ഫലിതം നമ്പൂതിരിമാർക്ക് ജന്മസിദ്ധമെന്നൊരു ചൊല്ലുണ്ട്. ആണ്ടോടാണ്ട് ‘പാട്ടവും വാരവും’ വരാനുള്ള നിലമുണ്ടാകുകയും കുളി കുറിതേവാരവുമായി കാലം കഴിച്ചുകൂട്ടുകയും ചെയ്യാനുള്ള അവസ്ഥയുള്ളതിനാലാണ് നമ്പൂതിരി ഇല്ലത്തെ പൂമുഖപ്പടിയിലിരുന്ന് ‘വെടിവട്ടം’ നടത്തുന്നതെന്ന് ഒരു മറുചൊല്ലുമുണ്ട്. അതെന്തായാലും ന്യൂജൻ നമ്പൂതിരിമാർ തുടങ്ങി വച്ച ഒരു ഫെയ്സ്ബുക് ഗ്രൂപ്പ് കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ട്രോൾ ബ്രാഹ്മിൻസ് എന്ന ഈ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടാഴ്‌ചയ്‌ക്കകം എണ്ണൂറിലധികം നമ്പൂതിരിമാരാണ് വെടിവട്ടത്തിനൊരുങ്ങി സൈബർ പൂമുഖത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നമ്പൂതിരി എന്നുവച്ചാൽ ശരാശരി കേരളീയന്റെ മനസ്സിൽ വരുന്ന ഒരു രൂപമുണ്ട്. വെള്ളമുണ്ടുടുത്ത് പൂണൂലിട്ട് ചന്ദനക്കുറി തൊട്ട് കയ്യിലൊരു വാൽക്കിണ്ടിയും പിടിച്ച് നിൽക്കുന്ന രൂപം. പക്ഷേ, സൈബറിടത്തിൽ സംഗതി നേരെ തിരിച്ചാണ്. ഫ്രീക്കൻ നമ്പൂതിരിമാർ കേറി ട്രോളോടു ട്രോൾ ചേന്നുള്ള കോമഡിയുടെ വേളിയാർപ്പാണ് ട്രോൾ ബ്രാഹ്മിൻ എന്ന ഗ്രൂപ്പിൽ!
നമ്പൂതിരിമാർക്കിടയിലെ ചില പ്രത്യേക ആചാരങ്ങളെക്കുറിച്ചും ക്ഷേത്രച്ചടങ്ങുകളെക്കുറിച്ചും വലിയ ധാരണയില്ലാത്ത ഒരാൾ ഈ ഗ്രൂപ്പിൽ വരുന്ന ട്രോൾ കണ്ടാൽ തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിനെപ്പോലെ വാ പൊളിച്ചു നിൽക്കും. അതാണീ ഗ്രൂപ്പിന്‌റെ പ്രത്യേകതയും. കേരളത്തിലെ നമ്പൂതിരിമാരിൽ വലിയൊരു വിഭാഗം ക്ഷേത്രത്തിലെ ശാന്തി ജോലി ചെയ്‌താണ് കഴിയുന്നത്. ശാന്തിക്കാരുടെ മുഖ്യപ്രശ്‌നം ഒരവധിയും എടുക്കാനാവില്ല എതാണ്. മഴയായാലും മഞ്ഞായാലും ക്ഷേത്രം തുറക്കുക തന്നെ വേണമല്ലോ. വല്ലയിടത്തും പോകണമെങ്കിൽ പകരം ഒരാളെ ഏൽപ്പിക്കണം. ഇതും ശാന്തിക്കാരന്‌റെ ഉത്തരവാദിത്വം തന്നെ. വല്ലയിടത്തും പോകണമെങ്കിൽ ശാന്തിക്കാരൻ അക്കരെയക്കരെയക്കരെ സിനിമയിലെ വിജയനായി കെഞ്ചണം. പകരം വരാൻ നിൽക്കുന്ന ദാസൻമാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണേയ്!
മിക്ക ശ്രീകോവിലുകളും ചെറുതായിരിക്കും. ദീപാരാധനയ്‌ക്ക് ശ്രീകോവിലടച്ച് അതിനകത്തെ ദീപങ്ങൾ മുഴുവൻ ശാന്തിക്കാരൻ കൊളുത്തണം. നടതുറക്കാറാകുമ്പോഴേക്കും വിയർത്ത് ഒരു പരുവമായിട്ടുണ്ടാകും. ‘അമ്പി’യായി ചന്ദനക്കുറി തൊട്ടുകയറുന്ന ശാന്തിക്കാരൻ ‘അന്യനാ’യി തിരിച്ചിറങ്ങുന്ന ട്രോളിലൂടെയാണ് ചിലരീ അവസ്ഥ കാണിച്ചത്. അല്‌പം വലിയ ക്ഷേത്രമാണെങ്കിൽ സമയത്തിനു പ്രഭാതഭക്ഷണം കഴിക്കാൻ ശാന്തിക്കാരനു സാധിക്കണമെന്നില്ല. പലപ്പോഴും ഗണപതിഹോമപ്രസാദമാണ് ഇങ്ങനെയുള്ള അവസരത്തിൽ രക്ഷയ്‌ക്കെത്തുക. കഷ്ടിച്ച് ഒരു ചായ തിളപ്പിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം. ഇതും ട്രോളിനു പറ്റിയ വിഷയമാക്കിയിട്ടുണ്ട് ചില രസികൻമാർ.
