കാൻസർ ബാധിതനായ കുഞ്ഞിന് അച്ഛനെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അമ്മ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്. ഭർത്താവ് തങ്ങളെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയെന്നും കുഞ്ഞിന് അസുഖം ഗുരുതരാവസ്ഥയിലാണെന്നും വ്യക്തമാക്കിയ കുറിപ്പ് വലിയ വാര്‍ത്തയുമായി. അവൻ അവസാനമായി പറഞ്ഞ ആഗ്രഹം അച്ഛനെ കാണണമെന്നാണ് എന്നു പറഞ്ഞായിരുന്നു കുറിപ്പ്.
എന്നാൽ, താനും മകനും കുട്ടിയുടെ അച്ഛനെ കാണാൻ പോയെന്നും അവിടെയെത്തിയപ്പോൾ ഭർത്താവിന്റെ കാമുകി തന്നേയും കുട്ടിയേയും പൊതിരെ തല്ലിയെന്നും ഭർത്താവ് അനീഷ് ഇതെല്ലാം നോക്കിനിന്നുവെന്നും മോനിഷ എന്ന യുവതി ആരോപിക്കുന്നു. ഫെയ്സ്ബുക്കിലൂടയൊണ് മോനിഷ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്.
മോനിഷയുടെ കുറിപ്പ് വായിക്കാം:
നീ ഒരു അച്ഛനാണോ അനീഷേ ...?
അല്ലാ എന്ന് നീ ഇന്നലെ തെളിയിച്ചു, നിന്നെ ഒന്ന് കാണണം എന്ന മകന്റെ ആഗ്രഹം കൊണ്ടാണ്, നാണം കേട്ടിട്ടാണെങ്കില്പോലും നീയും നിന്റെ കാമുകിയിലും താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് ഖാദി ബോർഡ് എന്ന സ്ഥലത്തു കാണാൻ വന്നത്. അനീഷേ.... അവനെ നിനക്കു മോനെ എന്നൊന്ന് വിളിച്ചൂടെ. രാത്രി പത്തുമണിക്ക് മഴയും നനഞ്ഞു നിന്റെ കാമുകിയുടെ വീട്ടിൽ നിന്നെ കാണാനെത്തിയത് നീ അവന്റെ അച്ഛനായതുകൊണ്ട് മാത്രമാണ്. പക്ഷെ നീയും നിന്റെ കാമുകിയും എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തത് ക്രൂരതയായിപ്പോയി. ദൈവം നിനക്കു ഒരിക്കലും മാപ്പുതരില്ല.
കാരണം, നിന്നെ കാണാൻ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവൾ നിന്റെ മുന്നിലിട്ട് ഞങ്ങളെ തല്ലി. ഞങ്ങളെ സംരക്ഷിക്കേണ്ട നീ അവൾക്കൊപ്പം നിന്നു. നീയും നിന്റെ കാമുകി ശോഭയും ഒരുമിച്ച് ജീവിക്കുന്നത് തടയാൻ വേണ്ടി വന്നതല്ല ഞങ്ങളവിടെ. നിന്നെയൊന്നു കാണണമെന്നുള്ള നിന്റെ മകന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി മാത്രം വന്നതാണ്. നീയും അവളുംകൂടി എന്നെ തല്ലുകയോ, എന്തുവേണമെങ്കിലും ചെയ്തോളൂ.... ആരും ഒന്നും ചോദിച്ചുവരില്ല. കാരണം, നിനക്കുവേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു നിന്റെ ഒപ്പം വന്നവളാണ് ഞാൻ. ഇന്നെനിക്ക് കരയാനല്ലാതെ മറ്റൊന്നും അറിയില്ല.
