ഇത്തിരി ശ്വാസംമുട്ടിയാലെന്താ, താരത്തിന്റെ സ്പെഷൽ പരിഗണന കിട്ടിയില്ലേ!

ടെന്നീസ് കോർട്ടിലെ തിളങ്ങും താരമാണ് റോജർ ഫെഡറര്‍. കളിക്കളത്തിൽ ഇന്നും എന്നും ഫെഡററിന്റെ സ്ഥാനം മുന്നിൽ തന്നെയാണ്. ടെന്നീസിലെ പ്രതിഭാശാലി മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് ഫെഡറർ ഇപ്പോൾ. വിജയത്തിളക്കങ്ങൾക്കിടയിലും കുട്ടികൾക്കു മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നയാളാണ് ഫെഡറർ. ചൊവ്വാഴ്ച്ചത്തെ മിന്നുന്ന പ്രകടനത്തിനൊടുവില്‍ ആരാധകർക്കായി ഓട്ടോഗ്രാഫ് നൽകുന്നതിനിടെയാണ് റോജർ ഫെഡററിന്റെ മനുഷ്യത്വം തെളിയിക്കുന്ന സംഭവം ഉണ്ടായത്.

തിക്കിയും തിരക്കിയും ഓട്ടോഗ്രാഫിനായി മുറവിളി കൂട്ടുകയാണ് ആരാധകർ. ക്ഷമാശീലനായി ഓരോരുത്തർക്കും ഓട്ടോഗ്രാഫ് നൽകുന്നതിനിടയിലാണ് തിരക്കിനിടയിൽ കിടന്നമരുന്ന ഒരു കൊച്ചു ആൺകുട്ടി ഫെഡററു‌ടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഓട്ടോഗ്രാഫ് സെഷൻ അവസാനിപ്പിക്കാൻ പറയുകയും കുട്ടിയെ തിരക്കിൽ നിന്നും പുറത്തെടുക്കാനും പറഞ്ഞു. കരയുകയായിരുന്ന ആൺകുട്ടിയെ ആശ്വസിപ്പിച്ച് അവന്റെ ടെന്നീസ് ബോളിലും തൊപ്പിയിലും താരം ഓട്ടോഗ്രാഫ് നൽകി.

പയ്യനാണെങ്കില്‍ സ്വർഗം കിട്ടിയ സന്തോഷം, ഇത്തിരി തിരക്കു കൊണ്ടാലെന്താ ആരാധനാ പാത്രത്തെ തൊട്ടടുത്തു കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും പറ്റിയല്ലോ. മുപ്പത്തിനാലുകാരനായ ഫെഡറർക്ക് ലിയോ, ലെന്നീ എന്നീ രണ്ടു ഇരട്ട ആൺകുട്ടികളും മൈലാ റോസ്, ചാർലിൻ റിവ എന്നീ ഇരട്ട പെൺമക്കളുമാണ് ഉള്ളത്. അഞ്ചുതവണ കിരീടമണിഞ്ഞ് യുഎസ് ഓപ്പണിൽ സെമി ഫൈനൽ വരെയെത്തിയ ഇൗ സ്വിസ് മാസ്റ്ററുടെ ലക്ഷ്യം ആറാംകിരീ‌ടമാണ്.