ശാന്തിക്കാരുടെ മുഖ്യപ്രശ്‌നം വേറെയാണ്. നമ്പൂതിരി പെൺകുട്ടികളിൽ വലിയൊരു വിഭാഗം ശാന്തിക്കാർക്ക് നേരെ മുഖം തിരിച്ചു നിൽപാണ്. സമയത്തിനു കല്യാണം നടക്കാതെ ഒരു കുടുംബം എന്ന സ്വപ്‌നവും പേറി ഭക്തർക്ക് സ്വയംവരപുഷ്‌പാജ്‌ഞലി നടത്തുകയാണ് പല ക്ഷേത്രങ്ങളിലെയും ശാന്തിക്കാർ. ഈ പ്രശ്‌നത്തെ കേന്ദ്രീകരിച്ചായിരിക്കും ട്രോൾ ബ്രാഹ്മിൻ ഗ്രൂപ്പിലെ കൂടുതൽ ട്രോളും വന്നിട്ടുണ്ടാകുക. വന്ന ആലോചന ശാന്തിക്കാരന്‌റേതാണെന്നറിഞ്ഞ് അതുവരെ ‘ഗംഗ’യായി അടങ്ങിയൊതുങ്ങി നിന്ന പെൺകുട്ടി ‘നാഗവല്ലി’യായി മാറുന്നു! ശാന്തിക്കാരനെന്നു കേൾക്കുന്ന മാത്രയിൽ പെൺകുട്ടികൾ എണ്ണം പറഞ്ഞ വില്ലൻമാരായി മാറുന്നതും ചില ട്രോളുകളിലുണ്ട്.
കടുകിട ചിട്ട തെറ്റിക്കാത്ത ചില മുത്തച്ഛൻമാരെ ട്രോളാനാണ് ചിലർക്കിഷ്ടം. സദ്യയ്‌ക്ക് വറുത്തുപ്പേരി നാക്കിലയുടെ ഇടത്തുഭാഗത്തു വിളമ്പണമൊണു പറയുക. വിളമ്പി വിളമ്പി ഒരു ഫ്രീക്കൻ നമ്പൂതിരി മുത്തച്ഛന്‌റെ ഇലയിൽ അതൊരല്‌പം നടുക്കായിട്ടാണ് വിളമ്പിയത്. ശകാരിക്കുന്ന മുത്തച്ഛൻ കേൾക്കാതെ ഫ്രീക്കൻ മഹേഷിന്‌റെ പ്രതികാരത്തിലെ നായികയുടെ അമ്മയായി മാറുന്നു. ‘‘ആ ഉപ്പേരിയെടുത്ത് ഒരു അഞ്ച് സെന്‌റിമീറ്റർ ഇടത്തേക്ക് മാറ്റി വച്ചാൽ തീരുന്ന പ്രശ്‌നമേ ഇപ്പോ മുത്തച്ഛനുള്ളൂ!’’
നമ്പൂതിരി വിവാഹത്തിലെ ചടങ്ങുകൾ മണിക്കൂറുകൾ നീളും. അതിലെ ചടങ്ങുകൾക്ക് ഒട്ടേറെ മന്ത്രങ്ങൾ വരൻ ചൊല്ലേണ്ടതായിട്ടുണ്ട്. ഓതിക്കൻ (വേളിയിലെ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുയാൾ) സ്‌ഫുടമായി ചൊല്ലുതിനനുസരിച്ച് ഡബ്‌മാഷ് ചെയ്യുകയേ മന്ത്രം പഠിക്കാത്ത ന്യൂജൻ ഉണ്ണിനമ്പൂതിരിമാർക്ക് രക്ഷയുള്ളൂ! ഒരു ട്രോളിന് ഇതിൽ കൂടുതൽ എന്തു വേണം?!
മിക്ക ട്രോളുകളിലും നിറയുന്നത‌് ശാന്തിക്കാരുടെ നീറുന്ന പ്രശ്‌നങ്ങളാണ്. ഗുരുവായൂർ പൂങ്ങാട് വസുദേവാണ് ഈ ട്രോൾ ഗ്രൂപ്പിന്‌റ തന്ത്രി(അഡ്‌മിൻ) പരികർമികളായി (സഹ അഡ്മിൻ) കേരളത്തിലും വിദേശത്തുമൊക്കെയായി ജോലി ചെയ്യുന്ന നിരവധി നമ്പൂതിരിമാരുമുണ്ട്. വെറുതെ ഒരു രസത്തിന് ഒരിക്കൽ ഫെയ്സ്ബുക്കിലിട്ട‘ ഒരു ട്രോളാണ് ഈ ഗ്രൂപ്പിന്‌റെ പിറവിക്ക് നിമിത്തമായതൊണ് പൂങ്ങാട് വാസുദേവ് പറയുന്നത്. ഗ്രൂപ്പ് തുടങ്ങിയതു മുതൽ ട്രോളുകളുടെ മലർ ചൊരിയലായിരുന്നു. നമ്പൂതിരി സമുദായത്തിനകത്തെ പല ആചാരങ്ങളും ശാന്തിക്കാരുടെ പ്രശ്നങ്ങളും ക്ഷേത്രത്തിലുണ്ടാകുന്ന കൊച്ചുകൊച്ച് തമാശകളുമൊക്ക ഈ ട്രോളുകളിലൂടെ വായിച്ചെടുക്കാം.
‘മാഹീത്തെ പെമ്പിള്ളാരെ കണ്ടിക്കോ’ എന്ന സൂപ്പർഹിറ്റ് വാട്ട്സാപ് പാട്ടിന് ‘ഇല്ലത്തെ നമ്പൂരാരെ കണ്ടിക്കോ ഇങ്ങള് അമ്മാത്തെ നമ്പൂരാരെ കണ്ടിക്കോ’ എന്ന നമ്പൂതിരി പാരഡിയും ഇതിനു മുൻപ് ശ്രദ്ധേയമായിരുന്നു.