ആഹാ നല്ല സ്റ്റൈലിഷ് ആയിട്ടുണ്ടല്ലേ എന്ന് ഒരാളെ കണ്ടു നാം പറയണമെങ്കിൽ കക്ഷി ഒരൽപം ഫാഷനബിൾ ആയിരിക്കണം അല്ലേ. സ്റ്റൈലിഷ് ലുക്കിനായി സാരിയെയും ചുരിദാറിനെയും കുർത്തയെയുമൊക്കെ പലരും പാടേ മറന്നു. പക്ഷേ ഒന്നുണ്ട് നാം സ്റ്റൈലിഷ് ആകാനായി പരീക്ഷിക്കുന്നവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാവുകയാണ് ചെയ്യുന്നത്. യാത്രയിലും ഔട്ടിങ്ങിനുമൊക്കെ സുഖമെന്നു തോന്നുന്ന സ്കിന്നി ജീൻസും കിടിലന്‍ ബാഗുകളുമൊക്കെ ഗുണത്തേക്കാളേറെ ദേഷം ചെയ്യുന്നുവെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.
തണുപ്പിൽ നിന്നും മുക്തി നേടുന്നതിനൊപ്പം കൂള്‍ ലുക്കിനു വേണ്ടി രോമക്കുപ്പായങ്ങളും ഭാരമേറിയ ജാക്കറ്റുകളും ഹൂഡ്സുെമാക്കെ ധരിക്കുന്നവരുണ്ട്. ഇതു ചുമലിന് കൂടുതൽ സമ്മർദ്ദം നൽകുകയാണ് ചെയ്യുന്നത്. അതുപോലെ മനോഹരമായ നെക്ലസുകൾ കണ്ടാൽ കണ്ണഞ്ചിപ്പോവാത്ത പെൺമണികളില്ല. എന്നാൽ ശ്രദ്ധിച്ചോളൂ, ഭാരം കൂടിയ ഡിസൈനുകൾ പലതും നിങ്ങളുടെ കഴുത്തിനും സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
മൂന്നിലൊന്നു ശതമാനം സ്ത്രീകള്‍ക്കും പുറംവേദന വരുന്നതിന്റെ പ്രധാന ഘടകം അവർ ധരിക്കുന്ന വസ്ത്രങ്ങളോ ഹീൽ കൂടിയ ചെരിപ്പുകളോ ഒക്കെയാണത്രേ. ഫാഷനബിൾ വാര്‍ഡ്രോബ് ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങളെക്കുറിച്ച് പലരും തിരിച്ചറിയുന്നില്ല. അമിത ഭാരമുള്ള ഹാൻഡ്ബാഗുകളും ഫാഷൻ പ്രേമികളുടെ പ്രിയപ്പെട്ടതാണ്. പക്ഷേ ഇത് ഷോള്‍ഡറുകളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. മറു ഷോൾഡറിനെ അപേക്ഷിച്ച് ബാഗ് ധരിച്ചിരിക്കുന്ന ഷോൾഡർ താഴ്ന്നിരിക്കും.
ജീൻസുകളിൽ സ്കിന്നി ജീൻസിേലക്കാണ് ആദ്യം കണ്ണുചെന്നെത്തുക. ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന സ്കിന്നി ജീന്‍സുകൾ ഒരിക്കലും ഒരസ്വസ്ഥതയുണ്ടാക്കില്ലെന്നതും ചലന സ്വാതന്ത്രം നൽകുന്നതുമൊക്കെയാണ് അവയെ പ്രിയമാക്കി നിർത്തുന്നത്. എന്നാൽ, ഇവ ധരിക്കുന്നതോടെ ശരീരത്തിന്റെ രക്തചംക്രമണം കുറയുകയാണ് ചെയ്യുന്നത്. ഹൈഹീൽ ചെരിപ്പുകൾ ധരിക്കുന്നവരിലെ പുറംവേദനയും കാൽമുട്ടുവേദനും പണ്ടുതൊട്ടേ കേട്ടുതഴമ്പിച്ച കഥകളാണ്.
എന്നുകരുതി നിങ്ങളുടെ ഫാഷൻ ഉപേക്ഷിക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഫാഷൻ ഫോളോ ചെയ്യുന്നതിനൊപ്പം തന്നെ അതിലൊരു തുല്യഭാവം കൊണ്ടുവരാനും ശ്രദ്ധിച്ചാൽ മതി. ആരോഗ്യത്തിനു നാശം വരുത്തുന്ന ഫാഷൻ സ്ഥിരമാക്കാതെ ഇടവേളകളെടുത്ത് ഉപയോഗിക്കാം. അല്ലാത്തപക്ഷം ശരീരം കൂടുതൽ സമ്മർദ്ദത്തിലായേക്കാം.