ശബരിമല സന്ദർശനത്തിനൊരുങ്ങി; സൂര്യയുടെ ജോലി പോയി

ശബരിമല സന്ദർശനത്തിനൊരുങ്ങിയതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ച യുവതിയെ ജോലിയിൽ‍നിന്നു പിരിച്ചുവിട്ടു. സൂര്യ ദേവാർച്ചന എന്ന യുവതിയ്ക്കാണ് കോഴിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായത്.

‘‘താൽക്കാലികമായി ജോലി നഷ്ടപ്പെട്ടതുകൊണ്ടു മാറിനിൽക്കുന്നു. ഫോൺ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉടനെ തിരിച്ചു വരും.’’– സൂര്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

യുവതികളെ ശബരിമല സന്ദർശനത്തിൽനിന്നു തടയാനാവില്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്രതമെടുത്ത് മല കയറുമെന്ന് സൂര്യ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

സര്‍ക്കാരിൽ പ്രതീക്ഷയുണ്ടെന്നും സുരക്ഷ ലഭിക്കുമെന്നു കരുതുന്നതായും അവർ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇതോടെ യുവതിക്കെതിരെ ശക്തമായ സൈബർ ആക്രമണമുണ്ടായി. ഇതിനു പിന്നാലെയാണ് താൽകാലികമായി ജോലി നഷ്ടപ്പെട്ടുവെന്ന വിവരം സമൂഹമാധ്യമത്തിലൂടെ യുവതി പങ്കുവെച്ചത്.

സൂര്യ ദേവാർച്ചന ശബരിമലയിൽ സന്ദർശനത്തെക്കുറിച്ച്  എഴുതിയതിങ്ങനെ:

തത്വമസി.

നിലനിൽക്കുന്ന സാഹചര്യത്തിൽ വ്രതം നോറ്റ് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവർ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയന്നു നിൽക്കുന്നു. മാലയിടാൻ കാത്തു നിൽക്കുന്നവർ രേഷ് മേച്ചിക്ക് Reshma Nishanth നേരിട്ട ദുരനുഭവത്തെ ഭയത്തോടു 

നോക്കിക്കാണുന്നു. നിലവിൽ മാലയിടാൻ തയ്യാറായ സ്ത്രീകൾക്ക് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും വിലക്കേർപ്പെടുന്നു.എന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഞാൻ മലയ്ക്കു പോയിട്ടുള്ളതാണ്.

ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാൻ വിശ്വക്കുന്നു. അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തിൽ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളർത്തമ്മയുടെ അസുഖം മാറാൻ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം 

ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാൻ കഴിയുക? സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി.പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാൻ തീരുമാനിച്ചു. ഗവൺമെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയിൽ ചെന്ന് അയ്യപ്പദർശനം സാധ്യമാകുമെന്നും കരുതുന്നു.