കീമോ വാർഡിലാണെങ്കിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ജന്മദിനം ഇതായിരിക്കുമെന്നു നന്ദു മഹാദേവ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദു തന്റെ സന്തോഷം തുറന്നുപറഞ്ഞത്. കാൻസർ ബാധിച്ചപ്പോഴും പിന്നീട് ഇടത്തെ കാൽ മുറിച്ച് മാറ്റിയപ്പൊഴും നന്ദു തളർന്നില്ല. ഇല്ലായ്മകളോർത്തു സങ്കടപ്പെടുന്നവർക്കു പ്രചോദനം നൽകാനാണ് നന്ദു ശ്രമിച്ചത്.
ഭൂമിയിൽ കാൽവർഷം പിന്നിട്ടതിന്റെ സന്തോഷവും സ്നേഹിക്കാൻ ഒരുപാടു പേർ കൂടെയുള്ളതും നന്ദുവിനെ സന്തോഷിപ്പിക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നു. കാൻസറിനെ ജലദോഷം വന്ന ലാഘവത്തോടെയാണ് കാണുന്നുവെന്നു പറഞ്ഞു ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തിൽ പോരാടുന്ന നന്ദുവിനെ ജീവിതം പലപ്പോഴായി വാര്‍ത്തകളിൽ നിറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കാൽലക്ഷത്തോളം പേരാണ് നന്ദുവിനെ പിൻതുടരുന്നത്.
ജീവിതത്തിൽ ദുഃഖം വരുമ്പോള്‍ തന്റെ മുഖം ഓർക്കാൻ അവശ്യപ്പെടുന്ന നന്ദു നിങ്ങളുടെ പ്രാർത്ഥനയേക്കാൾ ശക്തിയൊന്നും കീമോയ്ക്കില്ലെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് വായിക്കാം;
നാളെ പിറന്നാൾ ആണ്..
കീമോ വാർഡിൽ കിടന്നാണ് അത് ആഘോഷിക്കുന്നതെങ്കിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പിറന്നാൾ ആണ്..
സ്നേഹിക്കാൻ ഒരുപാട് പേർ കൂടെയുള്ള പിറന്നാൾ !!
മനോഹരമായ ഈ ഭൂമിയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
നമ്മളൊക്കെ എത്ര ഭാഗ്യവന്മാരാണ്...
നിങ്ങൾക്കൊക്കെ എന്തേലും ദുഃഖം വരുമ്പോൾ എന്റെ മുഖം മനസ്സിൽ ഓർക്കണം..
ഞാൻ എത്ര സന്തോഷവാനാണ്..
പിന്നെ നിങ്ങൾക്ക് സന്തോഷിച്ചാൽ എന്താ !!
NB : ഈ കീമോയോട് കൂടി നാടകത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുകയാണ് !!
അല്ലേലും എന്റെ പ്രിയപ്പെട്ട നിങ്ങളുടെ പ്രാർത്ഥനനയെക്കാൾ ശക്തിയൊന്നും കീമോയ്ക്കില്ല.