്‍ത്തുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കുമ്പോള്‍ അവിടങ്ങളിലെ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ.