വാക്ചാതുര്യം കൊണ്ടു പ്രേക്ഷകരെ കയ്യിലെടുത്തു വിജയം കണ്ട താരമാണ് റിമി ടോമി. അപ്പോൾ ആ റിമിക്കൊപ്പം അതുപോലെതന്നെ വാക്കുകളെ അമ്മാനമാടുന്ന രണ്ട് അതിഥികൾ കൂടിയെത്തിയാലോ? അതായിരുന്നു കഴിഞ്ഞ ഒന്നും ഒന്നും മൂന്നിലെ എപ്പിസോഡ്. പൂഞ്ഞാർ എംഎൽഎയായ പിസി ജോർജും രാഹുൽ ഈശ്വറും കൂടി ഒത്തുചേർന്നപ്പോൾ അതൊരു ആഘോഷ വേദിയായി മാറുകയായിരുന്നു.
പാട്ടും സിനിമയും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്ത വേദിക്കാണ് പിന്നീടു സദസ് സാക്ഷ്യം വഹിച്ചത്. റിമിയുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരിയായി ഇരുവരും മറുപടി പറഞ്ഞു. നർമം കലർന്ന രസകരമായ ചോദ്യങ്ങൾ പലതും പൊട്ടിച്ചിരിയിലാണ് അവസാനിച്ചത്. പിസിയെയും രാഹുലിനെയും ഒരുമിച്ച് അറസ്റ്റ് ചെയ്തിട്ടുള്ള കഥയും ഇരുവരും പങ്കുവച്ചു. ഒടുവിൽ സമകാലികമായൊരു ചോദ്യവും റിമി ഇരുവർക്കും മുമ്പിൽ അവതരിപ്പിച്ചു. കേരളത്തിലെ മദ്യനിരോധനത്തെക്കുറിച്ചായിരുന്നു അത്.
മദ്യനിരോധനത്തോട് അനുകൂലിക്കുന്നുവോ അതോ പ്രതികൂലിക്കുന്നുവോ എന്നായിരുന്നു റിമിയുടെ ചോദ്യം. രാഹുൽ ഈശ്വർ അനുകൂലിക്കുന്നുവെന്നും മദ്യത്തിനു നിയന്ത്രണം ആവശ്യമാണെന്നും പറഞ്ഞപ്പോൾ പിസി ജോർജ് മദ്യനിരോധനം എന്ന വാദത്തെ താൻ എതിർക്കുകയാണെന്ന് പറഞ്ഞു. പിസിയുടെ അഭിപ്രായത്തിൽ മദ്യനിരോധനം വൻ അബദ്ധമാണ്. യുവതലമുറ കഞ്ചാവു പോലുള്ള ലഹരി വസ്തുക്കളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നതിന്റെ പ്രധാന കാരണം മദ്യനിരോധനം ആണെന്നാണ് പിസി പറയുന്നത്.