പിന്നെ ശോഭയോട് ഒരു കാര്യം, അനീഷെന്നെ തല്ലിയാലും ഉപേക്ഷിച്ചാലും അവനെന്റെ ഭർത്താവാണ്. ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്നാലും അവനെ മറക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ആർക്കും ഒരു ശല്യമായി മാറാൻ ഇനി താല്പര്യം ഇല്ല. ശോഭേ നീ ഒന്ന് മറക്കരുത്, നീയും ഞാനും ഒരു സ്ത്രീയാണ്. കുടുംബബന്ധങ്ങളുടെ വില നിനക്കറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം. കാരണം, നീ ഒരാൾ കാരണം ഞങ്ങളുടെ കുടുംബമാണ് നശിച്ചുപോയത് ഞാനും എന്റെ കാൻസർ ബാധിച്ച കുഞ്ഞും തെരുവിലാണ് അന്തിയുറങ്ങുന്നത്. ‘‘അച്ഛനെവിടെ’’ എന്ന് എന്റെ മകൻ ചോദിക്കുന്നതുപോലെ നിന്നോടും നിന്റെ എട്ടുവയസ്സ് പ്രായമുള്ള മകൾ ഒരിക്കൽ ചോദിക്കും ‘‘ആ കുഞ്ഞിന്റെ അച്ഛൻ എവിടെയെന്ന്’’.
നിന്റെ പരപുരുഷ ബന്ധം കാരണം നിന്റെ ഭർത്താവ് നിന്നെ ഉപേക്ഷിച്ചു. എന്നിട്ടും എന്തിനാണ് നീ മറ്റൊരു കുടുംബംകൂടി തകർത്തത് ?.. അനീഷ് സമ്പാദിക്കുന്ന പണം നീ എടുത്തോ.. എനിക്ക് കുഴപ്പമില്ല. നീ ഒന്ന് ഓർക്കണം.. എന്റെ മകൻ കുറെ മാസങ്ങളോളം പൊതു ടാപ്പിലെ വെള്ളംകുടിച്ചാണ് വിശപ്പകറ്റിയത്. ഇന്ന് അനീഷ് തിരുവനന്തപുരം പാപ്പനംകോട് KSRTC ഡിപ്പോയിലെ മെക്കാനിക് ആണ്. ആ ജോലി എങ്ങനെ കിട്ടി എന്ന് അറിയാമോ നിനക്ക്?. എന്റെ ജീവിതമാണ് ആ ജോലി.
നഷ്ടങ്ങളെ കുറിച്ച് ഞാൻ ഓർക്കുന്നില്ല.. എന്നിരുന്നാലും സത്യം എല്ലാവരും അറിഞ്ഞിരിക്കണം.
ഡീ.. ഒരിക്കൽ എന്റെ ഭർത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞു നീ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം KSRTC ഡിപ്പോയിൽ ഞാൻ വന്നത് നീ ഓർക്കുന്നുണ്ടോ? അന്ന് എന്റെ കഴുത്തിൽ കിടന്ന താലി എല്ലാവരുടെയും മുന്നിൽ വച്ച് നീ പൊട്ടിച്ചെടുത്തു, എന്നെ തല്ലി.. ഞാനിന്ന് വിധവയാണ്.. ഭർത്താവ് ജീവിച്ചിരിക്കുന്ന വിധവ..
അനീഷേ... ആ കുഞ്ഞ് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവന്റെ ആരോഗ്യസ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ കരളിന്റെ പകുതിയും, രണ്ടു വൃക്കകളും 60% നു മുകളിൽ പ്രവർത്തന രഹിതമായി.
അവന്റെ ചികിത്സാച്ചിലവും ഓപ്പറേഷന്റെ പണവും എന്റെ വൃക്ക നൽകുന്നതിന്റെ ഓപ്പറേഷന്റെ പണവും മരുന്നിന്റെ ചിലവും ഒന്നും എന്നെക്കൊണ്ട് താങ്ങാൻ പറ്റുന്നില്ല. ഞാൻ നിന്റെയും കാമുകിയുടെയും തല്ലുകൊണ്ടിട്ടാണെൽ പോലും എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. പക്ഷെ ഒരു കാര്യം, ഇന്നലെവരെ എനിക്കെന്തു സംഭവിച്ചാലും ചോദിയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഈ സമൂഹം എന്നോടൊപ്പമുണ്ട്. ‘‘പുരുഷവർഗത്തിന് നാണക്കേടാണ് നീ, അച്ഛനെന്ന വിശേഷണം നിനക്ക് യോജിക്കില്ല. എനിയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും നീ ഞങ്ങളെ കാണാൻ വരരുത്. അപേക്ഷയായി കൂട്ടണം’’.
(എന്റെ അവസ്ഥയും സങ്കടവും പറയാൻ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതിയിടുന്നത്)
Read more : ഈ മകന്റെ അവസാന ആഗ്രഹം സാധിക്കാൻ ഒന്നു വരാമോ അച്ഛാ...